ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണ്‍ ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവര്‍ത്തനം നിര്‍ത്തി

ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണ്‍ ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവര്‍ത്തനം നിര്‍ത്തി. കോവിഡ് 19 ബാധയെ തുടര്‍ന്ന് രാജ്യം ലോക്ക് ഡൗണിലേക്ക് നീങ്ങിയത് കടപ്പത്രവിപണിയില്‍ പ്രതിസന്ധി സൃഷിടിച്ചിട്ടുണ്ട്. നിക്ഷേപകര്‍ പണം പിന്‍വലിക്കാനെത്തുമ്പോള്‍ അതിനുള്ള ഫണ്ട് കണ്ടെത്താനാകാത്ത അവസ്ഥയുണ്ടായതാണ് കമ്പനിയെ ഫണ്ടുകള്‍ നിര്‍ത്തുന്ന നടപടിയിലേക്ക് നയിച്ചത്.

ഫ്രാങ്ക്‌ളിന്‍ ഇന്ത്യ ലോ ഡ്യൂറേഷന്‍ ഫണ്ട്, ഫ്രാങ്ക്‌ളിന്‍ ഇന്ത്യ ഡൈനാമിക് ആക്യുറല്‍ ഫണ്ട്, ഫ്രാങ്ക്‌ളിന്‍ ഇന്ത്യ ക്രെഡിറ്റ് റിസ്‌ക് ഫണ്ട്, ഫ്രാങ്ക്‌ളിന്‍ ഇന്ത്യ ഷോര്‍ട്ട് ടേം ഇന്‍കം പ്ലാന്‍, ഫ്രാങ്ക്‌ളിന്‍ ഇന്ത്യ അള്‍ട്ര ഷോര്‍ട്ട് ബോണ്ട് ഫണ്ട്, ഫ്രാങ്ക്‌ളിന്‍ ഇന്ത്യ ഇന്‍കം ഓപ്പര്‍്യൂണിറ്റീസ് ഫണ്ട് തുടങ്ങിയവയാണ് പ്രവര്‍ത്തനം നിര്‍ത്തിയത്. ഇന്ന് മുതല്‍ ഈ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിനോ നിക്ഷേപം പിന്‍ വലിക്കുന്നതിനോ കഴിയില്ല.

എന്നാല്‍ നിക്ഷേപകരുടെ താല്‍പ്പര്യം സംരക്ഷിക്കാനും അവര്‍ക്ക് പരമാവധി നേട്ടം നേടികൊടുക്കാനുമാണ് ഈ നടപടിയെന്നാണ് കമ്പനിയുടെ അസറ്റ് മാനേജര്‍ വ്യക്തമാക്കിയിരിക്കുന്നത്.

നിക്ഷേപകര്‍ക്ക് പണം എപ്പോള്‍ കിട്ടും?

ഡെറ്റ് ഫണ്ടുകളുടെ ഒരു പ്രധാന ആകര്‍ഷണം ഏതു സമയത്തും പണം നിക്ഷേപിക്കുകയും പണം പിന്‍വലിക്കുകയും ചെയ്യാമെന്നതാണ്. എന്നാല്‍ ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ ടണ്‍ ഡെറ്റ് ഫണ്ടുകള്‍ പ്രവര്‍ത്തനം പൂര്‍ണമായി അവസാനിപ്പിച്ചതിനാല്‍ ഈ സ്‌കീമുകളിലേതിലെങ്കിലും നിങ്ങള്‍ക്ക് നിക്ഷേപമുണ്ടെങ്കില്‍ അത് ഉടന്‍ പിന്‍വലിക്കാന്‍ സാധിക്കില്ല. ഫണ്ടുകളിലെ ആസ്തി മികച്ച വിലയ്ക്ക് വിറ്റ് പണമാക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

ഫണ്ടുകളുടെ മൂല്യം ഇടിയാതെ നോക്കുകയായിരിക്കും ഈ സമയത്ത് അവര്‍ ചെയ്യുക. അതുകൊണ്ട് കനത്ത സമ്മര്‍ദ്ദം മൂലമുള്ള വില്‍പ്പനയ്ക്ക് തയ്യാറാകില്ല. അതിനാല്‍ ഈ സ്‌കീമുകള്‍ നിക്ഷേപിച്ചിട്ടുള്ള കടപത്രങ്ങളുടെ കാലാവധി അവസാനിക്കും വരെ പണം പിന്‍വലിക്കാന്‍ സാധിച്ചേക്കില്ല. ഈ സ്‌കീമുകളുടെ നെറ്റ് അസറ്റ് വാല്യു ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണ്‍ എഎംസി പബ്ലിഷ് ചെയ്യുകയും ക്രമേണ ഫണ്ടിന്റെ എക്‌സിറ്റ് നയത്തെ കുറിച്ച്് നിക്ഷേപകരെ അറിയിക്കുകയും ചെയ്യും.

പോര്‍ട്ട്‌ഫോളിയോയിലുള്ള നിക്ഷേപങ്ങള്‍ കുറഞ്ഞ വിലയ്ക്കാണ് വില്‍ക്കുന്നതെങ്കില്‍ അത് നിക്ഷേപത്തെ ബാധിച്ചേക്കാം. നിക്ഷേപകര്‍ക്ക് പണം നഷ്ടമാകുന്ന അവസ്ഥയുണ്ടാകില്ലെങ്കിലും കൃതക്യമായി എപ്പോള്‍ പണം ലഭിക്കുമെന്ന് പറയാനാകില്ലെന്ന് ഈ രംഗത്ത് വിദഗ്ധര്‍ പറയുന്നു.

യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ത്?

ലോക്ക് ഡൗണ്‍ മൂലം രാജ്യത്തെ കടപ്പത്ര വിപണിയില്‍ ലിക്വിഡിറ്റി പ്രശ്‌നങ്ങള്‍ രൂക്ഷമായിരുന്നു. ക്രെഡിറ്റ് റിസ്‌ക് മൂലം നിക്ഷേപകര്‍ ഫണ്ടുകള്‍ കൂടുതലായി വിറ്റു മാറാന്‍ തുടങ്ങി.

ശരാശരിക്കും വളരെ മുകളിലായിരുന്നു കഴിഞ്ഞ കുറച്ച് ആഴ്കളിലായി ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണ്‍ ഫണ്ടുകളില്‍ നിന്നുള്ള പിന്‍മാറ്റം. ബാങ്കുകളില്‍ നിന്ന് വായ്പയെടുത്താണ് ഫണ്ട് ഹൗസ് നിക്ഷേപകര്‍ക്ക് പണം നല്‍കിയിത്. എന്നാല്‍ ഇതൊരു സുസ്ഥിരമായ നടപടിയല്ലാത്തതിനാലാണ് സ്‌കീമുകള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനത്തില്‍ ഫണ്ട് ഹൗസ് എത്തിച്ചേര്‍ന്നത്. മാര്‍ച്ചിലെ കണക്കനുസരിച്ച് ആറ് സ്‌കീമുകള്‍ക്കും കൂടി 30,000 കോടി രൂപയുടെ ആസ്തി ഉണ്ട്.

നിക്ഷേപകര്‍ക്ക് ചെയ്യാവുന്നത്

നിലവിലെ സാമ്പത്തിക സാഹചര്യങ്ങളില്‍ ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപം അത്ര സുരക്ഷിതമായിരിക്കില്ലെന്നാണ് ഈ മേഖലിയെ വിദഗ്ധര്‍ പറയുന്നത്. എല്ലാ ഫണ്ടുഹൗസുകളും തന്നെ ലിക്വിഡിറ്റി പ്രശ്‌നം അഭിമുഖീകരിക്കുന്നുണ്ട്. കൂട്ടത്തോടെ നിക്ഷഏപകര്‍ പിന്‍വലിക്കാന്‍ തുടങ്ങിയാല്‍ ഫൗണ്ട് ഹൗസുകള്‍ക്ക് പണം കണ്ടെത്തുക പ്രശ്‌നമാകും. ഫണ്ട് നിക്ഷേപിച്ചിട്ടുള്ള സെക്യൂരിറ്റികളുടെ മച്യുരിറ്റി പിരീഡ് എത്താതെ അവര്‍ക്ക് അത് പണം ആക്കി മാറ്റാന്‍ സാധിക്കില്ല.

കസ്റ്റമേഴ്‌സിന് പണം കൊടുക്കാന്‍ വേണ്ടി ഫണ്ട് കണ്ടെത്താന്‍ മ്യൂച്വല്‍ഫണ്ടുുകള്‍ക്ക് 20 ശതമാനം വരെ വായ്പ എടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. പല ഫണ്ട് ഹൗസുകളും അത് ലഭ്യമാക്കിയിട്ടുമുണ്ട്.

നിക്ഷേപകര്‍ ഈ സമയത്ത് പാനിക്ക് ആകേണ്ട ആവശ്യമില്ലെന്നാണ് മോട്ടിലാല്‍ ഒസ്‌വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ബിസിനസ് അസോസിയേറ്റും അര്‍ത്ഥ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റ ഉടമയുമായ ഉത്തര രാമകൃഷ്ണന്‍ പറയുന്നത്. ''പുതുതായി നിക്ഷേപിക്കുന്നവര്‍ ഈ സമയത്ത് ഡെറ്റ് ഫണ്ടുകള്‍ ഒഴിവാക്കുക.

ഇപ്പോള്‍ നിക്ഷേപിച്ചിട്ടുള്ളവര്‍ക്കാണെങ്കില്‍ ലിക്വിഡ് ഫണ്ടുകളിലേക്ക് സ്വിച്ച് ചെയ്യാം. ഷോര്‍ട്ട് ടോം ഫണ്ട്, ബോണ്ട് ഫണ്ട്, ക്രെഡിറ്റ് റിസ്‌ക് ഫണ്ട് എന്നിവയ്‌ക്കൊക്കെ ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രശ്‌നം ഉണ്ടാകാന്‍ സാധ്യതയുണ്ട്. അത്തരം ഫണ്ടുകളില്‍ നിന്നും ലിക്വിഡ് ഫണ്ടിലേക്ക് മാറാം. 90 ദിവസത്തെ ഡെറ്റിലാണ് ലിക്വിഡ് ഫണ്ടുകള്‍ നിക്ഷേപിക്കുന്നത്. അതിനാല്‍ കൂടുതല്‍ റിസ്‌ക് ഇതിലുണ്ടാവില്ല. '' ഉത്തര പറയുന്നു. മിക്ക ഇന്‍വെസ്റ്റ്‌മെന്റ് കമ്പനികളും അവരുടെ നിക്ഷേപകരുടെ ഫണ്ടുകള്‍ ഇപ്പോള്‍ സ്വിച്ച് ചെയ്ത് തുടങ്ങിയിട്ടുമുണ്ട്.

മറ്റ് മ്യൂച്വല്‍ഫണ്ടുകളെ ബാധിക്കുമോ?

അസാധാരണമായൊരു നീക്കമാണ് ഫ്രാങ്ക്‌ളിന്‍ ടെപിള്‍ടണിന്റെ ഭാഗത്തു നിന്ന് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. 2018 ല്‍ സഹാറ മ്യൂച്വല്‍ഫണ്ടിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചപ്പോഴാണ് സമാനമായൊരു സാഹര്യം മുന്‍പ് കണ്ടത്. എന്നാല്‍ അത് റഗുലേറ്ററുടെ നിര്‍ദേശപ്രകാരമായിരുന്നു. ഫ്രാങ്ക്‌ളിന്റെ ഇപ്പോഴത്തെ നടപടി ഇന്‍ഡസ്ട്രിയില്‍ മൊത്തത്തില്‍ ബാധിക്കുമോ എന്നാണ് എല്ലാവരും ഭയക്കുന്നത്.

ദീര്‍ഘകാലത്തെ ട്രാക്ക് റെക്കോര്‍ഡുള്ള കമ്പനിയാണ് ഫ്രാങ്ക്‌ളിന്‍ ടെപിള്‍ടണ്‍. അതുകൊണ്ട് തന്നെ ഫണ്ട് സൈസ് വളരെ വലുതാണ്. പലപ്പോഴും ഇത്തരം സാഹര്യങ്ങള്‍ വരുമ്പോള്‍ നിക്ഷേപകര്‍ അവരുടെ സുരക്ഷിതത്വം നോക്കി പോകാറുണ്ട്. ഫണ്ട് വിറ്റഴിച്ച് ബാങ്കിലേക്കും മറ്റും മാറ്റാനുള്ള സാധ്യതയുണ്ട്.
ഫ്രാങ്ക്‌ളിന്റേത് ഒരു ഒറ്റപ്പെട്ട കേസായി കണ്ട് നിക്ഷേപകര്‍ കൈയ്യും കെട്ടി മാറി നില്‍ക്കാനുള്ള സാധ്യത കുറവാണ്.

ക്രെഡിറ്റ് റിസ്‌ക് വിഭാഗത്തില്‍ മാര്‍ച്ചില്‍ മാത്രം 5500 കോടിയുടെ വിറ്റഴിക്കലാണ് ഉണ്ടായത്. അപ്പോള്‍ ഇത്തരമൊരു സംഭവ വികാസം കൂടിയുണ്ടാകുമ്പോള്‍ കൂടുതല്‍ വിറ്റഴിക്കല്‍ പ്രതീക്ഷിക്കാം. എന്നാല്‍ ഈ സാഹചര്യം ഒഴിവാക്കാനുള്ള നടപടികള്‍ റഗുലേറ്ററിന്റെ ഭാഗത്തു നിന്ന് ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it