Top

'പ്രമുഖ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് അടുത്ത വര്‍ഷം നേട്ടമുണ്ടാകാനിടയില്ല'

ഇന്ത്യയിലെ പ്രമുഖ ഓഹരികളില്‍ നിന്ന് അടുത്ത വര്‍ഷം മിന്നുന്ന നേട്ടം ഉണ്ടാകാന്‍ സാധ്യതയില്ലെന്ന സിറ്റി ഗ്രൂപ്പ്. കോവിഡ് ബാധയുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച ഉത്തേജക പാക്കേജുകളും വിപണിയിലേക്ക് പണം വരാനുള്ള അനുകൂല നയങ്ങളും മൂലം വന്‍തോതില്‍ ഫണ്ട് ഒഴുകി വന്നതിനാല്‍ ഈ ഓഹരികളുടെ മൂല്യം ഇപ്പോള്‍ തന്നെ ഏറെ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ആഭ്യന്തര വിപണിയില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെട്ടിട്ടില്ല. വിദേശത്തുനിന്നുള്ള ഫണ്ടിന്റെ പിന്‍ബലമുണ്ടെങ്കിലും ആഭ്യന്തര വിപണിയിലെ അവശേഷിക്കുന്ന പ്രശ്‌നങ്ങള്‍ ഓഹരി വിലകളെ സ്വാധീനിക്കുമെന്ന് സിറ്റി ഗ്രൂപ്പ് ഇന്ത്യ റിസര്‍ച്ച് മേധാവി സുരേന്ദ്ര ഗോയല്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. ''ധനലഭ്യത വിപണിക്ക് പിന്തുണയേകുമെങ്കിലും വാല്യുവേഷന്‍ ഉയര്‍ന്ന തലത്തിലാണ്; പ്രത്യേകിച്ച് കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍,'' സുരേന്ദ്ര ഗോയല്‍ വിശദീകരിക്കുന്നു.

2021 സെപ്തംബറില്‍ നിഫ്റ്റി 50 സൂചിക 11,000ത്തിലായിരിക്കുമെന്നാണ് ഇവരുടെ അനുമാനം. ഇത് ബുധനാഴ്ചയിലെ ക്ലോസിംഗിന്റെ രണ്ടുശതമാനം താഴെയാണ്.

കോവിഡും അതിനെ തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ പ്രഖ്യാപനവും മൂലം കുത്തനെ ഇടിഞ്ഞ സൂചിക 48 ശതമാനത്തോളമാണ് തിരികെ കുതിച്ചുമുന്നേറിയത്. ലോകത്തിലെ ഇതര ഓഹരി വിപണികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും മികച്ച തിരിച്ചുകയറ്റം കൂടിയായിരുന്നു അത്. അതുകൊണ്ട് തന്നെ ഓഹരികള്‍ ഏറെ വിലപിടിപ്പുള്ളതായിട്ടുണ്ട്.

പ്രതികൂലമായ വന്‍ സംഭവങ്ങളുണ്ടായില്ലെങ്കില്‍ അടുത്തവര്‍ഷം ജനുവരി - മാര്‍ച്ച് ത്രൈമാസത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഏറെക്കുറെ സാധാരണമാകാന്‍ സാധ്യതയുണ്ടെങ്കിലും പ്രാദേശിക തലത്തില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പ്രവചനാതീതമായ സാഹചര്യമാണുള്ളതെന്നും ഗോയല്‍ വ്യക്തമാക്കുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it