കേരളത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ കുറവ്. ഇന്ന് 80 രൂപയും ഇന്നലെ 280 രൂപയുമായി രണ്ട് ദിവസത്തില്‍ 360 രൂപയോളം കുറഞ്ഞപ്പോള്‍ സ്വര്‍ണവില (Gold Price) ഇന്ന് ഒരു പവന് 37,160 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപ കുറഞ്ഞു. ഇന്നലെ 35 രൂപയുടെ കുറവാണ് ഉണ്ടായത്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 4645 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും 10 രൂപ കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3835 രൂപയാണ്. സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഹോള്‍മാര്‍ക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 90 രൂപയാണ്. സാധാരണ വെള്ളിക്ക് 62 രൂപയാണ് റീറ്റെയ്ല്‍ വിപണിയില്‍ വില.
സ്വര്‍ണത്തിന് 38,280 രൂപയായിരുന്നു ജൂലൈ ഒന്നിലെ ഒരുപവന്റെ വില നിലവാരം. എന്നാല്‍ അത് പിന്നീട് ചാഞ്ചാട്ടങ്ങളോടെ ജൂലൈ 24 ന് 36,800 രൂപയും പിന്നീട് ഉയര്‍ന്നും താഴ്ന്നും ഇന്നത്തെ 37,160 രൂപയില്‍ എത്തുകയുമായിരുന്നു. ഏതായാലും റീറ്റെയ്ല്‍ വിപണിയില്‍ കച്ചവടം പൊടിപൊടിക്കുന്നുണ്ട്.
യുഎസ് ഫെഡറല്‍ മീറ്റിംഗിന് മുന്നോടിയായി ബുധനാഴ്ച ഇന്ത്യയില്‍ സ്വര്‍ണ വില നെഗറ്റീവ് ആയി വ്യാപാരം ചെയ്യുകയായിരുന്നു. മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചില്‍, ഓഗസ്റ്റ് സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 57 രൂപ അല്ലെങ്കില്‍ 0.1 ശതമാനം കുറഞ്ഞ് 10 ഗ്രാമിന് 50,527 രൂപയായി. സില്‍വര്‍ സെപ്റ്റംബര്‍ ഫ്യൂച്ചറുകള്‍ 107 രൂപ അല്ലെങ്കില്‍ 0.2 ശതമാനം കുറഞ്ഞ് 54,608 രൂപയായി.
ആഗോള വിപണിയില്‍ ഇന്നലെ 1713-1729 ഡോളറിലായിരുന്നു കറക്കം. ഇന്നു ഫെഡ് തീരുമാനത്തെപ്പറ്റിയുള്ള അനിശ്ചിതത്വം വിപണിയില്‍ പ്രകടമാണ്. സ്പോട്ട് ഗോള്‍ഡ് രാവിലെ ഔണ്‍സിന് 0.1 ശതമാനം ഉയര്‍ന്ന് 1,718.97 ഡോളറിലെത്തി, യുഎസ് സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 0.1 ശതമാനം ഇടിഞ്ഞ് 1,716.70 ഡോളറിലുമെത്തി.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it