ഇമുദ്ര ഐപിഒ മെയ് 20 മുതല്‍; പ്രൈസ് ബാൻഡ് 260രൂപയിൽ താഴെ

രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കറ്റ് ദാതാക്കളായ ഇമുദ്ര ലിമിറ്റഡ് (eMudra) പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് ഒരുങ്ങുന്നു. മെയ് 20 മുതല്‍ 24 വരെയാണ് ഐപിഒ. 243-256 രൂപ നിരക്കിലാണ് ഐപിഒയുടെ പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്.

അങ്കര്‍ നിക്ഷേപകര്‍ക്കുള്ള ബിഡ്ഡിംഗ് മെയ് 19ന് ആരംഭിക്കും. ഓഹരികളുടെ അലോട്ട്‌മെന്റ് മെയ് 30നും ലിസ്റ്റിംഗ് ജൂണ്‍ ഒന്നിനും നടത്താനാണ് ലക്ഷ്യമിടുന്നത്. 161 കോടിയുടെ പുതിയ ഓഹരികളും ഓഫര്‍ ഫോര്‍ സെയിലിലൂടെ 9.84 മില്യണ്‍ ഓഹരികളുമാണ് ഐപിഒയ്ക്ക് എത്തുന്നത്. ഉയര്‍ന്ന പ്രൈസ്ബാന്‍ഡില്‍ 413 രൂപ സമാഹാരിക്കാന്‍ ഐപിഒയിലൂടെ ഇമുദ്രയ്ക്ക് സാധിക്കും.

പ്രവര്‍ത്തന മൂലധനത്തിലേക്കും കട ബാധ്യതകള്‍ വീട്ടാനുമാവും ഐപിഒയിലൂടെ സമാഹരിക്കുന്ന പണം ഉപയോഗിക്കുക. കൂടാതെ ഇന്ത്യയിലും വിദേശത്തുമായി ഡാറ്റാ സെന്ററുകള്‍ സ്ഥാപിക്കാനും പുതിയ ഉപകരണങ്ങള്‍ വാങ്ങാനും സമാഹരിക്കുന്ന തുകയുടെ ഒരു വിഹിതം ഉപയോഗിക്കും.

ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് മേഖലയില്‍ രാജ്യത്ത് 37.9 ശതമാനം വിപണി വിഹിതമുള്ള സ്ഥാപനമാണ് ഇമുദ്ര. സ്ഥാപനത്തിന്റെ റീട്ടെയില്‍ ഉപഭോക്താക്കളുടെ എണ്ണം 2020-21 കാലയളവില്‍ മുന്‍വര്‍ഷത്തെ 58872ല്‍ നിന്ന് 1.15 ലക്ഷമായി ഉയര്‍ന്നിരുന്നു. 249ല്‍ നിന്ന് 518 ആയാണ് ഇക്കാലയളവില്‍ എന്റര്‍പ്രൈസ് ഉപഭോക്താക്കളുടെ എണ്ണം വര്‍ധിച്ചത്. 2020-21 കാലയളവില്‍ 132.45 കോടി രൂപയുടെ വരുമാനം നേടിയ ഇമുദ്രയുടെ അറ്റാദായം 25.36 കോടി രൂപയായിരുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അറ്റാദായത്തില്‍ 6.94 കോടി രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it