അരാംകോ ഐ.പി.ഒ അരികെ; ചരിത്ര നേട്ടം ലക്ഷ്യമിട്ട് സല്‍മാന്‍

എണ്ണയ്ക്കപ്പുറത്തേക്കുള്ള സമ്പദ്വ്യവസ്ഥയിലൂടെ രാജ്യ പുരോഗതി സുദൃഢമാക്കുന്നതിനായി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ആവിഷകരിച്ച സൗദി വിഷന്‍ 2030 പദ്ധതിക്കു കരുത്തു പകരാന്‍ ലക്ഷ്യമിട്ട് അരാംകോയുടെ വമ്പന്‍ ഐ.പി.ഒ. സൗദി സര്‍ക്കാരിന്റെ അനുമതി ലഭിച്ചതോടെ ഇനി ഐ.പി.ഒ നടപടികള്‍ വേഗത്തിലാകുമെന്ന് അരാംകോ ചെയര്‍മാന്‍ യാസിര്‍ അല്‍ റുമയ്യന്‍ പറഞ്ഞു.

1970 കളില്‍ കമ്പനി ദേശസാല്‍ക്കരിക്കപ്പെട്ടതിനുശേഷം സൗദി എണ്ണ വ്യവസായത്തില്‍ ഉണ്ടായ സുപ്രധാന സംഭവങ്ങളിലൊന്നാണ് ഐ.പി.ഒ നടത്താനുള്ള അരാംകോയുടെ ഔദ്യോഗിക പ്രഖ്യാപനമെന്ന് ആഗോള ഓഹരി വിപണിയിലെ സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. ലോകത്തെ ഏറ്റവും വലിയ പ്രാഥമിക ഓഹരി വില്‍പ്പന ആകുമിതെന്ന നിരീക്ഷണമാണ് അവര്‍ പങ്കു വയ്ക്കുന്നത്.

ഐ.പി.ഒ വിജയം ഉറപ്പാക്കാന്‍ രാജ്യം സാധ്യമായതെല്ലാം ചെയ്യുമെന്ന സൂചന നേരത്തെ തന്നെയുണ്ടായിരുന്നു. കമ്പനിയുടെ നികുതി മൂന്നാം തവണ വെട്ടിക്കുറച്ചു. നിക്ഷേപകര്‍ക്ക് പരമാവധി പ്രോത്സാഹനങ്ങള്‍ നല്‍കുന്നു. ലാഭവിഹിതം വര്‍ദ്ധിപ്പിക്കാന്‍ ആലോചിക്കുന്നതായി ഉത്തരവാദിത്തപ്പെട്ടവര്‍ വെളിപ്പടുത്തിയിരുന്നു.

അരാംകോ കമ്പനിക്ക് 1.6 ട്രില്യണ്‍ മുതല്‍ 1.8 ട്രില്യണ്‍ ഡോളര്‍ വരെ മൂല്യനിര്‍ണ്ണയമാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്. അതേസമയം, വിവിധ ബാങ്കുകളിലെ വിശകലന വിദഗ്ധര്‍ വ്യത്യസ്തമായ കണക്കുകളാണ് മുന്നോട്ടുവയ്ക്കുന്നത്. മൂല്യം 1.6 ട്രില്യണ്‍ മുതല്‍ 2.3 ട്രില്യണ്‍ ഡോളര്‍ വരെ ആണെന്ന് ഗോള്‍ഡ്മാന്‍ സാച്ച്‌സ് ഗ്രൂപ്പ് പറഞ്ഞു. മറ്റൊരു മുന്‍നിര ബാങ്കായ ബാങ്ക് ഓഫ് അമേരിക്ക 1.2 ട്രില്യണ്‍ ഡോളറേ കണക്കാക്കുന്നുള്ളൂ. ബിഎന്‍പി കണക്കാക്കുന്നത് 1.42 ട്രില്യണ്‍ ഡോളറും.

പ്രാഥമിക ഓഹരി വില്‍പ്പന ലോകത്തിലെ ഏറ്റവും വലിയ കമ്പനിയുടേതായാലും കമ്പനി എത്രമാത്രം വില്‍ക്കാന്‍ തീരുമാനിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും മൂല്യത്തിലെ മുന്നേറ്റമെന്നും വിദഗ്ധര്‍ പറയുന്നു.ലോകത്ത് ഇതു വരെ നടന്ന ഏറ്റവും വലിയ ഓഹരി വില്‍പന ചൈനയിലെ ഇ-കോമേഴ്‌സ് ഭീമനായ ആലിബാബയുടേതാണ്. 25 ബില്യണ്‍ ഡോളറിനാണ് ആലിബാബയുടെ ഓഹരി വില്‍പനയില്‍ പോയത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it