തോമസ് കുക്ക് പൂട്ടി ; 6 ലക്ഷം സഞ്ചാരികള്‍ ആശയക്കുഴപ്പത്തില്‍
ലോകത്തിലെ ഏറ്റവും പഴക്കംചെന്ന ട്രാവല്‍ ഏജന്‍സിയായ തോമസ് കുക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം പൂട്ടി. 178 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ബ്രിട്ടീഷ് കമ്പനിക്ക് ലോകത്താകമാനം ഓഫീസുകളും ആയിരക്കണക്കിന് ഉപഭോക്താക്കളുമുണ്ടായിരുന്നു.
ഓഫീസുകളുടെ പ്രവര്‍ത്തനവും വിമാന സര്‍വീസുകളും നിര്‍ത്തിയതായി കമ്പനി ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. ഇതോടെ തോമസ് കുക്കിന്റെ പാക്കേജിലൂടെ യാത്രയിലായിരുന്നവരുടെ സ്ഥിതി അനിശ്ചിതത്വത്തിലായി.
നിലവില്‍ കമ്പനിയുടെ മേല്‍നോട്ടത്തില്‍ 600,000 ആളുകള്‍ വിവിധ വിദേശ രാജ്യങ്ങളിലായി യാത്ര ചെയ്യുകയും ഹോട്ടലുകളിലും മറ്റുമായി താമസിക്കുകയും ചെയ്യുന്നുണ്ടെന്നും സര്‍ക്കാരുകളെയും ഇന്‍ഷുറന്‍സ് കമ്പനികളെയും ഏകോപിപ്പിച്ച് അവരെ നാട്ടിലെത്തിക്കാന്‍ ഊര്‍ജ്ജിത ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും യുകെ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (സിഎഎ) അറിയിച്ചു.1,50,000 ബ്രിട്ടീഷ് ഉപയോക്താക്കളെ രണ്ടാഴ്ചയ്ക്കകം തിരികെയെത്തിക്കാന്‍ വിമാനങ്ങള്‍ അയക്കും.
അതേസമയം, ഈ സംഭവ വികാസങ്ങള്‍ തോമസ് കുക്ക് (ഇന്ത്യ) കമ്പനിയെ ബാധിക്കില്ലെന്ന് തോമസ് കുക്ക് (ഇന്ത്യ) ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മാധവന്‍ മേനോന്‍ പ്രസ്താവനയില്‍ അറിയിച്ചു. 2012 ഓഗസ്റ്റില്‍ തോമസ് കുക്ക് (ഇന്ത്യ)യെ കാനഡ ആസ്ഥാനമായ ഫെയര്‍ഫാക്സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ് ഏറ്റൈടുത്തിരുന്നു. അന്നു മുതല്‍ ഇന്ത്യന്‍ കമ്പനിക്ക് തീര്‍ത്തും വ്യത്യസ്തമായ നിലനില്‍പ്പാണുള്ളതെന്ന് മാധവന്‍ മേനോന്‍ ചൂണ്ടിക്കാട്ടി. തോമസ് കുക്ക് ഇന്ത്യ ലിമിറ്റഡിന്റെ ഓഹരി വില ഇന്നു രാവിലെ തന്നെ 4.15 ശതമാനം താഴ്ന്നതോടെയാണ് പ്രസ്താവന പുറത്തുവന്നത്.
ലണ്ടന്‍ ആസ്ഥാനമായി 178 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള തോമസ് കുക്ക് കമ്പനിയില്‍ 22,000 പേരാണ് ജോലി ചെയ്തിരുന്നത്. ബ്രിട്ടനില്‍മാത്രം 9000 പേര്‍. 25 കോടി ഡോളര്‍ ബാധ്യതയുള്ള കമ്പനി പിടിച്ചുനിര്‍ത്താനുള്ള അവസാനശ്രമവും പരാജയപ്പെടുകയായിരുന്നു.
1841 ല്‍ പ്രാദേശിക റെയില്‍ ഉല്ലാസയാത്രകള്‍ സംഘടിപ്പിച്ചു പ്രവര്‍ത്തനം ആരംഭിച്ച ബ്രിട്ടനിലെ ഏറ്റവും പഴയ കമ്പനികളിലൊന്നാണ് പാപ്പരായത്. പാക്കേജ് അവധിദിനങ്ങള്‍ക്കും മാസ് ടൂറിസത്തിനും തുടക്കമിട്ട തോമസ് കുക്ക് രണ്ട് ലോകമഹായുദ്ധങ്ങളെ അതിജീവിച്ചാണ് മുന്നേറ്റം തുടര്‍ന്നത്.16 രാജ്യങ്ങളിലായി പ്രതിവര്‍ഷം 19 ദശലക്ഷം ആളുകള്‍ക്ക് ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, എയര്‍ലൈനുകള്‍ എന്നിവ കമ്പനി ലഭ്യമാക്കിപ്പോന്നിരുന്നു.
'ഞങ്ങളുടെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കളോടും നിരവധി വര്‍ഷങ്ങളായി ഞങ്ങളെ പിന്തുണച്ച ആയിരക്കണക്കിന് ജീവനക്കാരോടും വിതരണക്കാരോടും പങ്കാളികളോടും ഞാന്‍ ക്ഷമ ചോദിക്കുന്നു,' ഇന്നു പുലര്‍ച്ചെ പുറത്തിറക്കിയ പ്രസ്താവനയില്‍ തോമസ് കുക്ക് ചീഫ് എക്‌സിക്യൂട്ടീവ് പീറ്റര്‍ ഫാന്‍ഹൗസെര്‍ പറഞ്ഞു.
തങ്ങളുടെ കമ്പനിയുടെ 77 % ഓഹരികള്‍ ഫെയര്‍ഫാക്സ് ഏറ്റെടുത്തതോടെയാണ് തോമസ് കുക്ക് യു കെ, തോമസ് കുക്ക് (ഇന്ത്യ)യുടെ പ്രൊമോട്ടറല്ലാതായതെന്ന് മാധവ മേനോന്റെ പ്രസ്താവനയില്‍ പറയുന്നു.ഫെയര്‍ഫാക്സ് പ്രൊമോട്ടറായശേഷം ഇക്കഴിഞ്ഞ ഏഴു വര്‍ഷക്കാലമായി മികച്ച വളര്‍ച്ചയാണ് തോമസ് കുക്ക് (ഇന്ത്യ) കാഴ്ചവെയ്ക്കുന്നതെന്നും അദ്ദേഹംചൂണ്ടിക്കാട്ടി. 29 രാജ്യങ്ങളിലായി ബിസിനസ് സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും കമ്പനി സേവനങ്ങള്‍ നല്‍കുണ്ട്. തോമസ് കുക്ക് ഇന്ത്യ ഗ്രൂപ്പിന്റെ ക്യാഷ് ബാങ്ക് ഡെപ്പോസിറ്റ് ബാലന്‍സ് 2019 ജൂണ്‍ 30 വരെ 1,389 കോടി രൂപയാണ്.