77ാം വയസ്സില്‍ ചരിത്രം കുറിച്ച് അശോക് സൂത്ത ഹാപ്പിയെസ്റ്റ് മൈന്‍ഡിന് ഐപിഒയില്‍ റെക്കോര്‍ഡ് നേട്ടം

ചരിത്രം കുറിക്കുകയാണ് അശോക് സൂത്ത എന്ന ഇന്ത്യന്‍ ഐറ്റി മേഖലയിലെ മിന്നുംതാരമായ സംരംഭകന്‍. തന്റെ 68 ാം വയസ്സില്‍ തുടക്കമിട്ട സ്ഥാപനം പ്രാഥമിക ഓഹരി വില്‍പ്പനയുടെ (ഐപിഒ) ദിവസം തന്നെ അത്ഭുതപ്പെടുത്തുന്ന സ്വീകാര്യത കൈവരിച്ചതിന്റെ നിറവിലാണ് അദ്ദേഹം. അശോക് സൂത്ത 2011 ല്‍ തുടക്കമിട്ട ഹാപ്പിയെസ്റ്റ് മൈന്‍ഡ്‌സ് ടെക്‌നോളജീസ് കഴിഞ്ഞ ദിവസമാണ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്.

166 രൂപ വിലയിട്ട് തുടങ്ങിയ വില്‍പ്പന 111 ശതമാനം ഉയര്‍ച്ചയാണ് ഒറ്റദിവസം കൊണ്ട് നേടിയത്. ഐപിഒ നടത്തിയ ഇന്നലെ ഓഹരി വില 351 രൂപയിലെത്തി. ഒരു ദശാബ്ദത്തിനിടയില്‍ ഏതെങ്കിലും ഓഹരി ഐപിഒ പ്രഖ്യാപിച്ച ദിനം തന്നെ നേടുന്ന ഏറ്റവുമുയര്‍ന്ന നേട്ടമാണിത്. നേരത്തെ ഐആര്‍സിടിസിയും ഡിമാര്‍ട്ടും 100 ശതമാനം വളര്‍ച്ച നേടിയിരുന്നു. വിപണിയില്‍ നിന്ന് 700 കോടി സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ പ്രാഥമിക ഓഹരി വില്‍പ്പന ആരംഭിച്ച കമ്പനിക്ക് പ്രതീക്ഷിച്ചതിലും 150 മടങ്ങിലേറെ ആവശ്യക്കാരാണ് ഉണ്ടായത്.

അശോക് സൂത്ത എന്ന സംരംഭകനിലുള്ള നിക്ഷേപകരുടെ വിശ്വാസമാണ് ഈ കുതിപ്പിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. 2007 ല്‍ അദ്ദേഹം കൂടി പങ്കാളിയായ മൈന്‍ഡ് ട്രീ എന്ന കമ്പനിയുടെ ഐപിഒയും മികച്ച വിജയം നേടിയിരുന്നു. പ്രതീക്ഷിച്ചതിലും 103 മടങ്ങ് ആവശ്യക്കാരാണ് അന്ന് ഓഹരി വാങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചത്.

രാജ്യത്ത് ഐറ്റി വ്യവസായത്തിന്റെ തിളക്കമാര്‍ന്ന വിജയത്തിന് പിന്നില്‍ വലിയൊരു പങ്കു വഹിച്ചത് അശോക് സൂത്തയാണ്. ഐഐടി റൂര്‍ക്കിയില്‍ നിന്ന് എന്‍ജിനീയറിംഗ് ബിരുദം നേടിയ ശേഷം ശ്രീരാം ഗ്രൂപ്പ് ഓഫ് കമ്പനീസ് ആരംഭിച്ച അദ്ദേഹം 1985 ല്‍ അസിം പ്രേംജിയുടെ വിപ്രോയില്‍ ചേര്‍ന്നതോടെയാണ് ഐറ്റി രംഗത്ത് ശ്രദ്ധേയനാകുന്നത്. അടുത്ത അഞ്ചു വര്‍ഷം കൊണ്ട് കമ്പനിയുടെ വൈസ് ചെയര്‍മാനായി മാറിയ അദ്ദേഹം കമ്പനിയുടെ മുഖം തന്നെയായിരുന്നു.

1999 ല്‍ വിപ്രോ അടക്കമുള്ള കമ്പനികളിലെ സീനിയര്‍ എക്‌സിക്യൂട്ടീവുകളുടെ പങ്കാളിത്തത്തോടെ മൈന്‍ഡ് ട്രീ എന്ന സംരംഭത്തിന് അദ്ദേഹം തുടക്കമിട്ടു. അടുത്ത ഒരു ദശാബ്ദക്കാലം കൊണ്ട് മൈന്‍ഡ് ട്രീ സമാനതകളില്ലാതെ വളര്‍ന്നു. എന്നാല്‍ ബിസിനസ് പാര്‍ട്ണര്‍മാരുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് അദ്ദേഹം ഓഹരികള്‍ മടക്കി നല്‍കി മൈന്‍ഡ് ട്രീയുടെ പടിയിറങ്ങി.
അതിനു ശേഷം തന്റെ 68 ാം വയസ്സില്‍ മൈന്‍ഡ് ട്രീയുടെ മാതൃകയില്‍ തന്നെ പത്തുപേരെ ഉള്‍പ്പെടുത്തി ഹാപ്പിയെസ്റ്റ് മൈന്‍ഡ്‌സ് സ്ഥാപിച്ചു. ഇനി മറ്റൊരു ഐറ്റി സ്ഥാപനത്തിന് വളരാനിടമില്ലെന്ന് കരുതിയിരുന്ന ഈ മേഖലയിലുള്ളവര്‍ കരുതിയിടത്തു നിന്നാണ് ഐപിഒയിലും കരുത്തു കാട്ടുന്ന നിലയിലേക്ക് ഹാപ്പിയെസ്റ്റ് മൈന്‍ഡ്‌സ് വളരുന്നത്. പതിവിനു വിപരീതമായി പൂര്‍ണമായും ഡിജിറ്റല്‍ സേവനങ്ങളിലാണ് കമ്പനി ശ്രദ്ധയൂന്നിയത്. മറ്റു പ്രമുഖ ഐറ്റി കമ്പനികള്‍ 50 ശതമാനത്തില്‍ കൂടുതല്‍ ഡിജിറ്റല്‍ മേഖലയ്ക്ക് ഊന്നല്‍ നല്‍കാന്‍ മടിക്കുമ്പോഴാണിത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it