നാല് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍ സിപിസിഎല്‍, 5 ദിവസത്തിനിടെ ഓഹരിവില ഉയര്‍ന്നത് 25 ശതമാനം

ഓഹരി വിപണിയില്‍ കുതിച്ചുമുന്നേറി നാല് വര്‍ഷത്തെ ഉയര്‍ന്ന നില തൊട്ട് ചെന്നൈ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (CPCL). വെള്ളിയാഴ്ച വിപണിയില്‍ അഞ്ച് ശതമാനം ഉയര്‍ന്ന സിപിസിഎല്‍ 343 രൂപ തൊട്ടു. ശക്തമായ വരുമാനത്തിന്റെ ഫലമായി കഴിഞ്ഞ ഒന്നര മാസത്തിനിടെ സ്റ്റോക്ക് 150 ശതമാനത്തിലധികമാണ് ഉയര്‍ന്നത്.

അഞ്ച് ദിവസത്തിനിടെ മാത്രം ഓഹരി വിലയില്‍ 25 ശതമാനത്തിന്റെ നേട്ടമുണ്ടായി. 2018 ഏപ്രിലിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന തലത്തിലാണ് ഈ ഓഹരി വ്യാപാരം നടത്തുന്നത്. 2007 നവംബറിലെ 490 രൂപയാണ് ഈ ഓഹരിയുടെ റെക്കോര്‍ഡ് ഉയര്‍ന്ന നിരക്ക്. സിപിസിഎല്‍ ഡൗണ്‍സ്ട്രീം പെട്രോളിയം മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. മൂല്യവര്‍ധിത പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഒരു നിര തന്നെ സിപിസിഎല്ലിനുണ്ട്.
2022 സാമ്പത്തിക വര്‍ഷത്തിലെ അവസാനപാദത്തില്‍ സിപിസിഎല്‍ അതിന്റെ ഏകീകൃത അറ്റാദായത്തില്‍ നാലിരട്ടി വര്‍ധനവാണ് രേഖപ്പെടുത്തിയത്. 1,002 കോടി രൂപ. മാര്‍ച്ച് പാദത്തിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍വര്‍ഷത്തെ പാദത്തിലെ 14,705 കോടി രൂപയില്‍ നിന്ന് 43 ശതമാനം ഉയര്‍ന്ന് 20,997 കോടി രൂപയായി. 202122 സാമ്പത്തിക വര്‍ഷത്തില്‍ സിപിസിഎല്ലിന്റെ ഏകീകൃത അറ്റാദായം 2021 സാമ്പത്തിക വര്‍ഷത്തിലെ 257 കോടി രൂപയില്‍ നിന്ന് 426 ശതമാനം ഉയര്‍ന്ന് 1,352 കോടി രൂപയായി. വരുമാനം 43 ശതമാനം വര്‍ധിച്ച് 60,074 കോടി രൂപയായി.
2022 ഏപ്രില്‍ 28 ന്, നിക്ഷേപകനായ ഡോളി ഖന്ന 26.31 കോടി രൂപ വിലമതിക്കുന്ന സിപിസിഎല്ലിന്റെ 0.67 ശതമാനം ഓഹരികള്‍ (1 ദശലക്ഷം ഓഹരികള്‍) എന്‍എസ്ഇയിലെ ഓപ്പണ്‍ മാര്‍ക്കറ്റ് പര്‍ച്ചേസിലൂടെ വാങ്ങിയിരുന്നു. 263.15 രൂപയ്ക്കാണ് ഡോളി ഖന്ന ഓഹരികള്‍ വാങ്ങിയത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it