എഫ്ഡി, ആര്‍ഡി നിക്ഷേപങ്ങള്‍; അറിയണം, ഈ 5 കാര്യങ്ങള്‍

മൂലധന സുരക്ഷിതത്വവും സ്ഥിര വരുമാനവുമാണ് ഫികസഡ് ഡിപ്പോസിറ്റുകളേയും റിക്കറിംഗ് ഡിപ്പോസിറ്റുകളേയും നിക്ഷേപകരുടെ പ്രിയപ്പെട്ട നിക്ഷേപമാര്‍ഗമാക്കി മാറ്റുന്നത്. പ്രത്യേകിച്ചും റിസ്‌ക് എടുക്കാന്‍ ആഗ്രഹിക്കാത്ത, ഹ്രസ്വകാല ലക്ഷ്യത്തോടെ നിക്ഷേപിക്കുന്നവരുടെ. എന്നാല്‍ എഫ് ഡി, ആര്‍ഡി നിക്ഷേപകര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. എന്തൊക്കെയാണെന്ന് നോക്കാം...

അഞ്ച് ലക്ഷം രൂപയ്ക്ക് വരെ ഇന്‍ഷുറന്‍സ്

നിങ്ങള്‍ എഫ്ഡിയിലോ ആര്‍ഡിയിലോ നിക്ഷേപിക്കുന്ന അഞ്ച് ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ബാങ്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നുണ്ട്. റിസ്‌ക് എടുക്കാന്‍ വുമുഖരായിട്ടുള്ള നിക്ഷേപകര്‍ക്ക് മൂലധന പരിരക്ഷ ഉറപ്പാക്കി പരമാവധി ഉയര്‍ന്ന എഫ് ഡി നിരക്ക് നേടാന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകകളിലോ സ്വകാര്യ ബാങ്കുകളിലോ അഞ്ച് ലക്ഷത്തില്‍ കൂടാത്ത വിധത്തില്‍ നിക്ഷേപം ക്രമീകരിക്കാന്‍ ശ്രമിക്കാവുന്നതാണ്. സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ മറ്റു പൊതു മേഖലാ ബാങ്കുകളേയും സ്വകാര്യ ബാങ്കുകളേയും അപേക്ഷിച്ച് 200-300 ബേസിസ് പോയ്ന്റ് കൂടുതല്‍ പലിശ നിരക്ക് നല്‍കുന്നുണ്ട്.

ടിഡിഎസില്‍ തീരില്ല നികുതി ബാധ്യത

ഒരു സാമ്പത്തിക വര്‍ഷം എഫ്ഡിയില്‍ നിന്നുള്ള പലിശ വരുമാനമായി 40000 രൂപയില്‍ കൂടുതല്‍(മുതിര്‍ന്ന പൗരന്മാര്‍ക്ക് 50000 രൂപ) ലഭിച്ചാല്‍ ബാങ്കുകള്‍ 10 ശതമാനം ടിഡിഎസ്(സ്രോതസില്‍ നിന്നുള്ള നികുതി കിഴിവ്) ഈടാക്കും. പാന്‍ വിവരങ്ങള്‍ ബാങ്കില്‍ നല്‍കിയിട്ടില്ലാത്ത വ്യക്തികളില്‍ നിന്ന് 20 ശതമാനം ടിഡിഎസ് ഈടാക്കും. മാത്രമല്ല നിങ്ങളുടെ വരുമാന പരിധി അനുസരിച്ച് എഫ്ഡിയില്‍ നിന്നും ആര്‍ഡിയില്‍ നിന്നുമുള്ള വരുമാനത്തിന് നികുതി നല്‍കുകയും വേണം. മുതിര്‍ന്ന പൗരന്മാര്‍ക്ക് 50000 രൂപ വരെ ഡിഡക്ഷന്‍ ലഭിക്കും.

കാലാവധിക്കു മുന്‍പ് പിന്‍വലിച്ചാല്‍ പിഴ

സ്ഥിര നിക്ഷേപങ്ങളും റിക്കറിംഗ് നിക്ഷേപങ്ങളും കാലാവധി എത്തുന്നതിനു മുന്‍പ് പിന്‍വലിച്ചാല്‍ ഒരു ശതമാനം പെനാലിറ്റി ഈടാക്കും. ലഭിക്കുന്ന പലിശയില്‍ നിന്ന് ഈ നിരക്ക് കുറയ്ക്കും. അതിനാല്‍ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ കണക്കുകൂട്ടുമ്പോള്‍ ഇതില്‍ വരുന്ന കുറവു കൂടി കണക്കിലെടുക്കണം.

കുടുംബാംഗങ്ങളുടെ പേരിലാണെങ്കില്‍ നികുതി ആനുകൂല്യം കിട്ടില്ല

പലരും നികുതി ബാധ്യത കുറയ്ക്കാനായി കുട്ടികളുടേയും പങ്കാളികളുടേയും പേരില്‍ എഫ്ഡി, ആര്‍ഡി അക്കൗണ്ടുകള്‍ തുടങ്ങാറുണ്ട്. എന്നാല്‍ പ്രത്യേകിച്ച് വരുമാനമാര്‍ഗമില്ലാത്ത, അല്ലെങ്കില്‍ കുറഞ്ഞ വരുമാന പരിധിയില്‍ വരുന്ന കുടുംബാംഗങ്ങളുടെ പേരില്‍ തുടങ്ങുന്ന എഫ്ഡി, ആര്‍ഡി അക്കൗണ്ടുകള്‍ എപ്പോഴും നികുതി ലാഭിക്കാന്‍ സഹായിക്കില്ല. കാരണം തൊഴിലൊന്നുമില്ലാത്ത നിങ്ങളുടെ പങ്കാളിയുടെ പേരിലുള്ള എഫ്ഡിയില്‍ നിന്നോ ആര്‍ഡിയില്‍ നിന്നോ ലഭിക്കുന്ന പലിശ വരുമാനം നിങ്ങളുടെ വരുമാനവുമായി കൂട്ടിച്ചേര്‍ക്കുകയും നിങ്ങളുടെ നികുതി സ്ലാബ് അനുസരിച്ച് നികുതി ഈടാക്കുകയും ചെയ്യും. നിങ്ങളുടെ മൈനറായ കുട്ടിയുടെ പേരില്‍ തുടങ്ങുന്ന അക്കൗണ്ടിനും ഇതേ നിമയം ബാധകമാണ്. എന്നാല്‍ ഒരു കുട്ടിക്ക് 1500 രൂപ വരെ ഇളവ് ലഭിക്കും. അതേസമയം, പ്രായപൂര്‍ത്തിയായ മക്കളുടേയോ അച്ഛനമ്മമാരുടേയോ പേരില്‍ തുടങ്ങുന്ന എഫ്ഡി, ആര്‍ഡി അക്കൗണ്ടുകളില്‍ നിന്നു ലഭിക്കുന്ന പലിശ വരുമാനം നിങ്ങളുടെ വരുമാനത്തില്‍ ഉള്‍പ്പെടുത്തില്ല.

ടാക്‌സ് സേവിംഗ് എഫ്ഡിയിയില്‍ നിന്നുള്ള പലിശ നികുതി മുക്തമല്ല

സെക്ഷന്‍ 80 സി പ്രകാരം ഒരു സാമ്പത്തിക വര്‍ഷം ടാക്‌സ് സേവിംഗ് എഫ്ഡികളില്‍ ഒന്നരലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് നികുതി ആനുകൂല്യം ലഭിക്കാറുണ്ട്. എന്നാല്‍ ഈ ടാക്‌സ് സേവിംഗ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തെ ലോക്ക് ഇന്‍ പിരീയഡ് ബാധകമാണ്. ഓരോരുത്തരുടേയും നികുതി സ്ലാബ് അനുസരിച്ച് പലിശ വരുമാനത്തിന് നികുതി നല്‍കണമെന്നതിനാല്‍ നികുതിക്ക് ശേഷമുള്ള റിട്ടേണ്‍ കുറവായിരിക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it