ഒരു മാസത്തിന് ശേഷം ബിറ്റ്‌കോയ്ന്‍ വീണ്ടും 50,000 ഡോളറിന് മുകളില്‍, ക്രിപ്‌റ്റോ നിക്ഷേപകര്‍ക്ക് ആശ്വാസം

ഏകദേശം ഒരു മാസത്തെ ഇടിവിന് ശേഷം ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയ്ന്‍ വീണ്ടും 50,000 ഡോളറിന് മുകളില്‍. 43.58 ശതമാനം ആധിപത്യത്തോടെ 51,205.16 ഡോളറിലാണ് ബിറ്റ്‌കോയിന്‍ വ്യാപാരം നടത്തുന്നത്. 24 മണിക്കൂറിനിടെ 0.56 ശതമാനം വര്‍ധനവാണുണ്ടായത്. അതേസമയം, ബിറ്റ്‌കോയ്‌നിന്റെ വാല്യു വര്‍ധിച്ചതോടെ മറ്റ് ക്രിപ്‌റ്റോകറന്‍സികളും ഉയരുകയാണ്.

കഴിഞ്ഞ ഒരുമാസത്തോളമായി തിരുത്തലിലേക്ക് വീണ ബിറ്റ്‌കോയ്ന്‍ ചൊവ്വാഴ്ചയാണ് വീണ്ടും 50,000 ഡോളര്‍ തൊട്ടത്. ചൈനീസ് റിയല്‍ എസ്‌റ്റേറ്റ് ഭീമന്‍ എവര്‍ഗ്രാന്‍ഡെയും തകര്‍ച്ച കാരണം ആഗോള വിപണികള്‍ ഇടിഞ്ഞതും ചൈന ക്രിപ്‌റ്റോകറന്‍സികള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയതുമാണ് ക്രിപ്‌റ്റോകറന്‍സി മാര്‍ക്കറ്റ് ഇടിയാന്‍ കാരണമായത്. സെപ്റ്റംബര്‍ 21 ന് 40,596 ഡോളറിലായിരുന്നു ബിറ്റ്‌കോയിന്‍ വ്യാപാരം നടത്തിയിരുന്നത്.
അതേസമയം, ക്രിപ്‌റ്റോമാര്‍ക്കറ്റിലെ ഇടിവ് പുതിയ നിക്ഷേപകരെ ആശങ്കയിലാക്കുന്നുണ്ട്. എന്നിരുന്നാലും, ദീര്‍ഘകാല നിക്ഷേപകര്‍ മൂല്യം കുറയുന്നത് ഭയപ്പെടുന്നില്ല. പല ക്രിപ്‌റ്റോ നിക്ഷേപകരും ഇപ്പോള്‍ കമ്പോളത്തിന്റെ കടുത്ത ചാഞ്ചാട്ടവുമായി പൊരുത്തപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സ്വര്‍ണ്ണവും വെള്ളിയും പോലെ നിക്ഷേപത്തിനായി ബിറ്റ്‌കോയ്‌നും ആളുകള്‍ തെരഞ്ഞെടുക്കുന്നുണ്ട്. സമീപ വര്‍ഷങ്ങളില്‍ ക്രിപ്‌റ്റോകറന്‍സിയുമായി ബന്ധപ്പെട്ട് വിവാദങ്ങളും പ്രശ്‌നങ്ങളും ഉടലെടുത്തതാണ് ഈ രംഗത്തിന് തിരിച്ചടിയാവുന്നത്. ഇതേതുടര്‍ന്ന്, ഈ വര്‍ഷം ഏപ്രില്‍ പകുതിയോടെ 65,000 യുഎസ് ഡോളര്‍ തൊട്ട ബിറ്റ്‌കോയ്ന്‍ പൊടുന്നനെയാണ് 35,000 യുഎസ് ഡോളറിലേക്ക് വീണത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it