രണ്ട് ട്രില്യണ്‍ ഡോളര്‍ മൂല്യവുമായി ആപ്പിള്‍; പ്രമുഖ രാജ്യങ്ങളുടെ ജി.ഡി.പി മറികടന്നു

കോവിഡ് പ്രതിസന്ധിക്കിടയിലും റഷ്യയും ബ്രസീലും ഉള്‍പ്പെടെ പ്രമുഖ രാജ്യങ്ങളുടെ ജിഡിപിയെ മറികടന്ന് ആപ്പിളിന്റെ വിപണി മൂല്യം രണ്ട് ട്രില്യണ്‍ ഡോളര്‍ കവിഞ്ഞു. ഇന്ത്യയുടെ ജിഡിപിയെയും അധികം വൈകാതെ ആപ്പിളിന്റെ വിപണി മൂല്യം പിന്നിലാക്കുമെന്ന സൂചന നല്‍കുന്നുണ്ട് ഇതുവരെയുള്ള കണക്കുകള്‍.
ആമസോണ്‍ ഡോട്ട് കോം, മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്‍ എന്നിവ 1.7 ട്രില്യണ്‍ ഡോളറിന് തൊട്ടു താഴെ വിപണി മൂല്യവുമായി ആപ്പിളിനു പിന്നില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.അമേരിക്കയില്‍ ആദ്യ സ്ഥാനങ്ങളിലുള്ള രണ്ട് ഹൈടെക് കമ്പനികളുടെ വിപണി മൂല്യം കൂടിച്ചേര്‍ന്നാല്‍ ഇന്ത്യയുടെ ജിഡിപി ബഹുദൂരം പിന്നിലാകുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനമായ വേള്‍ഡ് പോപ്പുലേഷന്‍ റിവ്യൂ റിപ്പോര്‍ട്ട് പ്രകാരം ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായ ഇന്ത്യയുടെ 2019 ലെ മൊത്തം ആഭ്യന്തര ഉത്പാദനം (ജിഡിപി) 2.94 ട്രില്യണ്‍ ഡോളര്‍ ആയിരുന്നു.2022 ല്‍ 3.20 ട്രില്യണ്‍ ഡോളര്‍ കടക്കുമെന്നും പ്രവചിക്കപ്പെടുന്നു.2024-25 ല്‍ ഇന്ത്യ 5 ട്രില്യണ്‍ നേട്ടത്തിലെത്തുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദത്തിനിടെ കോവിഡ് പ്രതിസന്ധി എത്തിയതുമൂലം ഈ പ്രവചനം മാറിമറിയുമെന്ന നിരീക്ഷണം സാമ്പത്തിക വിദഗ്ധര്‍ പങ്കുവയ്ക്കുന്നുമുണ്ട്.
2.83 ട്രില്യണ്‍ ഡോളറാണ് ഇന്ത്യക്ക് തൊട്ടു പിന്നിലുള്ള യുകെയുടെ സമ്പദ് വ്യവസ്ഥ. ഏഴാമതുള്ള ഫ്രാന്‍സിന്റേത് 2.71 ട്രില്യണ്‍. 20.20 ട്രില്യണ്‍ ഡോളറാണ് ഒന്നാമതുള്ള അമേരിക്കയുടേത്. രണ്ടാം സ്ഥാനത്ത് ചൈനയുടേത് 13.83 ട്രില്യണ്‍ ഡോളര്‍. ജപ്പാന്‍ 4.85 ട്രില്യണ്‍, ജര്‍മനി 3.56 ട്രില്യണ്‍ എന്നിങ്ങനെയാണ് അടുത്ത സ്ഥാനങ്ങള്‍.
2018 ഓഗസ്റ്റില്‍ ഒരു ട്രില്യണ്‍ ഡോളര്‍ വിപണി മൂലധനത്തിലെത്തിയ ആപ്പിള്‍ വിപരീത സാഹചര്യങ്ങളിലും കുതിപ്പ് കൈവിട്ടില്ല.ഓഹരി വില മാര്‍ച്ച് മാസത്തെ അപേക്ഷിച്ച് ഇരട്ടിയിലധികം ഉയര്‍ന്ന നിലയിലാണ്.അമേരിക്കയിലെ കാലിഫോര്‍ണിയ ആസ്ഥാനമായുള്ള ഐഫോണ്‍ നിര്‍മ്മാണക്കമ്പനിയുടെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ ബുധനാഴ്ചയാണ് 2 ട്രില്യണ്‍ ഡോളര്‍ കടന്നത്. കമ്പനിയുടെ മൂല്യം ഇറ്റലി, കാനഡ, ദക്ഷിണ കൊറിയ, സ്‌പെയിന്‍, ഓസ്ട്രേലിയ, മെക്‌സിക്കോ, ഇന്തോനേഷ്യ, നെതര്‍ലാന്‍ഡ്സ്, സൗദി അറേബ്യ, തുര്‍ക്കി, സ്വിറ്റ്‌സര്‍ലന്‍ഡ്, തായ്വാന്‍, യുഎഇ, നോര്‍വേ തുടങ്ങിയ രാജ്യങ്ങളുടെ ജിഡിപിയേക്കാള്‍ മുന്നിലാണ് കുറേക്കാലമായി.
വിപണി മൂല്യം രണ്ട് ട്രില്യണ്‍ ഡോളറിലെത്തുന്ന ആദ്യത്തെ അമേരിക്കന്‍ കമ്പനിയാണ് ആപ്പിള്‍.കോവിഡ്-19 സൃഷ്ടിച്ച തിരിച്ചടിയില്‍ നിന്നും കരകയറാന്‍ എല്ലാ കമ്പനികളും ശ്രമിക്കുന്നതിനിടെയാണ് ആപ്പിള്‍ പുതിയ നേട്ടത്തിലെത്തിയത്.കഴിഞ്ഞ വര്‍ഷം ഓഹരികള്‍ 120 ശതമാനത്തിലധികം ഉയര്‍ന്നിരുന്നു. ആമസോണ്‍, ആല്‍ഫബെറ്റ്, മൈക്രോസോഫ്റ്റ്, ഫേസ്ബുക്ക് എന്നിവയുടെ ഓഹരികള്‍ ആദ്യ ഏഴു മാസങ്ങളില്‍ 37% പുരോഗതി കൈവരിച്ചു.ഇതിന് മുന്‍പ് 2019 ഡിസംബറില്‍ സൗദി അരാംകോ രണ്ട് ട്രില്യണ്‍ ഡോളറിന്റെ വിപണി മൂല്യം സ്വന്തമാക്കിയിരുന്നു. എന്നാല്‍ എണ്ണ വിലയിലെ ചാഞ്ചാട്ടം കമ്പനിയെ ബാധിച്ചതോടെ ഓഹരി വില ഇടിഞ്ഞു. 1.82 ട്രില്യണ്‍ ഡോളറിന്റെ വിപണി മൂല്യമാണ് സൗദി അരാംകോയ്ക്ക് നിലവിലുള്ളത്.
കോവിഡ് പ്രതിസന്ധി തുടരുമ്പോഴും ലോകരാജ്യങ്ങളില്‍ ജനങ്ങള്‍ ആപ്പിളിനെ കൈവിട്ടില്ല. ഐഫോണുകളും കമ്പനിയുടെ മറ്റ് ഉത്പന്നങ്ങളും ഓണ്‍ലൈനിലൂടെ വിറ്റഴിക്കാന്‍ കഴിഞ്ഞു. ആപ്പിള്‍ ഉത്പന്നങ്ങളില്‍ വിശ്വാസം അര്‍പ്പിക്കുന്ന ദശലക്ഷക്കണക്കിനു പേര്‍ ഈ സഹകരണം തുടര്‍ന്നു. ഏപ്രില്‍ മുതല്‍ ജൂണ്‍ മാസം വരെ മികച്ച വരുമാനമാണ് ഇത്തരത്തില്‍ നേടാന്‍ കഴിഞ്ഞതെന്നും ആപ്പിള്‍ വ്യക്തമാക്കി. ചൈനയിലാണ് ആപ്പിളിന്റെ പ്രധാന ഫാക്ടറികള്‍. കോവിഡ് പ്രതിസന്ധിമൂലം ചൈനയില്‍ പ്രവര്‍ത്തിച്ചിരുന്ന ഫാക്ടറികളും കമ്പനികളും അടച്ചു പൂട്ടിയിരുന്നു. റീട്ടെയില്‍ വില്‍പ്പനയും താഴ്ന്ന നിലയിലായിരുന്നു. പക്ഷേ, സാഹചര്യങ്ങള്‍ ഓഹരികളെ ബാധിച്ചില്ല. ഇതിന് കാരണം ലോകത്തെ ജനങ്ങള്‍ ആപ്പിള്‍ ഉത്പന്നങ്ങളില്‍ പുലര്‍ത്തുന്ന വിശ്വാസമാണെന്നു കമ്പനി വിലയിരുത്തുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline