സ്വർണം പ്ലാറ്റിനം അലോയ്യായി ഇറക്കുമതി ചെയ്യുന്നു, തീരുവയും കുറവ്

സ്വർണ ഇറക്കുമതി ലാഭകരമാക്കാൻ പ്ലാറ്റിനം ലോഹക്കൂട്ടായി ഇറക്കുമതി നടത്തുന്ന വർധിക്കുന്നു. സ്വർണത്തിന് 15 % ഇറക്കുമതി തീരുവ നൽകേണ്ട സ്ഥാനത്ത് പ്ലാറ്റിനം ലോഹക്കൂട്ടിന് 10.75 % നൽകിയാൽ മതിയാകും. ഡൽഹി കസ്റ്റംസ് ഓഫീസ് വഴിയാണ് നിയമപരമായി ഇത്തരം ഇറക്കുമതി നടക്കുന്നതെന്ന് ഒരു പ്രമുഖ ബിസിനിസ് ദിനപത്രം റിപ്പോർട്ട് ചെയ്തു.

ഈ ലോഹക്കൂട്ടിൽ 6 % വരെ പ്ലാറ്റിനവും ബാക്കി സ്വർണവുമാണ് . കഴിഞ്ഞ ഒരു മാസത്തിൽ 22 ടൺ സ്വർണമാണ് ഇങ്ങനെ ഇറക്കുമതി ചെയ്തത്. ഇത് ഒരു പരിധിവരെ സ്വർണത്തിന്റെ അന്താരാഷ്ട്ര വിലയേക്കാൾ ഔൺസിന് 7 ഡോളർ വരെ കുറച്ച് വിൽക്കാൻ സഹായിക്കുന്നുണ്ട്.
സ്വർണം ലോഹക്കൂട്ടായി ഇറക്കുമതി ചെയ്യുന്നതിലൂടെ ഇതു വരെ 450 കോടി രൂപയുടെ വരുമാന നഷ്ടം കേന്ദ്ര സർക്കാരിന് ഉണ്ടായിട്ടുണ്ട്. ഇന്നത്തെ അന്താരാഷ്ട്ര സ്വർണ വില ഔൺസിന് 1671.85 ഡോളറാണ്. ഇന്ത്യൻ രൂപയിൽ ഗ്രാമിന് 4811.81 രൂപ (15 % ഇറക്കുമതി തീരുവ ഉൾപ്പെടാതെ). എന്നാൽ ഇന്നത്തെ കേരളത്തിലെ ഗ്രാമിന് 4600 രൂപ.
നിലവിൽ ഒരു ടൺ സ്വർണം പ്രതിദിനം പ്ലാറ്റിനം ലോഹക്കൂട്ടായി ഇന്ത്യയിൽ എത്തുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡ് ഇത് സംബന്ധിച്ച് റവന്യൂ വകുപ്പിനോട് വിശദികരണം ചോദിച്ചിട്ടുണ്ട്.
സ്വർണ കയറ്റുമതി കമ്പനികൾ സ്വർണ ഇറക്കുമതി ചെയ്യുന്നത് ബാങ്കുകൾ വഴിയാണ്. ലണ്ടൺ ബുള്ളിയൺ മാർക്കറ്റ് അസോസിയേഷൻ അംഗീകൃതമായ സ്വർണമാണ് ഔദ്യോഗിക ചാനൽ വഴി ഇറക്കുമതി ചെയ്യാൻ സാധിക്കുന്നത്.
പ്ലാറ്റിനം ലോഹക്കൂട്ടായി സ്വർണം കൊണ്ടുവരുന്നത് തടയാൻ പ്ലാറ്റിനം ലോഹക്കൂട്ടിനും 15 % ഇറക്കുമതി തീരുവ ബാധകമാക്കണമെന്ന് നിർദേശം വന്നിട്ടുണ്ട് .


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it