സ്വര്‍ണ വില റെക്കോര്‍ഡ് ഉയരങ്ങളിലേക്ക്; നിങ്ങള്‍ ഇപ്പോള്‍ നിക്ഷേപിക്കുമോ?

കോവിഡ് വ്യാപനവും ആഗോള സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങളും തുടരുന്നതിനിടെയിലും സ്വര്‍ണ്ണ വില റോക്കോര്‍ഡ് ഭേദിച്ച് ഉയരങ്ങളിലേക്ക് പോകുകയാണ്. കഴിഞ്ഞ 18 മാസത്തിനുള്ളില്‍, സ്വര്‍ണത്തില്‍ നിന്നുള്ള വരുമാനം 48.5%ല്‍ കൂടുതലായി. വില വീണ്ടും ഉയരാനാണ് സാധ്യത. ആഗോളതലത്തില്‍, നിക്ഷേപകര്‍ ദുഷ്‌കരമായ സമയങ്ങളില്‍ സ്വര്‍ണത്തെ ഒരു സേഫ് സോണായിട്ടാണ് കാണുന്നത്. ദ്രുതഗതിയിലുള്ള ആഗോള സാമ്പത്തിക വീണ്ടെടുക്കലിന്റെയും യുഎസ് ഡോളറിന്റെയും ആശങ്കകള്‍ സ്വര്‍ണ വില ഉയര്‍ത്തുന്നത് തുടരുമെന്നാണ് പല ആഗോള സാമ്പത്തിക വിദഗ്ധരുടെയും അഭിപ്രായം. സാമ്പത്തിക തകര്‍ച്ച, ഉയര്‍ന്ന അപകടസാധ്യത, അനിശ്ചിതത്വം, കുറഞ്ഞ പലിശനിരക്ക്, ഉത്തേജക നടപടികള്‍ എന്നിവയാണ് സ്വര്‍ണ്ണത്തിന് ഇപ്പോള്‍ കരുത്ത് പകരുന്ന ഘടകങ്ങള്‍.
വരാനിരിക്കുന്ന പാദങ്ങളില്‍ സ്വര്‍ണ്ണത്തിന്റെ വില ആഗോള സാമ്പത്തിക വീണ്ടെടുക്കലിന്റെ വേഗതയെയും ധനപരമായ ഉത്തേജന നടപടികളെയും ആശ്രയിച്ചിരിക്കും. എന്നിരുന്നാലും സ്വര്‍ണം ദീര്‍ഘകാലാടിസ്ഥാനത്തില്‍ അപകടസാധ്യത കുറയ്ക്കുന്നതും വരുമാനം വര്‍ധിപ്പിക്കുന്നതുമായ ഒരു നിക്ഷേപമായിരിക്കുമെന്നാണ് വിലയിരുത്തല്‍. സ്വര്‍ണ്ണ വില ഇടയ്ക്കിടെ കുറയുമെങ്കിലും കോവിഡ് -19 ന്റെ അനിശ്ചിതത്വം നിലനില്‍ക്കുന്നിടത്തോളം, വിലകള്‍ വീണ്ടും ഉയരാനാണ് സാധ്യതയെന്ന് കൊട്ടക് മഹീന്ദ്ര അസറ്റ് മാനേജ്മെന്റ് കമ്പനി ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസര്‍ (ഡെറ്റ്) ഹെഡ് ലക്ഷ്മി അയ്യര്‍ ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
അതേ സമയം ഓഹരി വിപണിയോ സ്വര്‍ണമോ എന്ന് തൂക്കി നോക്കുകയാണ് ചിലര്‍. ചില വിപണി നിരീക്ഷകര്‍ പറയുന്നത്, പോര്‍ട്ട്‌ഫോളിയോയുടെ 10-15% സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കണമെന്നാണ്‍. എന്നാല്‍ പുനര്‍വില്‍പ്പനയിലൂടെ മൂല്യം നഷ്ടപ്പെടുമെന്നതിനാല്‍ ഭൗതിക സ്വര്‍ണ്ണത്തിലുള്ള നിക്ഷേപം ഫലപ്രദമല്ല എന്നത് ഇവര്‍ അടിവരയിട്ടു പറയുന്നു. സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് നല്‍കിയ 3% ജിഎസ്ടി പുനര്‍വില്‍പ്പനയില്‍ നിന്ന് വീണ്ടെടുക്കാന്‍ കഴിയില്ല. സ്വര്‍ണ്ണ നാണയങ്ങളും ബാറുകളും പോലും നിക്ഷേപത്തിന്റെ അനുയോജ്യമായ രൂപമല്ലെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ പറയുന്നത്. അതേ സമയം സര്‍ക്കാരിന്റെ സോവറിന്‍ ഗോള്‍ഡ് ബോണ്ട് (എസ്ജിബി), എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളുമാണ് (ഇടിഎഫ്) എന്നിവയാണ് നിലവിലുള്ളതില്‍ സുരക്ഷിത നിക്ഷേപ പ്രവണതകള്‍.
ജൂലൈ ആറിനാണ് സോവറിന്‍ ഫണ്ടുകളുടെ നാലാം ഘട്ട സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിച്ചത്. ഓഗസ്റ്റ് 3-7, ഓഗസ്റ്റ് 31-സെപ്റ്റംബര്‍ 4 എന്നിങ്ങനെയായിരിക്കും എസ്ജിബികളിലേക്കുള്ള സബ്സ്‌ക്രിപ്ഷന്റെ അടുത്ത ഘട്ടം. അഞ്ചാം വര്‍ഷം മുതല്‍ ഒരു എക്‌സിറ്റ് ഓപ്ഷന്‍ ഉണ്ടായിരിക്കുമെന്നതും ഈ ഫണ്ട് പണയം വച്ച് വായ്പയെടുക്കാമെന്നതും ആകര്‍ഷകമാക്കുന്നു. കാലാവധി പൂര്‍ത്തിയാകുന്നതുവരെ എസ്ജിബികള്‍ കൈവശം വച്ചിട്ടുണ്ടെങ്കില്‍, മൂലധന നേട്ടനികുതിയില്ല. കാലാവധി പൂര്‍ത്തിയാകുന്നതിനുമുമ്പ് വ്യാപാരം നടത്തുകയാണെങ്കില്‍, ഹ്രസ്വകാല, ദീര്‍ഘകാല മൂലധന നേട്ട നികുതി ബാധകമാണ്. ഗോള്‍ഡ് ഇടിഎഫുകള്‍ ഭൗതിക സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കുന്ന മ്യൂച്വല്‍ ഫണ്ടുകളാണ്. സ്വര്‍ണ്ണ ഇടിഎഫുകളിലെ നിക്ഷേപകര്‍ ഭൗതിക സ്വര്‍ണ്ണ ഹോള്‍ഡിംഗുകളുമായി ബന്ധപ്പെട്ട ചാര്‍ജുകളോ ചെലവുകളോ വഹിക്കുന്നില്ല. വിപണിയില്‍ എപ്പോഴും ചാഞ്ചാട്ടം വരാനിടയുള്ളവ തന്നെയാണ് സ്വര്‍ണ നിക്ഷേപവും. എന്നാല്‍ ഇപ്പോള്‍ നില നില്‍ക്കുന്ന സാമ്പത്തിക ഘടകങ്ങള്‍ സ്വര്‍ണത്തിന്റെ നിക്ഷേപ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. അഞ്ച് വര്‍ഷം കഴിഞ്ഞ് പിന്‍വലിക്കാന്‍ കഴിയുന്ന ബോണ്ടുകളാണ് ഏറ്റവുമധികം ആളുകളും തെരഞ്ഞെടുക്കുന്നത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline