Top

ബോണ്ടുകളുടെ ആദായവും കൂപ്പുകുത്തുന്ന ഓഹരി വിപണിയും

കറുത്ത വെള്ളിയാഴ്ച എന്ന തലക്കെട്ട് കഴിഞ്ഞ ദിവസം ഒരിക്കല്‍ കൂടി മാധ്യമങ്ങളില്‍ ഇടം നേടി. ആഗോളതലത്തില്‍ ഓഹരി വിപണികള്‍ കൂപ്പുകുത്തിയതിന്റെ പിന്നാലെയാണ് കറുത്ത വെള്ളിയാഴ്ചകളെപ്പറ്റിയുള്ള ആകുലതകള്‍ വ്യാപകമായത്. അമേരിക്കന്‍ സര്‍ക്കാരിന്റെ ബോണ്ടില്‍ നിന്നുള്ള ആദായത്തിന്റെ നിരക്ക് ഉയര്‍ന്നതാണ് വിപണികളുടെ തകര്‍ച്ചയുടെ കാരണം എന്നാണ് പണ്ഡിത മതം. എന്തുകൊണ്ടാണ് അമേരിക്കന്‍ ട്രഷറി ബോണ്ട് ലോകത്തിലെ ഓഹരി കമ്പോളങ്ങളില്‍ പ്രകമ്പനം സൃഷ്ടിക്കുന്നത്. എല്ലാ നല്ല കാര്യങ്ങള്‍ക്കും അവസാനമുണ്ടാകും എന്ന ലോകതത്വത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തിലെ ഓഹരി കമ്പോളങ്ങളിലെ ചാഞ്ചാട്ടത്തെ വിലയിരുത്താന്‍ കഴിയുമോ?

നിക്ഷേപകരുടെ സെന്റിമെന്റ്‌സ് ലോകമാകെ നിര്‍ണ്ണയിക്കുന്നതില്‍ ട്രഷറി ബോണ്ട് വഹിക്കുന്ന പങ്കിനെക്കുറിച്ചുളള ധാരണ ഈയൊരു ചോദ്യത്തിന് ഉത്തരം കണ്ടെത്തുവാന്‍ സഹായിക്കും. കോവിഡ് വരുത്തിവെച്ച ദുരിതങ്ങള്‍ താമസിയാതെ കെട്ടടങ്ങുമെന്ന സൂചനകള്‍ സാമ്പത്തിക മേഖലയുടെ ത്വരിതഗതിയിലുള്ള തിരിച്ചുവരവിന് കളമൊരുക്കുമെന്ന ആത്മവിശ്വാസം ഗണ്യമായി ഉയര്‍ത്തിയെങ്കിലും നാണയപ്പെരുപ്പത്തെ കുറിച്ചുള്ള വ്യാകുലതകളും വര്‍ദ്ധിപ്പിച്ചു. ഈയൊരു പശ്ചാത്തലത്തിലാണ് അമേരിക്കന്‍ ബോണ്ടുകളുടെ പങ്കിനെ വിലയിരുത്താനാവുക. ആപ്പിള്‍ കമ്പനിയുടെ ഓഹരിയിലാണോ, ജങ്ക് ബോണ്ടിലാണോ കൂടുതല്‍ മൂല്യം എന്ന വിലയിരുത്താനുള്ള താരതമ്യത്തിന്റെ പ്രധാന ഉപാധിയാണ് അമേരിക്കന്‍ സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന കടപ്പത്രം അഥവ ട്രഷറി ബോണ്ടുകള്‍. അമേരിക്കന്‍ സര്‍ക്കാരിന്റെ കടം വാങ്ങലിന്റെ പ്രധാന ഉപകരണമാണ് ഈ ബോണ്ടുകള്‍. ട്രഷറി ബോണ്ടുകള്‍ വര്‍ഷങ്ങളായി നിക്ഷേപകര്‍ക്ക് നല്‍കുന്ന ആദായം അഥവാ യീല്‍ഡ് വളരെ തുച്ഛമാണ്. ഓഹരിയും മറ്റുള്ള നിക്ഷേപങ്ങളും കൂടുതലായി നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനുള്ള കാരണം അതാണ്. ട്രഷറി ബോണ്ടില്‍ നിന്നുള്ള ആദായം ഉയരുന്നതിന്റെ സൂചന വരുന്നതോടെ സ്വാഭാവികമായും മറ്റുള്ള നിക്ഷേപക ഉപകരണങ്ങള്‍ സമ്മര്‍ദ്ദത്തിലാവും. 10-വര്‍ഷത്തെ കാലാവധിയുള്ള ബോണ്ടിന്റെ ആദായം ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ നിലനിന്ന 0.90 ശതമാനത്തില്‍ നിന്നും 1.50 ശതമാനമായി ഉയര്‍ന്നതോടെയാണ് ഓഹരി വിപണികള്‍ തഴേക്കു പോയത്.
ബോണ്ടില്‍ നിന്നുള്ള ആദായം ഇപ്പോള്‍ ഉയരുവാനുള്ള കാരണം എന്താണ്? നാണയപ്പെരുപ്പത്തിന്റെ തോത് ഉയരുമെന്ന ആശങ്കകളാണ് ഒരു പ്രധാന കാരണം. കടപ്പത്രത്തില്‍ നിക്ഷേപിക്കുന്നവരുടെ ബദ്ധ ശത്രുവാണ് നാണയപ്പെരുപ്പം. നാണയപ്പെരുപ്പത്തിന്റെ തോത് ഉയരുകയെന്നു വച്ചാല്‍ വിലക്കയറ്റം എന്നാവുമ്പോള്‍ സ്വാഭാവികമായും ബോണ്ടില്‍ നിന്നും ഭാവിയില്‍ ലഭിക്കുന്ന വരുമാനത്തിന്റെ ക്രയമൂല്യം കുറയും. നാണയപ്പെരുപ്പത്തിന്റെ സാധ്യതകള്‍ ഉയരുമ്പോള്‍ ബോണ്ടിന്റെ വില താഴോട്ടു പോവും. സാമ്പത്തിക മേഖല ആരോഗ്യകരമായി നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഏറ്റവും സുരക്ഷിത നിക്ഷേപ ഉപകരണമെന്നു കരുതപ്പെടുന്ന കടപ്പത്രങ്ങള്‍ക്ക് ആവശ്യക്കാര്‍ അധികമുണ്ടാവില്ല.
ബോണ്ടിന്റെ വില കുറയുമ്പോള്‍ അതില്‍ നിന്നുള്ള ആദായം ഉയരുന്നതിന്റെ രഹസ്യമെന്താണ്. ാെ ശതമാനം പലിശനിരക്കില്‍ 100 ഡോളറിന്റെ കടപ്പത്രം വാങ്ങിയെന്നിരിക്കുക. നാണയപ്പെരുപ്പത്തിന്റെ തോത് ഉയരുമെന്ന് ആശങ്കപ്പെടുന്ന നിക്ഷേപകന്‍ അത് 90 ഡോളറിന് കൈമാറ്റം ചെയ്യുന്നു. 90 ഡോളറിന് കടപ്പത്രം വാങ്ങിയ വ്യക്തിയുടെ നിക്ഷേപത്തിന് ഒരു ശതമാനത്തില്‍ കൂടുതല്‍ ആദായം ഉറപ്പാണ്. കാരണം കടപ്പത്രം വില്‍ക്കുമ്പോള്‍ 100 ഡോളര്‍ തന്നെ ആ വ്യക്തിക്ക് ലഭിക്കും.
10-വര്‍ഷത്തെ കടപ്പത്രത്തിന്റെ ആദായം ഉയര്‍ന്ന 1.5 ശതമാനം എത്തിയെങ്കിലും അത് ഇപ്പോഴും വളരെ കുറഞ്ഞ നിരക്കാണ്. രണ്ട് വര്‍ഷത്തിനു മുമ്പള്ള ആദായം 2.60 ശതമാനവും രണ്ട് ദശകങ്ങള്‍ക്ക് മുമ്പ് 5 ശതമാനവും ആയിരുന്നു. ബോണ്ടിന്റെ ആദായം പഴയ നിരക്കുകളില്‍ ഉടനെ എത്തുന്നതിനുള്ള സാധ്യതകള്‍ വിരളമാണ്. ഈ വര്‍ഷം അവസാനത്തോടെ 2-ശതമാനത്തിന്റെ നിരക്കില്‍ എത്തുമെന്നാണ് ചില വിദഗ്ധരുടെ അഭിപ്രായം. എന്നാല്‍ വളരെ താമസിയാതെ നിരക്കുകള്‍ ഉയരുമെന്നു കരുതുന്നവരും വിരളമല്ല.
.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it