'ബമ്പര്‍ ഐ.പി.ഒ' ശോഭയില്‍ പ്രാഥമിക ഓഹരി വിപണി

പ്രാഥമിക ഓഹരി വിപണിയില്‍ പണമിറക്കാനുള്ള നിക്ഷേപകരുടെ ഭ്രമം പ്രകടമെന്ന് നിരീക്ഷകര്‍. 2019ല്‍ ഐപിഒ വഴി വിപണിയില്‍ ലിസ്റ്റ് ചെയ്ത 14 ലേറെ കമ്പനികളില്‍ ഒമ്പതും മികച്ച നേട്ടമുണ്ടാക്കിയത് വിപണിയെ ആവേശത്തിലാഴ്ത്തി.

ഇതില്‍ സിഎസ്ബി ബാങ്കിന്റെ ഓഹരി ലിസ്റ്റ് ചെയ്ത് മിനിറ്റുകള്‍ക്കകം 56 ശതമാനം നേട്ടമുണ്ടാക്കി. നേരത്തെ ഐആര്‍സിടിസി ഓഹരി 110 ശതമാനവും. ലിസ്റ്റ് ചെയ്ത കമ്പനികളില്‍ ഒമ്പതെണ്ണം ഏഴ് ശതമാനം മുതല്‍ 110 ശതമാനം വരെ നേട്ടം നിക്ഷേപകന് നല്‍കി. ഇഷ്യു വിലയിലും കുറഞ്ഞ നിരക്കില്‍ ലിസ്റ്റ് ചെയ്തത് മൂന്നെണ്ണം മാത്രം.

അമേരിക്ക- ചൈന വ്യാപാര തര്‍ക്കവും രാജ്യത്തെ സാമ്പത്തിക തളര്‍ച്ചയും നിലനില്‍ക്കവേ വിദേശ നിക്ഷേപകര്‍ പണം പിന്‍വലിക്കുന്നതുള്‍പ്പടെയുള്ള പ്രതികൂല സാഹചര്യങ്ങളുണ്ടായിട്ടും പ്രാഥമിക ഓഹരി വിപണിയെ നിക്ഷേപകര്‍ വിശ്വാസത്തിലെടുക്കുന്നു.'വലിയ ലിസ്റ്റിംഗ് നേട്ടങ്ങള്‍ പ്രതീക്ഷിക്കുന്നതിനാലാണ് ഗ്രേ മാര്‍ക്കറ്റ് സജീവമാകുന്നത്,' പ്രൈം ഡാറ്റാബേസ് മാനേജിംഗ് ഡയറക്ടര്‍ പ്രണവ് ഹാല്‍ദിയ പറഞ്ഞു.

ഇന്ത്യ മാര്‍ട്ട്, ഇന്റര്‍മെഷ് എന്നീ ഓഹരികള്‍ ജൂലൈയില്‍ ലിസ്റ്റ് ചെയ്തപ്പോള്‍ മികച്ച നേട്ടമാണ് നിക്ഷേപകന് നേടിക്കൊടുത്തത്. ഐപിഒ വിലയേക്കാള്‍ 95 ശതമാനമാണ് ബിഎസ്ഇയില്‍ ഇവയുടെ വില ഉയര്‍ന്നത്. ഇതിനു പിന്നാലെ വന്ന നിയോജെന്‍ കെമിക്കല്‍സ് 76 ശതമാനം നേട്ടമുണ്ടാക്കി.

അഫ്ലെ ഇന്ത്യ ലിമിറ്റഡ്, മെട്രോപോലിസ് ഹെല്‍ത്ത്കെയര്‍ എന്നിവ യഥാക്രമം 49ഉം 40ഉം ശതമാനം നേട്ടംനല്‍കി. പോളികാബ് ഇന്ത്യ, റെയില്‍ വികാസ് നിഗം, ചാലെറ്റ് ഹോട്ടല്‍സ്, സ്പന്ദന ഫിനാന്‍ഷ്യല്‍ എന്നിവ യഥാക്രമം 24ഉം 21ഉം 12ഉം 7ഉം ശമതാനം നേട്ടം ലിസ്റ്റ് ചെയ്തപ്പോള്‍ നേടി. ഈ കമ്പനികള്‍ക്ക് അപവാദമായി മാര്‍ച്ചിലെത്തിയ എംഎസ്ടിസി 24 ശതമാനവും ഓഗസ്റ്റില്‍ വിപണിയിലെത്തിയ സെറ്റര്‍ലിങ് ആന്‍ഡ് വില്‍സണ്‍ സോളാര്‍ 23 ശതമാനവും നഷ്ടത്തിലാണ് ലിസ്റ്റ് ചെയ്തത്.

ഉജ്ജീവന്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് ഐപിഒ വന്‍ വിജയമായിക്കഴിഞ്ഞു. ഓഹരി ഉടനെ വിപണിയില്‍ ലിസ്റ്റ് ചെയ്യും. അതോടൊപ്പം എസ്ബിഐ കാര്‍ഡ് ഉള്‍പ്പടെയുള്ള കമ്പനികള്‍ ഐപിഒയുമായി വൈകാതെ രംഗത്തുവരും.16,000 കോടിയിലധികം രൂപ സമാഹരിക്കുന്നതിന് 24 ലേറെ കമ്പനികളാണ് സെബിയുടെ അനുമതിക്കായി കാത്തിരിക്കുന്നുണ്ട്. ബജാജ് എനര്‍ജി, ശ്രീരാം പ്രോപ്പര്‍ട്ടീസ്, ഇമാമി സിമെന്റ്, പെന്ന സിമെന്റ്, ഇന്ത്യന്‍ റിന്യൂവബ്ള്‍ എനര്‍ജി ഡെവലപ്മെന്റ് ഏജന്‍സി, ശ്യാം മറ്റാലിക്സ് ആന്‍ഡ് എനര്‍ജി തുടങ്ങിയവയാണവ.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it