ഓഹരി വിപണിയിലേക്ക് ഒഴുകിയെത്തിയത് 2,74,503 കോടി രൂപ

ഫോറിന്‍ പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്റ്റര്‍മാരില്‍ (എഫ് പി ഐ) നിന്ന് ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് ഒഴുകിയെത്തിയത് റെക്കോഡ് തുകയാണ് 2,74,503 കോടി രൂപയാണ് കടന്നു പോയ വര്‍ഷം എഫ് പി ഐയില്‍ നിന്ന് ഓഹരി വിപണിയിലേക്കെത്തിച്ചേര്‍ന്നത്. 1993ല്‍ വിദേശ നിക്ഷേപകര്‍ക്കായി വിപണി തുറന്നതിന് ശേഷമുണ്ടായ ഏറ്റവും വലിയ ഒഴുക്കായിരുന്നു ഇത്. ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് ഇതിന് മുമ്പ് ഏറ്റവുമധികം എഫ് പി ഐ വന്നത് 2012-13ലായിരുന്നു. 1,40,033 കോടി രൂപയായിരുന്നു അത്.

കോവിഡ് 19 മഹാമാരിയും അത് സമ്പദ്‌വ്യവസ്ഥയിലുണ്ടാക്കിയ സങ്കോചവും പ്രബലമായി നില്‍ക്കുമ്പോഴാണ് 2020-21ല്‍ ഓഹരി വിപണി അസാധാരണമായ വളര്‍ച്ച കൈവരിച്ചത്. സെന്‍സെക്‌സ് 68 ശതമാനത്തിന്റെ കുതിപ്പ് നടത്തി. സെന്‍സെ്കസ് ബെഞ്ച്മാര്‍ക്ക് 20,041 പോയിന്റ് ഉയര്‍ന്നു. 2020 മാര്‍ച്ച് 31ന് 29,468.49 ആയിരുന്നത് വര്‍ഷാവസാനം 49,509.15 ആയി. ബുധനാഴ്ച സെന്‍സെക്‌സ് 50,000 മറികടന്നതാണെങ്കിലും പിന്നീടത് 627 പോയിന്റ് താഴെ പോകുകയായിരുന്നു. നിഫ്റ്റി ഇന്‍ഡെക്‌സ് 154 പോയിന്റ് നഷ്ടത്തില്‍ 14,690.70 ലാണ് ക്ലോസ് ചെയ്തത്.
ഫോറിന്‍ പോര്‍ട്‌ഫോളിയോ ഇന്‍വെസ്റ്റര്‍മാര്‍ നടത്തിയ റെക്കോഡ് നിക്ഷേപവും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ ബി ഐ) യില്‍ നിന്നുണ്ടായ അധിക പണലഭ്യതയുമാണ് കടന്നു പോയ വര്‍ഷം ഓഹരി വിപണിക്ക് തുണയായി മാറിയത്. കോവിഡ് മഹാമാരിയില്‍ ഉലഞ്ഞ സമ്പദ് വ്യവസ്ഥയെ ട്രാക്കിലെത്തിക്കാന്‍ ഗവണ്‍മെന്റ്ും ആര്‍ ബി ഐയും പ്രഖ്യാപിച്ച ഇളവുകള്‍ ഓഹരി വിപണിയുടെ കുതിപ്പിന് പ്രധാന കാരണമായെന്ന് അനലിസ്റ്റുകളും ബ്രോക്കര്‍മാരും വിലയിരുത്തുന്നു. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ജി ഡി പി 23.9 ശതമാനം ചുരുങ്ങിയിട്ടും ഓഹരി വിപണിയുടെ കുതിപ്പ് അതേപടി തുടര്‍ന്നു.

മാനവരാശിക്ക് ദുരന്തപൂര്‍ണമായ വര്‍ഷമായിരുന്നു 2020-21 സാമ്പത്തിക വര്‍ഷമെങ്കില്‍ ആഗോള ഓഹരി വിപണികള്‍ക്ക് ഈ ദുരന്തകാലം ആഹ്ലാദത്തിന്റേതായെന്നത് വിരോധാഭാസമായി തോന്നാം. എന്തായാലും പുതിയ വര്‍ഷം തുടങ്ങുന്നത് പ്രതീക്ഷകളോടും ശുഭാപ്തിവിശ്വാസത്തോടുമാണ്. കോവിഡ് പല ഭാഗങ്ങളിലും ഇപ്പോഴും പടരുന്നുണ്ടെങ്കിലും വാക്‌സിനും കോവിഡും തമ്മിലുള്ള മത്സരത്തില്‍ വാക്‌സിന്‍ തന്നെ വിജയിക്കുമെന്ന് ഉറപ്പാണെന്നത് ഈ ശുഭാപ്തി വിശ്വാസത്തിനുള്ള പ്രധാന കാരണമാണെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി കെ വിജയകുമാര്‍ പറയുന്നു.

വാക്‌സിനേഷന്‍ അതിവേഗത്തില്‍ മുന്നോട്ടുപോകുന്നതും യു എസ് പ്രഖ്യാപിച്ചിരിക്കുന്ന മെഗാ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്ലാനും പുതിയ സാമ്പത്തിക വര്‍ഷം സമ്പദ്‌വ്യവസ്ഥകള്‍ക്ക് ശക്തമായ തിരിച്ചുവരവിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇന്ത്യയുടെ ജി ഡി പിയില്‍ 10.5 ശതമാനത്തിന്റെ വളര്‍ച്ചയാണ് പുതിയ വര്‍ഷം ആര്‍ ബി ഐ മുന്നില്‍ കാണുന്നത്.

സമ്പദ് വ്യവസ്ഥ ഉറച്ച കാല്‍വെപ്പോടെ നീങ്ങുകയും കോര്‍പറേറ്റുകളുടെ പ്രകടനം ശക്തമായി തന്നെ തുടരുകയും ചെയ്യുന്നതിനാല്‍ പുതിയ വെല്ലുവിളികളൊന്നും ഉയര്‍ന്നുവരുന്നില്ലെങ്കില്‍ വരും മാസങ്ങളിലും വിപണി ശക്തമായി തന്നെ തുടരുമെന്ന് ബി എസ് ഇ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

വരാനിരിക്കുന്ന അവസാന പാദ ഫലങ്ങള്‍ക്കായാണ് നിക്ഷേപകര്‍ കാത്തിരിക്കുന്നത്. ഏപ്രില്‍ മധ്യത്തോടെ ഇത് പുറത്തുവന്നു തുടങ്ങും. ഇതോടൊപ്പം ആര്‍ ബി ഐയുടെ പണനയവും അടുത്ത ആഴ്ചയുണ്ടാകും. അതേസമയം കോവിഡിന്റെ രണ്ടാം തരംഗം ശക്തമായാല്‍ വീണ്ടും ലോക് ഡൗണ്‍ ഉണ്ടാകുമോ എന്ന ആശങ്കയും ശക്തമാണ്. എന്നാല്‍ വാക്‌സിന്‍ ഇറങ്ങിയതോടെ കോവിഡിന്റെ രണ്ടാം തരംഗത്തെ ലോകമെമ്പാടും പിടിച്ചു കെട്ടാന്‍ കഴിയുമെന്നും സാമ്പത്തിക-പണ നയങ്ങളുടെ പിന്തുണയോടെ മികച്ച പ്രകടനം തുടരാന്‍ വിപണിക്ക് കഴിയുമെന്നാണ് കരുതുന്നതെന്നും എംകെ വെല്‍ത്ത് മാനേജ്‌മെന്റിലെ ഗവേഷണ വിഭാഗം മേധാവി ജോസഫ് തോമസ് പ്രതീക്ഷ പ്രകടിപ്പിച്ചു. സാമ്പത്തിക പ്രതിസന്ധി ഓഹരി വിപണിയില്‍ മികച്ച നിക്ഷേപാവസരങ്ങളാണ് തുറന്നു നല്‍കിയത്. ഐ ടി, ഫാര്‍മ, ബാങ്കിംഗ് മേഖലകളില്‍ ഉണ്ടായ ഈ കുതിപ്പ് ലോകത്താകെ തുടരുക തന്നെ ചെയ്യുമെന്ന് അദ്ദേഹം പറയുന്നു.

എന്തായാലും അനുകൂല തരംഗങ്ങള്‍ ദൃശ്യമാകുന്നതു വരെ വിപണികള്‍ ഇന്നത്തെ നിലയില്‍ ഏകീകരിക്കപ്പെട്ടു തന്നെ തുടരും. വിപണിയില്‍ താഴ്ചയുണ്ടായാലും ക്രമേണ നിക്ഷേപകര്‍ മികച്ച കമ്പനികളുടെ ഓഹരികള്‍ വാങ്ങുന്ന പ്രവണത തുടരുക തന്നെ ചെയ്യുമെന്ന് മോട്ടിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ റീട്ടെയില്‍ റിസര്‍ച്ച് ഹെഡ് സിദ്ധാര്‍ഥ ഖേംക പറയുന്നു. വിപണിയില്‍ താഴ്ചയുണ്ടായ ഏപ്രില്‍ മെയ് മാസങ്ങളില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ അടക്കമുള്ളവയിലേക്ക് ഓഹരികള്‍ വന്‍തോതില്‍ വാങ്ങിക്കൂട്ടിയത് സാമ്പത്തിക വര്‍ഷത്തില്‍ ഓഹരി വിപണിക്ക് നേട്ടമായി മാറിയെന്നാണ് അദ്ദേഹം വിലയിരുത്തുന്നത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it