7.60 ശതമാനം നേട്ടത്തില്‍ ലിസ്റ്റ് ചെയ്ത് ബികാജി ഫുഡ്‌സ്

7.60 ശതമാനം നേട്ടത്തില്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത് ബികാജി ഫുഡ്‌സ് (Bikaji Foods International). എന്‍എസ്ഇയില്‍ 322.80 രൂപയ്ക്കാണ് ബികാജി ഓഹരികള്‍ ലിസ്റ്റ് ചെയ്തത്. 300 രൂപയായിരുന്നു ഐപിഒ വില. 334.70 രൂപ വരെ ഉയര്‍ന്ന ബികാജി ഓഹരികളുടെ വ്യാപാരം ഇപ്പോള്‍ 9.75 ശതമാനം നേട്ടത്തിലാണ് നടക്കുന്നത്.

329.25 രൂപയാണ് (11.30 AM) നിലവില്‍ ഓഹരികളുടെ വില. 881 കോടി രൂപയാണ് ഐപിഒയിലൂടെ കമ്പനി സമാഹരിച്ചത്. 1986ല്‍ സ്ഥാപിച്ച ബികാജി ഫൂഡ്സ്, രാജ്യത്തെ ഏറ്റവും വലിയ ബിക്കാനേരി ഭുജിയ (Bikaneri Bhujia) നിര്‍മാതാക്കളാണ്. കൈകൊണ്ട് നിര്‍മിക്കുന്ന പപ്പട വില്‍പ്പനയില്‍ രാജ്യത്ത് രണ്ടാമതാണ് കമ്പനി. പ്രതിദിനം 400 ടണ്ണിലധികം ലഘുഭക്ഷണം ഉണ്ടാക്കാന്‍ രാജസ്ഥാന്‍, അസം, കര്‍ണാടക എന്നിവിടങ്ങളില്‍ ബികാജിക്ക് ആറ് നിര്‍മ്മാണ കേന്ദ്രങ്ങളുണ്ട്.

ഭുജിയ, നാംകീന്‍, മധുരപലഹാരങ്ങള്‍, പപ്പടം, ശീതീകരിച്ച ഭക്ഷണങ്ങള്‍, എന്നിവയുള്‍പ്പെടെ 300-ഓളം ഉല്‍പ്പന്നങ്ങളാണ് കമ്പനി നിര്‍മിക്കുന്നത്. 2021-22 സാമ്പത്തിക വര്‍ഷം 1,611 കോടി രൂപയായിരുന്നു ബികാജി ഫൂഡ്സിന്റെ വരുമാനം. 2022ലെ ആദ്യ മൂന്ന് മാസം 419.16 കോടി രൂപയുടെ വരുമാനം നേടിയ കമ്പനിയുടെ ലാഭം 15.70 കോടി രൂപയായിരുന്നു. ഏകദേശം 11,400 കോടി രൂപയുടേതാണ് ഇന്ത്യയിലെ എത്നിക്ക് ലഘുഭക്ഷണ വിപണി. അടുത്ത 4-5 വര്‍ഷം കൊണ്ട് മേഖല 16 ശതമാനത്തിലധികം വളര്‍ച്ച നേടുമെന്നാണ് വിലയിരുത്തല്‍.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it