Top

ആര്‍.ബി.ഐ കരുതല്‍ ധന കൈമാറ്റം: ഓഹരി വിപണി മുന്നോട്ട്, രൂപയ്ക്കും നേട്ടം

റിസര്‍വ് ബാങ്ക് നീക്കിയിരിപ്പില്‍നിന്ന് 1.76 ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാരിനു കൈമാറണമെന്ന ബിമല്‍ ജലാന്‍ സമിതിയുടെ ശുപാര്‍ശ ആര്‍.ബി.ഐ. അംഗീകരിച്ചതിന്റെ പ്രതിഫലനം ഓഹരിവിപണിയില്‍ പ്രകടമായി. രാവിലെ മുതല്‍ ഓഹരികള്‍ നേട്ടത്തിന്റെ പാതയിലാണ്. രൂപയുടെ മൂല്യത്തിലും പുരോഗതിയുണ്ടായി. തിങ്കളാഴ്ച തന്നെ ഓഹരിവിപണി ഭേദപ്പെട്ടിരുന്നു.

നികുതി വരുമാന രംഗത്തെ ദുര്‍ബലമായ തുടക്കത്തിന്റെ പശ്ചാത്തലത്തില്‍ ഭരണകൂടം ധനക്കമ്മി ലക്ഷ്യം കൈവരിക്കില്ലെന്ന ആശങ്കകള്‍ക്കു ശമനമായത് ഓഹരി വിപണിയില്‍ സദ്ഫലമുണ്ടാക്കും- മോര്‍ഗന്‍ സ്റ്റാന്‍ലി വിശകലന വിദഗ്ധന്‍ ഉപാസന ചച്ര നിരീക്ഷിച്ചു. സര്‍ക്കാര്‍ വായ്പകള്‍ വെട്ടിക്കുറച്ചുകൊണ്ട് ധനക്കമ്മി ലക്ഷ്യം നിറവേറ്റാന്‍ വഴി തെഴിയുന്നതായി നിരീക്ഷകര്‍ പറയുന്നു. ഡോളറിനെതിരെ രൂപയുടെ വില ഇന്ന് 71 .70 രേഖപ്പെടുത്തി.ഇന്നലത്തേക്കാള്‍ 32 പൈസയാണ് നേട്ടം.

രാജ്യം അപകടകരമായ പ്രതിസന്ധിയിലേക്കു നീങ്ങുന്ന ഘട്ടങ്ങളില്‍ ഉപയോഗിക്കാനാനുള്ളതാണ് ആര്‍.ബി.ഐ യുടെ കരുതല്‍ധനം. കാലാകാലങ്ങളില്‍ നല്‍കുന്ന ലാഭവിഹിതത്തിനു പുറമെയാണ് ഇപ്പോള്‍ നല്‍കുന്ന 1.76 ലക്ഷം കോടി രൂപ. സര്‍ക്കാര്‍ സെക്യൂരിറ്റികളുടെ ഇടപാടിലൂടെ കിട്ടുന്ന ലാഭം, വാണിജ്യ ബാങ്കുകള്‍ക്ക് വായ്പ നല്‍കുമ്പോള്‍ ലഭിക്കുന്ന പലിശവരുമാനം, കടപത്രങ്ങളില്‍നിന്നു കിട്ടുന്ന വരുമാനം എന്നിവയാണ് ആര്‍.ബി.ഐ.യുടെ വരുമാനം.

ചരിത്രത്തില്‍ ആദ്യമായാണ് ആര്‍.ബി.ഐ യുടെ നീക്കിയിരിപ്പില്‍നിന്ന് ഇത്രയും വലിയ തുക സര്‍ക്കാരിനു കൈമാറുന്നത്. ആര്‍.ബി.ഐ.യുടെ സ്വയംഭരണാധികാരത്തെ ദുര്‍ബലപ്പെടുത്തുന്നതാണ് ഈ നടപടിയെന്ന ആരോപണം ഉയരുന്നുണ്ട്. നേരത്തെ ആര്‍.ബി.ഐ.യുടെ കരുതല്‍ധനത്തില്‍ നിന്ന് ഒരു ഭാഗം ഒന്നാം നരേന്ദ്രമോദി സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് ഉര്‍ജിത് പട്ടേലും ഡെപ്യൂട്ടി ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് വിരല്‍ ആചാര്യയും രാജിവെച്ചത് ഈ കൈമാറ്റ നടപടിക്കു തയ്യാറാകാതിരുന്നതിന്റെ പേരിലാണ്.

സര്‍ക്കാര്‍ ആര്‍.ബി.ഐ.യുടെ പ്രവര്‍ത്തനങ്ങളില്‍ കൈകടത്തുകയാണെന്നും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്നും അത് സാമ്പത്തികരംഗത്ത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും വിരല്‍ ആചാര്യ പരസ്യമായി ചൂണ്ടിക്കാട്ടിയപ്പോഴാണ് അന്ന് സര്‍ക്കാര്‍ പിന്മാറിയത്.

മോദിയുടെ വിശ്വസ്തനായ റിട്ട. ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ ശക്തികാന്ത ദാസിനെ ഉര്‍ജിത് പട്ടേലിനു പിന്നാലെ ആര്‍.ബി.ഐ.യുടെ ഗവര്‍ണറാക്കിയതോടെ ചിത്രം മാറി. ആര്‍.ബി.ഐ. മുന്‍ ഗവര്‍ണര്‍ ബിമല്‍ ജലാന്റെ നേതൃത്വത്തില്‍ സമിതി രൂപവത്കരിച്ച് കരുതല്‍ ധനത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഹുദ്ധിമുട്ടുണ്ടായില്ല.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it