ഊബര്‍ ഈറ്റ്‌സ് ഇന്ത്യ ഏറ്റെടുത്ത് സൊമാറ്റോ

ഊബര്‍ ഈറ്റ്സ് ഇന്ത്യയെ സൊമാറ്റോ ഏറ്റെടുത്തു. ഇനിമുതല്‍ ഊബര്‍ ഈറ്റ്‌സിന്റെ സേവനങ്ങള്‍ ലഭ്യമാകില്ലെന്ന് വ്യക്തമാക്കി ഊബര്‍ ഈറ്റ്‌സ് ഉപഭോക്താക്കള്‍ക്ക് സന്ദേശം അയച്ചു.

ഇന്ത്യയില്‍ ഊബര്‍ ഈറ്റ്‌സ് സേവനങ്ങള്‍ ലഭ്യമല്ലെങ്കിലും ഇന്ത്യക്ക് പുറത്ത് സേവനം ലഭിക്കുമെന്നും ഉപഭോക്താക്കള്‍ക്കുള്ള സന്ദേശത്തില്‍ പറയുന്നു. സൊമാറ്റോയ്‌ക്കൊപ്പം കൂടുതല്‍ മികച്ച ഭക്ഷണ അനുഭവങ്ങള്‍ ലഭിക്കട്ടെയെന്ന ആശംസയോടെയാണ് സന്ദേശം അവസാനിക്കുന്നത്.

ഇന്ത്യയിലെ ഭക്ഷ്യ വിതരണ ബിസിനസ്സ് വില്‍ക്കാന്‍ ഊബര്‍ പദ്ധതിയിടുന്നതായി കുറച്ചുകാലമായി വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ജൂലൈയില്‍, ആമസോണ്‍ ഇന്ത്യയുമായി ഇതു സംബന്ധിച്ചു ചര്‍ച്ച നടത്തുന്നതായി സൂചനയുണ്ടായിരുന്നു. എന്നാല്‍, ആമസോണ്‍ ഇന്ത്യയില്‍ സ്വന്തമായി ഭക്ഷ്യ വിതരണ വിഭാഗം ആരംഭിക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണെന്ന വാര്‍ത്ത വന്നതോടെയാണ് സൊമാറ്റോ കച്ചവടത്തില്‍ മുന്നിലെത്തിയത്.

ഊബര്‍ ഈറ്റ്സിനു ദക്ഷിണേഷ്യയില്‍ വന്‍ നഷ്ടമാണുള്ളത്. നഷ്ടം നികത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം 6 ബില്യണ്‍ ഡോളറിന് തെക്കുകിഴക്കന്‍ ഏഷ്യ ആസ്ഥാനമായുള്ള ബിസിനസ്സ് ഗ്രാബിന് വിറ്റു. ഇടപാടിന്റെ ഭാഗമായി ഊബറിന് ഗ്രാബില്‍ 27.5 ശതമാനം ഓഹരി ലഭിച്ചിരുന്നു. ഊബര്‍ സോമാറ്റോ എന്നിവര്‍ ഒന്നിച്ചാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായി ഇത് മാറും. 15 ശതകോടി ഡോളറിന്റെ കച്ചവടം എങ്കിലും ഇന്ത്യന്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ രംഗത്ത് നടക്കും എന്നാണ് ഊബറിന്റെ പ്രതീക്ഷ.

ഊബര്‍ ഈറ്റ്സ് ഇന്ത്യ വാങ്ങുന്നതിനായി സൊമാറ്റോ ചര്‍ച്ച നടത്തുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഏകദേശം 400 മില്യണ്‍ ഡോളറിന്റെ (ഏകദേശം 2836.5 കോടി രൂപ) ഇടപാടായിരിക്കും ഇതെന്നായിരുന്നു റിപ്പോര്‍ട്ട്. ടെക് ക്രഞ്ചിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, സോമാറ്റോ പ്രാദേശിക ഭക്ഷ്യ വിതരണ ബിസിനസ്സ് വാങ്ങുന്നതിനായി ഊബറുമായി വിപുലമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു.

ഈ ഇടപാടിന്റെ ഭാഗമായി, ആഭ്യന്തര ഭക്ഷ്യ വിതരണ സേവനത്തില്‍ ഗണ്യമായ പങ്ക് ലഭിക്കുന്നതിന് ഊബര്‍ സൊമാറ്റോയില്‍ 150 മില്യണ്‍ ഡോളര്‍ (ഏകദേശം 1064 കോടി രൂപ) മുതല്‍ ഏകദേശം 200 മില്യണ്‍ ഡോളര്‍ (1418.7 കോടി രൂപ) വരെ നിക്ഷേപം നടത്താന്‍ സാധ്യതയുണ്ട്. ഈ തുക രണ്ട് കമ്പനികളും സംയുക്തമായുള്ള കമ്പനിയിലാണ് നിക്ഷേപിക്കുക.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it