കോവിഡ് കാലത്ത് ഓഹരി വിപണിയിലെത്താന്‍ കമ്പനികളുടെ തിരക്ക്; കാരണം ഇതാണ്

ഓഹരി വിപണിയില്‍ ലിസ്റ്റിംഗ് നടത്തുന്നതിന്റെ ഭാഗമായി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യില്‍ ഈ മാസം ഇതുവരെ രേഖകള്‍ സമര്‍പ്പിച്ചിരിക്കുന്നത് 12 കമ്പനികള്‍. 2018 മാര്‍ച്ചിന് ശേഷമാണ് ഒരു മാസം ഇത്രയേറെ കമ്പനികള്‍ സെബിയില്‍ ഐപിഒ നടപടികളുടെ ഭാഗമായുള്ള ഡിആര്‍എച്ച്പി ഫയല്‍ ചെയ്യുന്നത്.

12 കമ്പനികളെല്ലാം കൂടി ഓഹരി വിപണിയില്‍ നിന്ന് സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത് 22,230 കോടി രൂപയാണ്.
കമ്പനികള്‍ എന്തുകൊണ്ട് തിക്കിത്തിരക്കുന്നു?
കമ്പനികളുടെ പ്രാഥമിക ഓഹരി വില്‍പ്പനയുടെ ഭാഗമായാണ് സെബിയില്‍ കമ്പനികള്‍ ഡിആര്‍എച്ച്പി സമര്‍പ്പിക്കുന്നത്. ഡിആര്‍എച്ച്പിയില്‍ രേഖപ്പെടുത്തുന്ന സാമ്പത്തിക കണക്കുകള്‍ 135 ദിവസത്തിനുള്ളില്‍ ഉള്ളതായിരിക്കണം. ഇതുപ്രകാരം ഡിസംബറില്‍ അവസാനിച്ച ത്രൈമാസത്തിലെ കണക്കുകള്‍ പ്രകാരം ഡിആര്‍എച്ച്പി സമര്‍പ്പിക്കാനുള്ള അവസാന തിയതി മെയ് 14 ആയിരുന്നു. മെയ് 14 കഴിഞ്ഞാല്‍ 2021 മാര്‍ച്ച് മാസത്തില്‍ അവസാനിക്കുന്ന ത്രൈമാസത്തിലെ സാമ്പത്തിക വിവരങ്ങള്‍ ചേര്‍ക്കണം. ആ കണക്കുകള്‍ ചേര്‍ത്ത് ഡിഎച്ച്ആര്‍പി സമര്‍പ്പിക്കാന്‍ കാലതാമസം നേരിടേണ്ടി വന്നാല്‍ ഐ പി ഒ നടപടികള്‍ ദീര്‍ഘിക്കേണ്ടി വരും. ഇത് പരിഗണിച്ചാണ് കമ്പനികള്‍ ഡിസംബറില്‍ അവസാനിച്ച ത്രൈമാസത്തിലെ കണക്കുകള്‍ ചേര്‍ത്ത് രേഖകള്‍ സമര്‍പ്പിക്കാന്‍ തിടുക്കം കാണിക്കുന്നതെന്ന് നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ഐപിഒ നടപടികളുടെ ഭാഗമായി സമര്‍പ്പിക്കുന്ന സാമ്പത്തിക കണക്കുകള്‍ക്ക് നിര്‍ണായക പ്രാധാന്യമുണ്ട്. ഇപ്പോള്‍ സമര്‍പ്പിക്കപ്പെട്ടിരുന്ന ഡിആര്‍എച്ച്പിയുടെ സെബി പരിശോധനകള്‍ പൂര്‍ത്തിയാകാന്‍ രണ്ടുമൂന്നുമാസമെടുക്കും. അതിനുശേഷമാകും കമ്പനികള്‍ക്ക് ഐ പി ഒ നടത്താനുള്ള അന്തിമ അനുമതി സെബി നല്‍കുക. അങ്ങനെയെങ്കില്‍ ഇപ്പോള്‍ ഡിആര്‍എച്ച്പി സമര്‍പ്പിച്ച കമ്പനികള്‍ക്ക് നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം ത്രൈമാസത്തില്‍ ഐ പി ഒ നടത്താന്‍ സാധിക്കും.

2019, 2020 വര്‍ഷത്തിലെല്ലാം ശരാശരി രണ്ടോ മൂന്നോ കമ്പനികള്‍ മാത്രമാണ് ഐപിഒ നടപടികളുടെ ഭാഗമായി സെബിയില്‍ രേഖകള്‍ സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ ഈ വര്‍ഷം മാസത്തില്‍ ശരാശരി ഏഴ് കമ്പനികളാണ്. ഈ വര്‍ഷം ഇതുവരെ 34 കമ്പനികള്‍ സെബിയെ ഐപിഒ നടപടികളുടെ ഭാഗമായി സമീപിച്ചിട്ടുണ്ട്.
ഈ കമ്പനികള്‍ ഓഹരി വിപണിയിലേക്ക്
കഴിഞ്ഞ ആഴ്ചയില്‍ ഐ പി ഒ നടപടികള്‍ തുടക്കം കുറിച്ചിരിക്കുന്ന പ്രധാന കമ്പനികള്‍ ഗോ എയര്‍ലൈന്‍സ്, പെന്ന സിമന്റ്, അപ്‌ടെസ് വാല്യു, വിന്‍ഡ്‌ലാസ് ബയോടെക്, ദേവ്യാനി ഇന്റര്‍നാഷണല്‍, സുപ്രിയ ലൈഫ് സയന്‍സസ് തുടങ്ങിയവയാണ്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it