റെക്കോര്‍ഡ് ഉയരങ്ങളില്‍ നിന്നും 10,000 രൂപ വരെ ഇടിഞ്ഞ് സ്വര്‍ണവില !

ഫെഡ് തീരുമാനം പുറത്തുവരുന്നതിനുമുന്‍പായി ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണം ഇടിവ് രേഖപ്പെടുത്തി. ഇക്കഴിഞ്ഞ ഒരു വര്‍ഷ കാലഘട്ടത്തിലെ സ്വര്‍ണവില പരിശോധിച്ചാല്‍ എംസിഎക്‌സിലെ റെക്കോര്‍ഡ് വിലയായ 52,200 രൂപയില്‍ നിന്നും സ്വര്‍ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 46.663 രൂപ നിരക്കിലാണ് ഇപ്പോഴുള്ളത്. 10000 രൂപയോളമാണ് ഇടിവ് പ്രകടമാകുന്നത്.

ബുധനാഴ്ച എംസിഎക്‌സില്‍ സ്വര്‍ണ ഫ്യൂച്ചറുകള്‍ വെള്ളി നിരക്ക് 0.7 ശതമാനം ഉയര്‍ന്നതും കാണാം. കഴിഞ്ഞ സെഷനില്‍ സ്വര്‍ണം 0.7 ശതമാനവും വെള്ളി 1.2 ശതമാനവുമാണ് ഉയര്‍ന്നിരുന്നത്. അതേസമയം പവന് 280 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 35,080 രൂപയ്ക്കാണ് സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണം വ്യാപാരം നടക്കുന്നത്. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 4,385 രൂപയാണ് ഇന്നത്തെ നിരക്ക്.
തുടര്‍ച്ചയായി വില താഴേക്ക് പോയതിന് ശേഷം ഇന്നലെയാണ് സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവുണ്ടായത്. പവന് 160 രൂപ ഇന്നലെ കൂടി. 34,800 രൂപയായിരുന്നു ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 4,350 രൂപയും.
ആഗോള വിപണികളില്‍, യുഎസ് ഫെഡറല്‍ നയ തീരുമാനത്തിന് മുമ്പുള്ള സ്വര്‍ണവില ഇന്ന് നിശ്ചലമായിരുന്നു. ചൈന എവര്‍ഗ്രാന്‍ഡെയുടെ ഡെറ്റ് പ്രതിസന്ധി മൂലമുണ്ടായ അനിശ്ചിതത്വങ്ങളും സ്വര്‍ണ്ണത്തെ പിന്തുണച്ചതായും കാണാം. സ്‌പോട്ട് ഗോള്‍ഡ് ഔണ്‍സിന് 1,775.63 ഡോളറായിരുന്നു. വിലയേറിയ ലോഹങ്ങളില്‍, വെള്ളി ഔണ്‍സിന് 1.2% ഉയര്‍ന്ന് 22.74 ഡോളറിലെത്തി.
മറ്റ് കറന്‍സികള്‍ക്കെതിരെ യുഎസ് ഡോളര്‍ ഇന്ന് ഉയര്‍ന്നു. സമീപകാലത്തെ ഏറ്റവും താഴ്ന്ന നിലകളില്‍ നിന്ന് സ്വര്‍ണം ഉയര്‍ന്നുവെങ്കിലും ഫെഡറല്‍ മീറ്റിംഗിന് മുമ്പായുള്ള ഡോളറിലെ ശക്തമായ നില്‍പ്പ് സ്വര്‍ണവിലയില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു.
ഗോള്‍ഡ് ഇടിഎഫുകളില്‍ ഇടിവ് രേഖപ്പെടുത്തിയതോടൊപ്പം ദുര്‍ബലമായ നിക്ഷേപക താല്‍പര്യവും കാണാം. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ പിന്തുണയുള്ള എക്‌സ്‌ചേഞ്ച് ട്രേഡ് ഫണ്ടായ SPDR ഗോള്‍ഡ് ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള സ്വര്‍ണത്തിന്റെ അളവ് തിങ്കളാഴ്ചയിലെ 1,001.66 ടണ്ണില്‍ നിന്ന് ചൊവ്വാഴ്ച 0.1% കുറഞ്ഞ് 1,000.79 ടണ്ണായി.
എവര്‍ഗ്രാന്‍ഡെ പ്രതിസന്ധി
ചൈനയിലെ റിയല്‍ എസ്റ്റേറ്റ് ഭീമന്‍ എവര്‍ഗ്രാന്‍ഡെ (Evergrande Group) കടത്തിലേക്ക് ( 300 ബില്യണ്‍ ഡോളറോളം ) വീണതോടെ ലോകത്തിലെ അതിസമ്പന്നര്‍ക്ക് ഒറ്റദിവസം കൊണ്ട് കോടികളുടെ നഷ്ടമാണ് സംഭവിച്ചത്. ഇലോണ്‍ മസ്‌ക് ഉള്‍പ്പെടെയുള്ള അതിസമ്പന്ന പട്ടികയിലെ 500 പേര്‍ക്ക് 135 ബില്യണ്‍ ഡോളര്‍ നഷ്ടമുണ്ടായെന്നാണ് തിങ്കളാഴ്ചത്തെ മാത്രം കണക്ക്. ഇലോണ്‍ മസ്‌കിന്റെ ആകെ ആസ്തി 198 ബില്യണ്‍ ഡോളറായി മാറി.

7.2 ബില്യണ്‍ ഡോളറിന്റെ തിരിച്ചടിയാണ് മസ്‌കിനു മാത്രമുണ്ടായത്. ആമസോണ്‍ മേധാവി ജെഫ് ബെസോസിനാകട്ടെ 5.6 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായി. അദ്ദേഹത്തിന്റെ ആസ്തി 194.2 ബില്യണായി മാറി. ലോകത്ത് ഏറ്റവും മൂല്യമേറിയ റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് പ്രതിസന്ധിയിലായിരിക്കുന്നത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it