38000 കടന്ന് സ്വര്‍ണം; പുതുവര്‍ഷത്തില്‍ വിലക്കയറ്റം, 40000 തൊടുമോ?

സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധനവ് തുടരുന്നു. 38000 കടന്ന് ഒരു പവന് 38400 രൂപയ്ക്കാണ് ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ജനുവരിയിലെ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. ഇന്നലെ വൈകിട്ട് 38080 രൂപയായിരുന്ന വില ഇന്ന് 320 വര്‍ധിച്ച് 38400 രേഖപ്പെടുത്തി. 4,800 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് വില. ഇന്ത്യന്‍ വിപണികളിലും ചൊവാഴ്ച്ച സ്വര്‍ണവില മേലേയ്ക്ക് കുതിച്ചു. ഡല്‍ഹിയില്‍ 10 ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 49,070 രൂപയാണ് ഇന്ന് വില. മുംബൈയില്‍ 22 കാരറ്റ് സ്വര്‍ണത്തിന് (10 ഗ്രാം) 49,220 രൂപയും ചെന്നൈയില്‍ വില 48,150 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില വര്‍ധിച്ച പശ്ചാത്തലത്തിലാണ് ഇന്ത്യയിലും സ്വര്‍ണത്തിന് വില കൂടിയത്.

രാജ്യാന്തര വിപണിയില്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു ഇന്നലെ സ്വര്‍ണം. 2018 -ലെ കണക്കുകളിലേക്ക് ഡോളര്‍ കൂപ്പുകുത്തിയതും സ്വര്‍ണവിലയെ സ്വാധീനിച്ചതായാണ് വിപണി നിരീക്ഷകര്‍ പറയുന്നത്. കൊറോണ ഭീതിയും മറ്റ് വിപണികളെ പോലെ സ്വര്‍ണത്തെയും സ്വാധീനിക്കുന്നുണ്ട്. നിലവില്‍ രാജ്യാന്തര വിപണിയില്‍ ഒരു ഔണ്‍സിന് 1,930.20 ഡോളറാണ് സ്വര്‍ണത്തിന്റെ നിരക്ക്. 1.7 ശതമാനം വര്‍ധനവ് ആണ് ഉണ്ടായിട്ടുള്ളത്.
സ്വര്‍ണവില ഇനിയും ഉയര്‍ന്നേക്കാമെന്നും ചില നിരീക്ഷകര്‍ വിലയിരുത്തുന്നു. വരും ദിവസങ്ങളില്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നവരുടെ എണ്ണം ക്രമാതീതമായി ഉയരാനിടയുള്ളതിനാലാണിത്. മറ്റ് ലോഹങ്ങളിലും വിലക്കയറ്റം പ്രകടമാണ്. വെള്ളി ഔണ്‍സിന് 27.16 ഡോളറാണ് ഇപ്പോള്‍ നിരക്ക്. വര്‍ധനവ് 3.1 ശതമാനം. വെള്ളി വിലയിലെ ഡിസംബര്‍ 21 -ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലനിലവാരമാണിത്. അതേസമയം പലേഡിയത്തിന് നേരിയ ഇടിവ് രേഖപ്പെടുത്തി. രാജ്യാന്തര വിപണിയില്‍ ഔണ്‍സിന് 2,446.24 ഡോളറാണ് ഇന്നത്തെ വില.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it