2019ല്‍ നിക്ഷേപം എവിടെ, എങ്ങനെ?

അപ്രവചനീയതയാണ് വിപണിയുടെ ഏറ്റവും വലിയ പോരായ്മയും ആകര്‍ഷണവുമെങ്കില്‍ അതിന്റെ ഉത്തുംഗത്തിലാണ് വരാനിരിക്കുന്ന വര്‍ഷമെന്ന് പറയേണ്ടി വരും. പൊതു തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. തുടര്‍ന്ന് എന്തു സംഭവിക്കുമെന്നതിനെ കുറിച്ച് പ്രവചിക്കാന്‍ പോലും കഴിയാത്ത നിലയിലാണ് രാഷ്ട്രീയ നിരീക്ഷകര്‍.

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും രാജ്യം ഏതു വഴിയെ ചിന്തിക്കുന്നു എന്നതിന്റെ സൂചന കാര്യമായി ലഭിച്ചിട്ടില്ല. ഭരണതുടര്‍ച്ച ഉണ്ടാകുമോ പുതിയ ഭരണം വരുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നാല്‍ മാത്രമേ വിപണി ഉണരുകയുള്ളൂ. മാത്രമല്ല, ഒരു കൂട്ടുകക്ഷി ഭരണം പോലും വിപണിയെ അസ്ഥിരപ്പെടുത്തും.

ആഗോളതലത്തിലും വിപണിയെ ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ ഉരുത്തിരിഞ്ഞു വരുന്നുണ്ട്. ചൈനയും യുഎസും തമ്മിലുള്ള വ്യാപാരയുദ്ധം, യൂറോപ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയില്‍ നിന്ന് ബ്രിട്ടന്‍ പുറത്തു കടക്കാന്‍ തീരുമാനിച്ചത് എന്നിവയൊക്കെ വിപണിക്ക് തിരിച്ചടിയായിട്ടുണ്ട്.

ആഗോളതലത്തില്‍ തന്നെ സാമ്പത്തിക മേഖലയില്‍ പ്രതിസന്ധി ഉണ്ടായിരിക്കുന്നത് രാജ്യത്തെ വിപണിയെയും ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ബുദ്ധിപൂര്‍വം നിക്ഷേപ മാര്‍ഗങ്ങള്‍ പുനഃക്രമീകരിച്ചാല്‍ മാത്രമേ മികച്ച നിക്ഷേപം സാധ്യമാകുകയുള്ളൂ. പ്രധാനപ്പെട്ട ചില നിക്ഷേപ മാര്‍ഗങ്ങളും അവയുടെ സാധ്യതകളും ഇതാണ്.

ഓഹരി

ഓഹരി വിപണി, ഡെറ്റ്, കറന്‍സി, സ്വര്‍ണം എന്നീ നിക്ഷേപ മാര്‍ഗങ്ങളില്‍ തുല്യമായി നിക്ഷേപിക്കുക (25 ശതമാനം വീതം) എന്നതാണ് ഏറ്റവും മികച്ച പോര്‍ട്ട്‌ഫോളിയോയുടെ ലക്ഷണമെന്ന് കരുതിയിരുന്നവരാണ് ഈ രംഗത്തെ പ്രമുഖര്‍. എന്നാല്‍ മാറിയ സാഹചര്യങ്ങളില്‍ ഓഹരി വിപണിയെ കൂടുതല്‍ ആശ്രയിക്കേണ്ടതില്ലെന്നാണ് ഹെഡ്ജ് ഇക്വിറ്റീസ് മാനേജിംഗ് ഡയറക്റ്ററായ അലക്‌സ് ബാബുവിനെ പോലുള്ളവരുടെ അഭിപ്രായം.

ഓഹരി വിപണിയില്‍ 20 ശതമാനവും ബാങ്ക് നിക്ഷേപവും കടപ്പത്രങ്ങളിലുമൊക്കെയായി 30 ശതമാനവും സ്വര്‍ണത്തിലും കറന്‍സിയിലും 25 ശതമാനം വീതവും നിക്ഷേപമായിരിക്കും 2019 ല്‍ അഭികാമ്യം എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. എന്നാല്‍ പൊതു തെരഞ്ഞെടുപ്പോടെ കാര്യങ്ങളില്‍ വ്യക്തത വരുമ്പോള്‍ ഓഹരി വിപണിയിലെ നിക്ഷേപ അനുപാതം വര്‍ധിപ്പിക്കാനുള്ള സാധ്യതയും പരിഗണിക്കേണ്ടി വരും. കാരണം ഉറച്ച ഭരണം വരുന്നത് വിപണിയെ ഉത്തേജിപ്പിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

പ്രതികൂല സമയത്തും ഓഹരി വിപണിയുമായി ബന്ധപ്പെട്ട് നിക്ഷേപിക്കാന്‍ ഏറ്റവും അനുയോജ്യമായത് മ്യൂച്വല്‍ ഫണ്ടുകളാണ്. അതില്‍ എസ്‌ഐപി

യിലൂടെയാവുകയാണ് ഏറ്റവും മികച്ചത്. എസ്‌ഐപി തെരഞ്ഞെടുക്കുമ്പോള്‍ മള്‍ട്ടി കാപ്, ലാര്‍ജ് കാപ് കമ്പനികള്‍ക്ക് മുന്‍തൂക്കം നല്‍കണമെന്നാണ് ജിയോജിത് സെക്യൂരിറ്റീസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് പ്രൊഫ. വിജയകുമാര്‍ പറയുന്നത്. അതേസമയം ദീര്‍ഘകാല നിക്ഷേപകര്‍ക്ക് മാത്രമേ ഇതില്‍ നിന്ന് കാര്യമായ നേട്ടം കൈവരിക്കാനാകുകയുള്ളൂ.

വന്‍കിട സ്വകാര്യ ബാങ്കുകളുടെയും മികച്ച നിലവാരം പുലര്‍ത്തുന്ന ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെയും തെരഞ്ഞെടുക്കുന്നതാവും ഉചിതമെന്ന് അദ്ദേഹം പറയുന്നു. പൊതു തെരഞ്ഞെടുപ്പ് വരെ മാത്രമേ അസ്ഥിരത നിലനില്‍ക്കുകയുള്ളൂവെന്നും 2019-20 സാമ്പത്തിക വര്‍ഷത്തോടെ ഓഹരി വിപണി ലാഭമു്യുാക്കുമെന്നുമാണ് പ്രൊഫ. വിജയകുമാറിന്റെ അഭിപ്രായം. എന്നാല്‍ മാനുഫാക്ചറിംഗ് കമ്പനികളേക്കാള്‍ സര്‍വീസ് മേഖലയിലും കാര്‍ഷിക മേഖലയിലുമുള്ള കമ്പനികളാവും കൂടുതല്‍ നേട്ടം കൈവരിക്കുകയെന്ന് ഡിബിഎഫ്എസ് മാനേജിംഗ് ഡയറക്റ്റര്‍ പ്രിന്‍സ് ജോര്‍ജ് പറയുന്നു.

ഓഹരിയില്‍ നേരിട്ട് നിക്ഷേപിക്കുകയാണെങ്കില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍, ഐ.റ്റി, എഫ്എംസിജി, കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സ്, സിമന്റ്, സര്‍വീസ് സെക്റ്റര്‍ എന്നീ മേഖലകളില്‍ നിന്നുള്ള കമ്പനികളെ പരിഗണിക്കാം. കാര്‍, ടൂവീലര്‍, ഇലക്ട്രിക്കല്‍ വെഹിക്കള്‍ മേഖലകളെയും ഉള്‍പ്പെടുത്താം.

ബാങ്ക് നിക്ഷേപം

എത്രകാലം നിക്ഷേപിക്കുന്നു എന്നതിനനുസരിച്ചാണ് ബാങ്ക് നിക്ഷേപമടക്കമുള്ള ഡെറ്റ് ഉല്‍പ്പന്നങ്ങളുടെ ലാഭക്ഷമത. ഹ്രസ്വകാലത്തേക്ക് മാത്രം പണം നിക്ഷേപിക്കാന്‍ തയാറുള്ള റിട്ടയര്‍ ചെയ്ത ആളുകള്‍ അടക്കമുള്ള പ്രായം ചെന്നവര്‍ക്ക് ഏറ്റവും മികച്ചത് ബാങ്ക് നിക്ഷേപങ്ങളാണ്. എപ്പോള്‍ വേണമെങ്കിലും നിക്ഷേപം തിരിച്ചെടുക്കാനാകും എന്നതാണ് ആകര്‍ഷണീയത. എന്നാല്‍ പലിശ നിരക്ക് താഴ്ന്നു കിടക്കുന്നതാണ് പ്രശ്‌നം. പലരും ബാങ്ക് നിക്ഷേപത്തില്‍ നിന്ന് മുഖം തിരിച്ചു നില്‍ക്കാന്‍ ഇത് ഇടയാക്കിയിട്ടുണ്ട്.

ബാങ്കുകളുടെ കിട്ടാക്കടം തിരിച്ചു പിടിക്കാനുള്ള നടപടികള്‍ ഊര്‍ജിതമായി നടന്നുകൊണ്ടിരിക്കുന്നതിനാല്‍ നിക്ഷേപം വര്‍ധിക്കുമെന്നാണ് കരുതുന്നത്. പണപ്പെരുപ്പം ഇതേ നിലയില്‍ വര്‍ധിക്കുകയാണെങ്കില്‍ ബാങ്ക് നിക്ഷേപത്തിന്മേലുള്ള പലിശ നിരക്ക് വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരാകും.

നിക്ഷേപ മാര്‍ഗം തെരഞ്ഞെടുക്കുമ്പോള്‍ പ്രായം വലിയ പരിഗണന അര്‍ഹിക്കുന്നുവെന്ന് യൂണിമണി ഇന്‍ഡിപെന്‍ഡന്റ് ഡയറക്റ്റര്‍ ഏബ്രഹാം തര്യന്‍ പറയുന്നു. റിട്ടയര്‍ ചെയ്തവര്‍ക്കും തയാറെടുക്കുന്നവര്‍ക്കും ബാങ്ക് നിക്ഷേപം നല്ലതാണ്. അതേസമയം ദീര്‍ഘകാല നിക്ഷേപത്തിന് തയാറുള്ള ചെറുപ്പക്കാര്‍ക്ക് മ്യൂച്വല്‍ ഫണ്ടുകളെയും മറ്റും ആശ്രയിക്കാമെന്നും അദ്ദേഹം പറയുന്നു.

സ്വര്‍ണം

സ്വര്‍ണം എന്നും ആകര്‍ഷണീയമായ നിക്ഷേപ മാര്‍ഗം തന്നെയാണ്. എന്നാല്‍ മൂല്യവര്‍ധനയുടെ കാര്യത്തില്‍ ചെറിയൊരു ഇടിവ് സമീപകാലത്ത് ഉണ്ടായിട്ടുണ്ട് എന്നതു കൊണ്ടു തന്നെ സ്വര്‍ണമായി തന്നെ സൂക്ഷിക്കുന്നതില്‍ നിന്നും പിന്‍വാങ്ങുന്നതാകും നല്ലതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഗോള്‍ഡ് ബോണ്ടുകള്‍ മികച്ച തെരഞ്ഞെടുപ്പായിരിക്കും. അത് ദീര്‍ഘകാലത്തേക്ക് നേട്ടം തരികയും ചെയ്യും. ഭൂമിയും ദീര്‍ഘകാലത്തേക്ക് മികച്ച നിക്ഷേപ മാര്‍ഗം തന്നെയാണ് ഇപ്പോഴും.

കറന്‍സി

നിലവിലെ സ്ഥിതിയില്‍ കറന്‍സിയില്‍ നിക്ഷേപിക്കുന്നത് മികച്ചൊരു മാര്‍ഗമാണ്. യുഎസ് ഡോളറില്‍ നിക്ഷേപിക്കുന്നത് നേട്ടം തരുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. കറന്‍സി അവധി വ്യാപാരത്തിലൂടെ കറന്‍സിയില്‍ നിക്ഷേപിക്കാം. ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ച്, നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്, മെട്രോപോളിറ്റന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് എന്നിവയെല്ലാം ഇന്ത്യയില്‍ കറന്‍സി അവധി വ്യാപാരത്തിനുള്ള അവസരമൊരുക്കുന്നുണ്ട്.

Ajaya Kumar
Ajaya Kumar  

Senior Correspondent

Related Articles

Next Story

Videos

Share it