സ്വര്‍ണം വീണ്ടും താഴേക്ക്; പവന് 36720 രൂപ

സംസ്ഥാനത്ത് വ്യാഴാഴ്ച സ്വര്‍ണ വില വീണ്ടും ഇടിഞ്ഞു. പവന് 480 രൂപ കുറഞ്ഞ് 36720 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ രണ്ടര മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇത്. ഗ്രാമിന് 4590 രൂപയാണ് ഇന്നത്തെ വില. സ്വര്‍ണ വില വീണ്ടും കുറഞ്ഞതോടെ വില്‍പ്പനയില്‍ വര്‍ധനവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ചെറുകിട വ്യാപാരികള്‍. കോവിഡ് പ്രതിസന്ധിക്കുപുറമെ സ്വര്‍ണവില റെക്കോര്‍ഡ് ഉയരത്തിലെത്തിയത് വില്‍പ്പനയെ ബാധിച്ചിരുന്നു.

കഴിഞ്ഞ മാസം ഉയര്‍ന്ന വില വന്‍ തോതില്‍ വില്‍പ്പനയെ ബാധിച്ചുവെങ്കിലും ചെറുകിട ഇടത്തരം വില്‍പ്പനക്കാര്‍ക്ക് വിലകുറഞ്ഞത് വില്‍പ്പനയില്‍ ഉണര്‍വുണ്ടായിരിക്കുകയാണ്. ബ്രാന്‍ഡഡ് ജൂവല്‍റികള്‍ക്കും കോവിഡിനിടയിലും വിവാഹാവശ്യങ്ങള്‍ക്കുള്ള റീട്ടെയ്ല്‍ വില്‍പ്പനയിലായിരുന്നു കഴിഞ്ഞ മാസങ്ങളിലെ പ്രതീക്ഷ. ഇത് വില്‍പ്പന സമ്മര്‍ദ്ദത്തിനിടയിലും ബിസിനസിനെ പിടിച്ചു നിര്‍ത്തി. എന്നാല്‍ വിവാഹ സീസണ്‍ ഒതുങ്ങിയതോടെ വീണ്ടും റീട്ടെയ്ല്‍ സ്വര്‍ണവിപണിയില്‍ അല്‍പ്പം മെല്ലെപ്പോക്ക് പ്രകടമായിരുന്നു.

എന്നാല്‍ വീണ്ടും വില ഇടിഞ്ഞതോടെ കഴിഞ്ഞ രണ്ട് ദിവസത്തെ കേരളത്തിലെ സെയ്‌ലുകള്‍ മെച്ചപ്പെട്ടിട്ടുണ്ടെന്ന് എറണാകുളത്തുനിന്നുള്ള സ്വര്‍ണവ്യാപാരി പറയുന്നു. കഴിഞ്ഞ രണ്ടര മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇപ്പോള്‍ വ്യാപാരം പുരോഗമിക്കുന്നത്. വില ഇനിയും ഉയരുമെന്ന ആശങ്കയില്‍ ആളുകള്‍ ഇന്നത്തെ വിലയില്‍ സ്വര്‍ണം ബുക്ക് ചെയ്യാനും മുന്നോട്ട് വരുന്നതായി മറ്റൊരു വ്യാപാരി പറയുന്നു.

അതേസമയം ദേശീയ വിപണിയിലും സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വില ഇന്നും ഇടിവു രേഖപ്പെടുത്തി. തുടര്‍ച്ചയായ നാലാം ദിവസമാണ് എംസിഎക്‌സില്‍ സ്വര്‍ണ വില ഇടിയുന്നത്. എംസിഎക്സില്‍ ഒക്ടോബര്‍ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 0.45 ശതമാനം ഇടിഞ്ഞ് 49,293 രൂപയിലെത്തി. വെള്ളി ഫ്യൂച്ചറുകള്‍ക്ക് 3 ശതമാനം ഇടിവാണുള്ളത്.

വെള്ളി കിലോയ്ക്ക് 56,710 രൂപയായി. നാല് ദിവസത്തിനുള്ളില്‍ സ്വര്‍ണ വില ഇതുവരെ 10 ഗ്രാമിന് 2,500 രൂപ കുറഞ്ഞു. കഴിഞ്ഞ സെഷനില്‍ സ്വര്‍ണം 1.9 ശതമാനം അഥവാ 950 രൂപ ഇടിഞ്ഞപ്പോള്‍ വെള്ളി കിലോയ്ക്ക് 4.5 ശതമാനം കുറഞ്ഞ് 2,700 രൂപയുടെ വിലക്കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ആഗോള വിപണികളിലും ഇന്ന് സ്വര്‍ണവില കുറഞ്ഞു. സ്പോട്ട് സ്വര്‍ണം 0.3 ശതമാനം ഇടിഞ്ഞ് 1,858.08 ഡോളറിലെത്തി. യൂറോപ്പിലെ സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനകള്‍ക്കിടയിലാണ് സ്വര്‍ണ വിലയിലെ ഇടിവ്. മറ്റ് വിലയേറിയ ലോഹങ്ങളില്‍ വെള്ളി വില 2.8 ശതമാനം ഇടിഞ്ഞ് രണ്ട് മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍ ഔണ്‍സിന് 22.23 ഡോളറിലെത്തി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it