മദ്യത്തിനു 'ഹോം ഡെലിവറി' നീക്കവുമായി സൊമാറ്റോ
ഭക്ഷ്യ വസ്തുക്കള്‍ക്കും പലവ്യഞ്‌നങ്ങള്‍ക്കും പുറമേ മദ്യവും വീടുകളിലെത്തിക്കാന്‍ പദ്ധതിയുമായി സൊമാറ്റോ. ഇന്റര്‍നാഷണല്‍ സ്പിരിറ്റ്സ് ആന്‍ഡ് വൈന്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ സഹായത്തോടെ ഇതിനായി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുമതി തേടാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോക്ഡൗണ്‍ കാലത്തെ മദ്യത്തിന്റെ ഉയര്‍ന്ന ആവശ്യവും നിയന്ത്രണങ്ങളും വിലയിരുത്തിയാണ്് സൊമാറ്റോയുടെ നീക്കം. സാമൂഹിക അകലം പാലിക്കല്‍ രാജ്യത്ത് തുടരേണ്ടിവരുന്നതിനാല്‍ മദ്യ ശാലകളുടെ പ്രവര്‍ത്തനം അടുത്ത കാലത്തൊന്നും സുഗമമാകില്ലെന്ന നിരീക്ഷണവുമുണ്ട്. 'ഹോം ഡെലിവറിയിലൂടെ ഉത്തരവാദിത്തമുള്ള മദ്യപാനത്തെ പ്രോത്സാഹിപ്പിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,'- സോമാറ്റോയുടെ ഭക്ഷ്യ വിതരണ സിഇഒ മോഹിത് ഗുപ്ത സ്പിരിറ്റ്സ് ആന്‍ഡ് വൈന്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യക്കു നല്‍കിയ കത്തില്‍ പറയുന്നു.
ഇന്ത്യയില്‍ മദ്യത്തിന്റെ ഹോം ഡെലിവറിക്ക് നിലവില്‍ നിയമപരമായ വ്യവസ്ഥകളൊന്നുമില്ല. മദ്യ വില്‍പന നിലച്ചതോടെ വരുമാനം മുട്ടിയ സംസ്ഥാനങ്ങളില്‍ മദ്യ വില്‍പ്പന അനുവദിക്കണമെന്ന് ഇന്റര്‍നാഷണല്‍ സ്പിരിറ്റ്സ് ആന്‍ഡ് വൈന്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ എക്സിക്യുട്ടീവ് ചെയര്‍മാന്‍ അമ്രിത് കിരണ്‍ സിങ്ങ് അഭിപ്രായപ്പെട്ടു. ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കുന്നതിലൂടെ സംസ്ഥാനങ്ങള്‍ക്ക് റീട്ടെയില്‍ കൗണ്ടറിലെ അധികഭാരം കുറയ്ക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലണ്ടന്‍ ആസ്ഥാനമായുള്ള ഗവേഷണ ഗ്രൂപ്പായ ഐഡബ്ല്യുഎസ്ആര്‍ ഡ്രിങ്ക്‌സ് മാര്‍ക്കറ്റ് അനാലിസിസിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2018 ല്‍ ഇന്ത്യയുടെ മദ്യപാന വിപണിയുടെ മൂല്യം ഏകദേശം 27.2 ബില്യണ്‍ ഡോളറായിരുന്നു. സ്വിഗ്ഗിയുമായും ഹോം ഡെലിവറി വിഷയത്തില്‍ ആശയവിനിമയം നടത്തിയതായി അമ്രിത് കിരണ്‍ സിങ്ങ് പറഞ്ഞു.ചൈനയിലെ ടെന്‍സെന്റിന്റെ പിന്തുണയുള്ള സ്വിഗ്ഗി ആണ് നിലവില്‍ സൊമാറ്റോയുടെ പ്രധാന എതിരാളി.ലോക്ക്ഡൗണ്‍ കാലത്ത് ഹോട്ടലുകളും മറ്റും അടച്ചു പൂട്ടിയതിനാല്‍ ആഹാരത്തിനു പുറമേ പലചരക്ക് വിതരണവും ചിലയിടങ്ങളില്‍ സൊമാറ്റോ തുടങ്ങിയിരുന്നു.
മാര്‍ച്ച് 25 ന് രാജ്യവ്യാപകമായി അടച്ച മദ്യവില്‍പ്പനശാലകള്‍ ചില സംസ്ഥാനങ്ങളില്‍ ഈ ആഴ്ച വീണ്ടും തുറന്നിട്ടുണ്ട്. ജനത്തിരക്കൊഴിവാക്കാന്‍ ഡല്‍ഹിയില്‍ ചില്ലറ മദ്യ വില്‍പനയ്ക്ക് 70 ശതമാനം പ്രത്യേക സ്‌പെഷ്യല്‍ കൊറോണ ഫീസ് ഏര്‍പ്പെടുത്തി. പലയിടത്തും മദ്യ ഷാപ്പുകള്‍ക്ക് പുറത്ത് നീണ്ട വരികള്‍ ഉണ്ടായിരുന്നു.സാമൂഹിക അകലം പാലിക്കുന്ന ചട്ടങ്ങള്‍ അവഗണിച്ച് തടിച്ചുകൂടിയവരെ ലാത്തി പ്രയോഗിച്ച് പോലീസിനു പിന്‍തിരിപ്പിക്കേണ്ടിവന്നു.മുംബൈയില്‍ ക്യൂ നിയന്ത്രണാതീതമായപ്പോള്‍ മദ്യവില്‍പ്പനശാലകള്‍ വീണ്ടും അടച്ചു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline