നിരക്കുയര്‍ത്തിയതിന്റെ തിരിച്ചടിയേറ്റു വാങ്ങി സൊമാറ്റോ, സ്വിഗ്ഗി
സേവന നിരക്കുകള്‍ ഉയര്‍ത്തിയതിന്റെ തിരിച്ചടിയേറ്റു
വാങ്ങുന്നു ഭക്ഷ്യ വിതരണ പ്ലാറ്റ്‌ഫോമുകളായ സൊമാറ്റോയും സ്വിഗ്ഗിയും.
വിപണിയിലെ മുന്‍ നിരക്കാരായ സൊമാറ്റോയും സ്വിഗ്ഗിയും കഴിഞ്ഞ
ആറുമാസത്തോളമായി ഡെലിവറി ഫീസ് വര്‍ദ്ധിപ്പിച്ചുവരുന്നു. കൂടാതെ ഓര്‍ഡര്‍
റദ്ദാക്കല്‍ നിയമങ്ങള്‍ കര്‍ശനമാക്കുകയും ഡൈനമിക് പ്രൈസിംഗ്
അവതരിപ്പിക്കുകയും ചെയ്തു. ഒപ്പം ലോയല്‍റ്റി പ്രോഗ്രാമുകളുടെ നിരക്കും
വര്‍ദ്ധിപ്പിച്ചു.
മേല്‍പ്പറഞ്ഞ മാറ്റങ്ങളും
കുറഞ്ഞ കിഴിവുകളും ഓര്‍ഡര്‍ നമ്പറുകളില്‍ പ്രതിഫലിക്കുന്നതായി ഈ
പ്ലാറ്റ്ഫോമുകളില്‍ ലിസ്റ്റുചെയ്ത റെസ്റ്റോറന്റുകള്‍ മാധ്യമങ്ങളോടു
സമ്മതിച്ചു. ഒക്ടോബര്‍ മുതല്‍ സൊമാറ്റോയ്ക്കും ഡിസംബര്‍ മുതല്‍
സ്വിഗ്ഗിക്കും ഓര്‍ഡര്‍ നമ്പറുകളുടെ ഇടിവ് 5-6 ശതമാനമാണെന്ന് ഇക്കാര്യം
നിരീക്ഷിച്ചുവരുന്ന ഒരു അനലിസ്റ്റ് പറഞ്ഞു.
ഓര്‍ഡറുകളുടെ
എണ്ണത്തില്‍ മാത്രമല്ല ഈ പ്ലാറ്റ്ഫോമുകളില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന
റെസ്റ്റോറന്റുകളുടെ എണ്ണത്തിലും ഇടിവ് ഉണ്ടായി. ഊബര്‍ ഈറ്റ്സിനെ സൊമാറ്റൊ
ഏറ്റെടുത്തത് വിപണിയില്‍ എങ്ങനെ പ്രതിഫലിക്കുന്നു എന്നത് അടുത്ത മാസത്തോടു
കൂടി മാത്രമേ വ്യക്തമാകുകയുള്ളൂ.
സ്വിഗ്ഗിയും
പല നഗരങ്ങളിലെയും വിതരണ നിരക്ക് ഉയര്‍ത്തുകയും തങ്ങളുടെ 'സൂപ്പര്‍'
വിഭാഗത്തിലെ നിരക്കുകള്‍ വര്‍ധിപ്പിക്കുകയും ചെയ്തു. ഓര്‍ഡറുകള്‍ റദ്ദ്
ചെയ്യുന്നതിനുള്ള വ്യവസ്ഥകള്‍ കര്‍ക്കശമാക്കുകയും ഈടാക്കുന്ന നിരക്കുകള്‍
ഉയര്‍ത്തുകയും ചെയ്തു. വിതരണത്തിന് സഞ്ചരിക്കേണ്ട ദൂരം, ഓര്‍ഡര്‍ വലുപ്പം,
തെരഞ്ഞെടുത്ത റെസ്റ്റോറന്റ് എന്നിവയുടെ അടിസ്ഥാനത്തില്‍ വ്യത്യസ്ത
രീതിയില്‍ ഉപഭോക്താക്കളില്‍ നിന്ന് വിതരണ ചാര്‍ജുകള്‍ ഈടാക്കാനും സൊമാറ്റോ
ആരംഭിച്ചിട്ടുണ്ട്.
നേരത്തേ ഒരു
പരിധിക്കുള്ളിലെ എല്ലാ വിതരണവും സൗജന്യമായാണ് സൊമാറ്റോ നല്‍കിയിരുന്നത്.
ഇപ്പോള്‍ ഉപയോക്താക്കള്‍ ബെംഗളൂരുവിലെ ചെറുകിട മൂല്യ ഓര്‍ഡറുകള്‍ക്കായി 16
മുതല്‍ 45 രൂപ വരെ കൂടുതലായി നല്‍കണം. പീക്ക് സമയങ്ങളില്‍ ഓര്‍ഡറുകള്‍ക്ക്
25 രൂപ വരെ അധിക ഫീസും പുറമേ 11 രൂപ ഡെലിവറി ഫീസും സൊമാറ്റോ ചേര്‍ത്തു.ഈ
മേഖലയുടെ വളര്‍ച്ചയും പക്വതയും അനുസരിച്ച് ഫീസ് വര്‍ദ്ധിപ്പിച്ചതായാണ്
സൊമാറ്റോ വക്താവ് പ്രതികരിച്ചത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline