സ്വര്‍ണത്തില്‍ ഇനിയും നിക്ഷേപിക്കുന്നത് തിരിച്ചടിയാകുമോ?

രാജ്യത്ത് സ്വര്‍ണ വില പവന് 40000 കടന്നു മുന്നേറുകയാണ്. മള്‍ട്ടി കമ്മൊഡിറ്റി എക്‌സ്‌ചേഞ്ചില്‍ സ്‌പോട്ട് ഗോള്‍ഡ് വില 52,110(10 ഗ്രാമിന്) രൂപയാണ്. ഈ വര്‍ഷം ഇതു വരെ ആഭ്യന്തര സ്വർണവില 30ശതമാനവും സ്പോട്ട് ഗോൾഡ് വില 33 ശതമാനവും വർധിച്ചിട്ടുണ്ട്.

അടുത്ത ആറേഴ് മാസങ്ങള്‍ക്കുള്ളില്‍ സ്വര്‍ണവില ഔണ്‍സിന് 2000 ഡോളര്‍ കടക്കുമെന്നാണ് ഒരാഴ്ച മുന്‍പ് സിറ്റി ഗ്രൂപ്പ് പ്രവചിച്ചത്. എന്നാല്‍ അതിവേഗം ആ ലക്ഷ്യത്തിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണ് ഇപ്പോള്‍ സ്വര്‍ണം. ഇപ്പോഴത്തെ ഈ റാലിയില്‍ അവസരം നഷ്ടമായ പലരും പുതുതായി സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നു. അതേ സമയം നിലവിലുള്ള നിക്ഷേപകരാകട്ടെ ഇനിയും വില കൂടിയേക്കുമെന്ന കണക്കുകൂട്ടലില്‍ നിക്ഷേപ വിഹിതം ഉയര്‍ത്തുന്നതിനെ കുറിച്ചും ആലോചിക്കുന്നു. സ്വര്‍ണത്തില്‍ നിക്ഷേപിച്ചിട്ടുള്ളവരും ഇപ്പോള്‍ നിക്ഷേപിക്കാനാഗ്രഹിക്കുന്നവരും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് വിദഗ്ധര്‍ പറയുന്നത് എന്താണെന്ന് നോക്കാം.

തിരുത്തലുണ്ടായാലും മുന്നേറ്റം തുടരും

പ്രിന്‍സ് ജോര്‍ജ്, മാനേജിംഗ് ഡയറക്ടര്‍ഡി,ബിഎഫ്‌സ്

വളരെ പെട്ടെന്നാണ് സ്വര്‍ണവിലയില്‍ കുതിപ്പുണ്ടായത്. ഔണ്‍സിന് 1200 ഡോളറായിരുന്ന അന്താരാഷ്ട്രവില 1900 ഡോളറിനു മുകളിലേക്ക് എത്തിയിരിക്കുന്നു. അതേ പോലെ രാജ്യത്ത് സ്വര്‍ണവില പവന് 31000-32000 ലെവലില്‍ നിന്ന് 40000 ത്തിലേക്ക് എത്താനും അധിക സമയമെടുത്തില്ല. ഈ കയറ്റം ചെറുതായൊന്നു തട്ടി നിന്നാല്‍ പോലും രണ്ടു മൂന്നു മാസത്തിനുള്ളില്‍ തന്നെ പുതിയ ഉയര്‍ച്ചകള്‍ മറികടക്കാനാണ് സാധ്യത. നിലവിലെ നിക്ഷേപകരെ സംബന്ധിച്ച് അവര്‍ക്ക് തുടര്‍ന്നു പോകാം.

കോവിഡിനെ പ്രതിരോധിക്കാന്‍ അമേരിക്ക അടക്കമുള്ള പല വികിസിത വിപണികളും വലിയ തോതിലുള്ള ഉത്തേജക പാക്കേജുകളൊക്കെ പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇതിലൂടെ വരുന്ന ലിക്വിഡിറ്റിയാണ് വഴി മാറി സ്വര്‍ണത്തിലേക്ക് വരുന്നത്.

വേറെ ഒരു അസറ്റ് ക്ലാസും മികച്ച റിട്ടേണ്‍ നല്‍കുന്നില്ല എന്നതുകൊണ്ടാണ് എല്ലാവരും സ്വര്‍ണത്തിലേക്ക് മാറുകയാണ്. ഓഹരി വിപണിയില്‍ നോക്കായാല്‍ ഇന്‍ഡെക്‌സുകള്‍ കയറുന്നുണ്ടെങ്കിലും വളരെ കുറച്ച് ഓഹരികള്‍ മാത്രമാണ് നല്ല പ്രകടനം കാഴ്ചവയ്ക്കുന്നത്. അതും വമ്പന്‍ കമ്പനികളുടേത് മാത്രം. ഇന്ത്യയില്‍ മാത്രമല്ല ലോകവിപണികളില്‍ മിക്കയിടത്തും അങ്ങനെ തന്നെയാണ്. അല്ലാതെ വൈഡ് ആയിട്ടുള്ള ഒരു നിക്ഷേപം നടക്കുന്നില്ല.

അമേരിക്ക ഇനിയും ഒരു ട്രില്യണ്‍ ഡോളറിന്റെ പാക്കേജ് പ്രഖ്യാപിക്കുമെന്നാണ് പറയുന്നത്. അങ്ങനെയാണെങ്കില്‍ വീണ്ടും സ്വര്‍ണവില കൂടും. സ്വര്‍ണത്തില്‍ ഇപ്പോള്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നത് ബാങ്കുകളും വിവിധ രാജ്യങ്ങളുടെ സെന്‍ട്രല്‍ ബാങ്കുകളുമൊക്കെയാണ്. അനിശ്ചിതാവസ്ഥ നിലനില്‍ക്കുന്നതാണ് സ്വര്‍ണത്തെ ആശ്രയിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഇപ്പോഴത്തെ സ്ഥിതിയില്‍ മാറ്റം വന്നാല്‍ സ്വര്‍ണത്തിന്റെ വില കുറെച്ചാന്നു കുറയാം. എന്നാല്‍ ലഭ്യത കുറവാണ് എന്നതിനാല്‍ അധികം താഴേക്ക് പോകാനിടയില്ല.

ഹ്രസ്വകാലത്തില്‍ ഇപ്പോഴത്തെ ഈ റാലി അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് 2300 ഡോളര്‍ കടക്കാനുള്ള സാധ്യതയുണ്ട്. ഇതിനിടയില്‍ ഒരു തിരുത്തലുണ്ടാകും. എന്നാലും ഒരു വര്‍ഷം കൊണ്ട് വീണ്ടും സ്വര്‍ണം മുകളിലേക്ക് പോകും.

പുതിയ നിക്ഷേപകര്‍ അല്‍പ്പം കാത്തിരിക്കുക

ഹരീഷ് വി, കമ്മോഡിറ്റി റിസര്‍ച്ച് ഹെഡ്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്

നിലവിലെ നിക്ഷേപകര്‍ക്ക് സ്വര്‍ണത്തിലെ നിക്ഷേപം തുടര്‍ന്നുകൊണ്ടുപോകാവുന്നതാണ്. എന്നാല്‍ പുതിയ നിക്ഷേപകര്‍ അല്‍പം കാത്തിരിക്കുന്നതാണ് നല്ലത്. കാരണം ഇപ്പോള്‍ ഏറ്റവും ഉയരത്തില്‍ എത്തി നില്‍ക്കുകയാണ്. ചെറിയൊരു സാങ്കേതിക തിരുത്തലിനു സാധ്യതയുണ്ട്. ആ സമയത്ത് വേണമെങ്കില്‍ നിക്ഷേപിക്കാം. 10-15 ശതമാനം വരെ നിക്ഷേപം സ്വർണത്തിലേക്ക് മാറ്റം. ഇപ്പോള്‍ സ്‌പോട്ട് ഗോള്‍ഡ് വില 1971 ഡോളറാണ്. 2000 ഡോളര്‍ വരെ സൈക്കോളജിക്കല്‍ ലെവലാണ്. അതു മറികടന്നാല്‍ ആദ്യ ഘട്ടത്തില്‍ തന്നെ ഔണ്‍സിന് 2300 ഡോളര്‍ കടന്ന് മുന്നേറാന്‍ സാധ്യത കാണുന്നുണ്ട്. ഇന്ത്യയില്‍ വില 10 ഗ്രാമിന് 62,000 മുതല്‍ 64,000 രൂപ വരെ പോയേക്കാം.

അടിസ്ഥാനപരമായി വിപണി കരുത്തുറ്റതാണ്. മൂന്നു കാര്യങ്ങളാണ് പ്രധാനമായും സ്വര്‍ണത്തിന് അനുകൂലമായി നില്‍ക്കുന്നത്. ഓഹരി വിപണിയിലെ റാലിയില്‍ നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം പോര. മാത്രമല്ല കഴിഞ്ഞ രണ്ടര വര്‍ഷമായി യുഎസ് ഡോളര്‍ താഴേക്ക് പോവുകയാണ്. കൂടാതെ യുഎസ്- ചൈന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെ പോകുന്നു. ഇതെല്ലാം സുരക്ഷിത നിക്ഷേപമെന്ന രീതിയില്‍ സ്വര്‍ണത്തെ കാണാനിടയാക്കുന്നുണ്ട്.

ഭൗതിക രൂപത്തിലുള്ള സ്വര്‍ണ നിക്ഷേപവും വില്‍പ്പനയും കുറച്ചു കാലത്തേക്കെങ്കിലും മികച്ച ഓപ്ഷനായിരിക്കില്ല. സോവറിന്‍ ഗോള്‍ഡ് ബോണ്ടിലൂടെ നിക്ഷേപിക്കുന്നതാണ് കൂടുതല്‍ നല്ലത്. ലിക്വിഡിറ്റിയ്ക്ക് പ്രാധാന്യം നല്‍കുന്നുവെങ്കില്‍ ഇടിഎഫ് പരിഗണിക്കാം.

10 ശതമാനം വരെ സ്വര്‍ണം ആകാം

മനോജ് കുമാര്‍, ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസര്‍, കെഎംകെ ഫിനാന്‍സ്

ഒരാളുടെ പോര്‍ട്ട്‌ഫോളിയോയില്‍ അഞ്ച് മുതല്‍ 10 ശതമാനം വരെ സ്വര്‍ണം വേണമെന്നാണ് ഞങ്ങള്‍ ക്ലെയ്ന്റ്‌സിനോട് പറയുന്നത്. കാരണം അനിശ്ചിതത്വങ്ങളുടെ നാളുകളില്‍ മികച്ച നേട്ടം തരാന്‍ സ്വര്‍ണത്തിന് സാധിക്കും. പരമ്പരാഗതമായി ഈ ഒരു കാരണം കൊണ്ടു തന്നെയാണ് ആളുകള്‍ സ്വര്‍ണം കൈവശം സൂക്ഷിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ പലരും ആഭരണ രൂപത്തിലാണ് നിക്ഷേപിക്കുന്നത്. ഒരു ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങുന്ന കസ്റ്റമര്‍ക്ക് കിട്ടുന്നത് 15 ശതമാനം കുറവാണ്(നികുതിയും പണിക്കൂലിയുമൊക്കെ കുറച്ചാല്‍). തിരിച്ചത് ഒരു ലക്ഷമാകണമെങ്കില്‍ 17 ശതമാനം വര്‍ധനയുണ്ടാകണം. ഇനി വിറ്റു പിന്‍മാറുകയാണെങ്കില്‍ വീണ്ടുമൊരു രണ്ടു ശതമാനത്തില്‍ കൂടുതല്‍ കുറവു വരും. അങ്ങനെ നോക്കുകയാണെങ്കില്‍ 20 ശതമാനമെങ്കിലും വില വര്‍ധനയുണ്ടായാല്‍ മാത്രമേ കസ്റ്റമര്‍ക്ക് ലാഭമുണ്ടാകു.

സോവറിന്‍ ഗോള്‍ഡ് ബോണ്ട് പോലുള്ള മാര്‍ഗങ്ങളില്‍ നിക്ഷേപിച്ചാല്‍ ഈ ഒരു പ്രശ്‌നം പരിഹരിക്കാനും നേട്ടമുണ്ടാക്കാനും സാധിക്കും. അനിശ്ചിതത്വങ്ങളുടെ നാളുകള്‍ തുടര്‍ന്നു പോകുന്നതു കൊണ്ട് ആറു മുതല്‍ എട്ട് മാസം വരെ ഈ റാലി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആവശ്യം വന്നുകഴിഞ്ഞാല്‍ സെന്‍ട്രല്‍ ബാങ്ക് സ്വര്‍ണം വിറ്റേക്കാമെന്ന ചില സംസാരമുണ്ട്. അങ്ങനെ വന്നാലും ഒരു പിരിധിയില്‍ കൂടുതല്‍ വില താഴേക്കുപോകാനിടയില്ല. സ്വര്‍ണവില ഗ്രാമിന് 7500 രൂപ വരെയെങ്കിലും പോയേക്കാമെന്നാണ് ഇപ്പോഴത്തെ അവസ്ഥയില്‍ കണക്കാക്കുന്നത്. ഈ സമയത്ത് നിക്ഷേപിക്കുന്നതില്‍ തെറ്റില്ല. കാരണം അസറ്റ് അലോക്കേഷന്‍ എന്ന രീതിയില്‍ നോക്കിയാല്‍ ഏതു സമയത്താണെങ്കിലും അഞ്ച്് മുതല്‍ 10 ശതമാനം വരെ സ്വര്‍ണത്തില്‍ നീക്കി വയ്ക്കണം. വില ഉയര്‍ന്നാലും ഇല്ലെങ്കിലും അവശ്യ സമയത്ത് ഉപകരിക്കാന്‍ അതുവേണം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it