രാജ്യത്തെ ഏറ്റവും വലിയ മദ്യ നിര്‍മാതാക്കളും ഓഹരി വിപണിയിലേക്ക്

രാജ്യത്തെ ഏറ്റവും വലിയ മദ്യ നിര്‍മാതാക്കളായ അലൈഡ് ബ്ലെന്‍ഡേഴ്സ് ആന്‍ഡ് ഡിസ്റ്റിലേഴ്സ് (Allied Blenders and Distillers ipo) ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങുന്നു. ഇതിനുമുന്നോടിയായി പ്രാഥമിക ഓഹരി വില്‍പ്പനയ്ക്കായി ഈ മാസം തന്നെ കരട് രേഖകള്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിക്ക് മുമ്പാകെ സമര്‍പ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഐപിഒയിലൂടെ 2,000 കോടി രൂപ സമാഹരിക്കാനാണ് മദ്യ നിര്‍മാതാക്കള്‍ ലക്ഷ്യമിടുന്നത്. കൂടാതെ, ഐപിഒയിലൂടെ 2.5 ബില്യണ്‍ ഡോളര്‍ അഥവാ 20,000 കോടി രൂപയുടെ മൂല്യം നേടാനാകുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു.

ഐസിഐസി സെക്യൂരിറ്റീസ്, ആക്‌സിസ് ക്യാപിറ്റല്‍, കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍, ജെഎം ഫിനാന്‍ഷ്യല്‍ എന്നിവയെ ഐപിഒയുടെ മാനേജര്‍മാരായി കമ്പനി നിയമിച്ചിട്ടുണ്ട്. പുതിയ ഓഹരികളുടെ വില്‍പ്പനയും ഓഫര്‍ ഫോര്‍ സെയ്‌ലും അടങ്ങുതായിരിക്കും ഐപിഒ. 50:50 അനുപാതത്തിലായിരിക്കും പുതിയ ഓഹരികളുടെയും സെക്കന്‍ഡറി ഓഹരികളുടെയും വില്‍പ്പന.
പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ സമാഹരിക്കുന്ന തുകയില്‍ 1000 കോടി കടങ്ങള്‍ വീട്ടാനും ബാക്കി ബിസിനസ് വിപുലീകരണ ആവശ്യങ്ങള്‍ക്കുമായാണ് വിനിയോഗിക്കുക. പുതിയ ബ്രാന്‍ഡുകളുടെ ലോഞ്ചിംഗും കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഓഫീസേഴ്സ് ചോയ്സ്, സ്റ്റെര്‍ലിംഗ് റിസര്‍വ് തുടങ്ങിയ ജനപ്രിയ ബ്രാന്‍ഡുകളുടെ നിര്‍മാതാക്കളായ എബിഡി, ഏതാനും നാളുകളായി ഓഹരി വിപണിലേക്ക് ചുവടുവയ്ക്കാന്‍ പദ്ധതിയിടുന്നുണ്ട്. കണക്കുകള്‍ പ്രകാരം ആഗോള കമ്പനികളായ ഡിയാജിയോയ്ക്കും പെര്‍നോഡ് റിക്കാര്‍ഡിനും പിന്നിലുള്ള എബിഡി ഇന്ത്യയിലെ ഏറ്റവും വലിയ ഹോം ഗ്രൗണ്‍ ആല്‍ക്കഹോള്‍ കമ്പനിയും മൂന്നാമത്തെ വലിയ കമ്പനിയുമാണ്.
1988-ലാണ് എബിഡി അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. നിലവില്‍, ലോകത്ത് ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന മൂന്നാമത്തെ വിസ്്കിയാണിത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it