ഓഹരി വിപണിയുടെ പ്രതീക്ഷ സര്‍ക്കാര്‍ നയങ്ങളില്‍

ഓഹരി വിപണിയില്‍ അനിശ്ചിതാവസ്ഥ നിലനില്‍ക്കുമ്പോള്‍ നിക്ഷേപകര്‍ എന്തുചെയ്യണം?

Bombay stock exchange building

രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയില്‍ കാര്യമായ പുരോഗതിയില്ല. വിവിധ ബിസിനസ് മേഖലകള്‍ പ്രതിസന്ധിയില്‍. എരിതീയില്‍ എണ്ണയൊഴിക്കാന്‍ വ്യാപാരയുദ്ധം പോലുള്ള ആഗോള പ്രശ്‌നങ്ങളും. ഓഹരിവിപണി അനിശ്ചിതാവസ്ഥയിലാണ്. വരാനിരിക്കുന്നത് എന്തായിരിക്കും എന്ന് പ്രവചിക്കാനാകാത്ത അവസ്ഥ. വിപണിയുടെ ഇനിയുള്ള പ്രതീക്ഷ കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളിലാണ്. കേന്ദ്രസര്‍ക്കാരിന്റെ വിപ്ലവകരമായ നയങ്ങള്‍ വരാനിരിക്കുന്ന ബജറ്റില്‍ കൊണ്ടുവന്നാല്‍ വിപണി മെച്ചപ്പെടുമെന്ന് ഈ രംഗത്തെ നിരീക്ഷകര്‍ പറയുന്നു.

നിക്ഷേപം ആകര്‍ഷിക്കുന്ന നയങ്ങള്‍ വേണം

പ്രിന്‍സ് ജോര്‍ജ്,
മാനേജിംഗ് ഡയറക്റ്റര്‍, ഡി.ബി.എഫ്.എസ് ലിമിറ്റഡ്

സാമ്പത്തികരംഗത്ത് ഗൗരവകരമായ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു. ജിഡിപി താഴ്ന്നിരിക്കുന്നു. തൊഴിലില്ലായ്മയുടെ നിരക്കുകള്‍ കുത്തനെ കൂടിയിരിക്കുന്നു. ഇക്കാര്യങ്ങളില്‍ ഡാറ്റയുടെ തന്നെ കൃത്യതയില്ലാത്ത അവസ്ഥയാണ്. റിയല്‍ എസ്റ്റേറ്റ്, അടിസ്ഥാനസൗകര്യം, ഓട്ടോമൊബീല്‍ ഇങ്ങനെ നിരവധി മേഖലകള്‍ പ്രതിസന്ധിയിലാണ്. എന്‍ബിഎഫ്‌സി മേഖലയില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു. ഇതെല്ലാം കണക്കാക്കുമ്പോള്‍ വിപണി അത്ര അനുകൂലമല്ല. ഇക്കാര്യങ്ങളോട് സര്‍ക്കാരിന്റെ പ്രതികരണം എന്തായിരിക്കും എന്നതാണ് ഇനി അറിയേണ്ടത്. സര്‍ക്കാരിന് പല പദ്ധതികളുമുണ്ട്.

ബജറ്റ് വരാനിരിക്കുന്നു. നാം മനസിലാക്കേണ്ടത് ചെറിയ രീതിയിലുള്ള നയങ്ങള്‍ കൊണ്ട് ഇനി കാര്യമില്ല. ഇത് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ബന്ധിതമായൊരു സാഹചര്യമാണ്. നിക്ഷേപത്തിനെ പിന്തുണയ്ക്കുന്ന ഒരു നയമാണ് വേണ്ടത്. പുതിയ നിക്ഷേപങ്ങള്‍ വരാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നം. സര്‍ക്കാരിന് ഇപ്പോള്‍ തന്നെ കനത്ത ബാധ്യതയുള്ള സ്ഥിതിക്ക് കാര്യമായ നിക്ഷേപങ്ങള്‍ നടത്താനാകില്ല. ഈ സാഹചര്യത്തില്‍ പുതിയ നിക്ഷേപങ്ങളെ ആകര്‍ഷിക്കാന്‍ കഴിയണം. ധൈര്യമായി നിക്ഷേപിക്കാമെന്ന ആത്മവിശ്വാസം കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ വലിയ മാറ്റമായിരിക്കും വരുന്നത്. എന്തായാലും ഇങ്ങനെയൊരു സാഹചര്യം ഉണ്ടാകുമെന്ന് തന്നെയാണ് വിശ്വാസം.

ജാഗ്രതയോടെ നിക്ഷേപം

ആഗോളസാമ്പത്തികവ്യവസ്ഥയും അനുകൂലമല്ല. യു.എസ് ഒഴിച്ചുള്ള വിപണികള്‍ മാന്ദ്യത്തിന്റേതായ ഒരു സാഹചര്യമുണ്ട്. ഇത് നമ്മുടെ കയറ്റുമതി വിപണിയെ കാര്യമായി ബാധിച്ചിരിക്കുന്നു.

അതുകൊണ്ടുതന്നെ ഇനി കയറ്റുമതിയില്‍ അധികം ശ്രദ്ധ പതിപ്പിക്കാതെ രാജ്യത്ത് പ്രതിസന്ധിയിലുള്ള ബിസിനസ് മേഖലകള്‍ക്ക് ഉണര്‍വ് പകരുന്ന നയങ്ങളായിരിക്കാം സര്‍ക്കാര്‍ കൊണ്ടുവരുക. അങ്ങനെയെങ്കില്‍ അടിസ്ഥാനസൗകര്യമേഖലകളിലുള്ള സ്ഥാപനങ്ങള്‍ക്ക് നേട്ടമുണ്ടായേക്കാം. നിക്ഷേപകര്‍ പ്രത്യേക മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ കമ്പനികളെക്കുറിച്ച് ജാഗ്രതയോടെ പഠിച്ച് നിക്ഷേപം നടത്തുകയാണ് വേണ്ടത്. കയറ്റുമതിക്ക് പകരം ആഭ്യന്തരവിപണിയിലുള്ള കമ്പനികള്‍ തെരഞ്ഞെടുക്കുക.

താഴ്ചയിലും അവസരങ്ങള്‍

അക്ഷയ് അഗര്‍വാള്‍
മാനേജിംഗ് ഡയറക്റ്റര്‍, അക്യൂമെന്‍ ക്യാപ്പിറ്റല്‍ മാര്‍ക്കറ്റ്

ഓഹരികളുടെ വാല്യുവേഷന്‍ ഇപ്പോള്‍ ഉയര്‍ന്നുനില്‍ക്കുകയാണെങ്കിലും പല സാഹചര്യങ്ങള്‍ കൊണ്ടും തെരഞ്ഞെടുപ്പിന് ശേഷം പ്രതീക്ഷിച്ചൊരു ഉയര്‍ച്ച വിപണിയിലുണ്ടായില്ല. എങ്കിലും ഭാവിയില്‍ നല്ലൊരു ഉയര്‍ച്ച പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ നിക്ഷേപകര്‍ക്ക് ഇത് ഓഹരികള്‍ വാങ്ങാനുള്ള അവസരമാണ്. പവര്‍ മേഖലയ്ക്ക് മികച്ച വളര്‍ച്ചാസാധ്യത കാണുന്നുണ്ട്. ഈ മേഖലയ്ക്ക് അനുകൂലമായ സര്‍ക്കാര്‍ നയങ്ങള്‍ വന്നേക്കാം. ഈ രംഗത്തെ നല്ല കമ്പനികള്‍ നോക്കി വാങ്ങാം. അതുപോലെ തന്നെ കാര്‍ഷികമേഖലയ്ക്ക് ഉണര്‍വ് വരുമ്പോള്‍ എഫ്എംസിജി, ടൂവീലര്‍ മേഖലയ്ക്ക് ഗുണം ചെയ്‌തേക്കാം. അതായത് ഗ്രാമീണമേഖലയ്ക്കായി സേവനങ്ങളും ഉല്‍പ്പന്നങ്ങളും നല്‍കുന്ന സ്ഥാപനങ്ങള്‍.

ഹൗസിംഗ്, അടിസ്ഥാനസൗകര്യവികസന മേഖലയുമായി ബന്ധപ്പെട്ട കമ്പനികളും മികച്ച പ്രകടനം കാഴ്ചവെച്ചേക്കാം. അടുത്ത ഒരു വര്‍ഷം കൊണ്ട് ഓഹരി വിറ്റഴിക്കല്‍ ഉണ്ടാകും. സര്‍ക്കാരിനുള്ള 95 ശതമാനം ഓഹരികള്‍ 75 ശതമാനമായി കുറക്കുന്നത് വിപണിയില്‍ ഉണര്‍വുണ്ടാക്കും.

ബജറ്റിലാണ് പ്രതീക്ഷ

സഞ്ജീവ് കുമാര്‍
സര്‍ട്ടിഫൈഡ് ഫിനാന്‍ഷ്യല്‍ പ്ലാനര്‍, സ്ഥാപകന്‍, prognoadvisor.com

ആഗോള രാഷ്ട്രീയ സാഹചര്യങ്ങളാണ് വിപണിക്ക് ഇപ്പോള്‍ ഏറ്റവും പ്രതികൂലമായി നില്‍ക്കുന്നത്. കയറ്റുമതി മേഖല പ്രതിസന്ധിയിലാണ്. ഇത് രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെയും ബാധിച്ചു. തൊഴിലില്ലായ്മയ്ക്കും കാരണമായി. കൊഗ്നിസന്റ് പോലൊരു സ്ഥാപനം ഉയര്‍ന്ന തലത്തിലുള്ള 200 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.

സാഹചര്യം അത്രത്തോളം രൂക്ഷമാണ്. വിവിധ വ്യവസായ മേഖലകളില്‍ പ്രതിസന്ധികളുണ്ടായതും തട്ടിപ്പുകള്‍ നടന്നതും ബാങ്കിംഗ് മേഖലയെ ബാധിച്ചു. ബാങ്കുകളുടെ കിട്ടാക്കടം കൂടിയതോടെ ബാങ്കുകള്‍ എന്‍ബിഎഫ്‌സി കള്‍ക്ക് ഫണ്ട് കൊടുക്കുന്നത് നിലച്ചു. എന്‍ബിഎഫ്‌സി മേഖലയിലുണ്ടായ പ്രശ്‌നങ്ങളും ഓഹരിവിപണിയെ കാര്യമായി ബാധിച്ചു. ഇതൊരു ചെയ്ന്‍ റിയാക്ഷന്‍ പോലെയാണ്. പണമൊഴുക്ക് എവിടെയെങ്കിലും നിന്നാല്‍ അത് എല്ലാ മേഖലകളെയും പ്രതിസന്ധിയിലാഴ്ത്തും.

വിപണിയില്‍ ഒരു തിരിച്ചുവരവുണ്ടാകാന്‍ വേണ്ടത് സര്‍ക്കാര്‍ ചെയ്യുമെന്ന പ്രതീക്ഷയുണ്ട്. ഇടക്കാല ബജറ്റില്‍ കര്‍ഷകര്‍ക്ക് 6000 രൂപ കൊടുത്തതിലൂടെ, അത്രയും പേര്‍ അത് ചെലവാക്കുന്നത് വഴി കണ്‍സ്യൂമര്‍ ആക്റ്റിവിറ്റി കൂട്ടാനാണ് സര്‍ക്കാര്‍ ശ്രമി്ച്ചത്. ഇത്തരം നിര്‍ദ്ദേശങ്ങള്‍ വരുന്ന ബജറ്റിലുമുണ്ടാകാം. ഇതുപോലൊരു പ്രതിസന്ധിയുണ്ടായപ്പോഴാണ് അമേരിക്ക ക്വാണ്ടിറ്റേറ്റീവ് ഈസിംഗ് എന്ന സംവിധാനത്തിലൂടെ പണമൊഴുക്ക് കൂട്ടിയത്.

ആ പണം പിന്നീട് സര്‍ക്കാരിലേക്ക് തന്നെ തിരിച്ചുവന്നു. അതുപോലെ സാമ്പത്തികാവസ്ഥ തകര്‍ന്നുപോകുന്നതിന് മുമ്പേ പിടിച്ചുനിര്‍ത്താനുള്ള കാതലായ ശ്രമങ്ങള്‍ ഇവിടെയും ഉണ്ടാകുമെന്നാണ് പ്രതീക്ഷ. വലിയ പ്രതിസന്ധികളില്ലാത്ത എഫ്.എം.സി.ജി, ഐറ്റി, കണ്‍സ്യൂമര്‍ ഫിനാന്‍സ് പോലുള്ള മേഖലകളാണ് ഇപ്പോള്‍ നിക്ഷേപിക്കാന്‍ സാധിക്കുന്ന മേഖലകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here