ലഘുസമ്പാദ്യ പദ്ധതികള്‍ എത്രകാലം തുടരും?

ലഘുസമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് കുറയ്ക്കാൻ ഉള്ള തീരുമാനം തെരഞ്ഞെടുപ്പടുത്തു നില്‍ക്കെ രാഷ്ട്രീയ കാരണങ്ങളാല്‍ കേന്ദ്രസര്‍ക്കാര്‍ തല്‍ക്കാലത്തേക്ക് പിന്‍വലിച്ചെങ്കിലും ലഘുസമ്പാദ്യ പദ്ധതികള്‍ ഇനി എത്രനാള്‍ എന്ന ചോദ്യം അന്തരീക്ഷത്തില്‍ തന്നെയുണ്ട്. പലിശ നിരക്ക് കുറക്കുന്നതിന് പുറമെ തപാല്‍ വകുപ്പിന്റെ ഭാഗത്തു നിന്ന് ലഘു സമ്പാദ്യപദ്ധതികള്‍ക്കുള്ള പരിഗണന കുറയുക, ജന്‍ധന്‍ പോലുള്ള പദ്ധതികളുടെ പ്രചാരം, യു പി ഐ പോലുള്ള സാങ്കേതിക വിദ്യാധിഷ്ഠിതമായ പദ്ധതികള്‍ തുടങ്ങിയവയൊക്കെ ലഘുസമ്പാദ്യപദ്ധതികള്‍ക്ക് വെല്ലുവിളിയുയര്‍ത്തുന്നുണ്ട്.


ലഘുസമ്പാദ്യപദ്ധതികള്‍ക്ക് മറ്റ് ബദലുകളൊന്നുമില്ല. സാധാരണ നിക്ഷേപകര്‍ പണവുമായി ബാങ്കുകളിലേക്കും ഓഹരി വിപണിയിലേക്കും വരികയെന്ന വഴി മാത്രമാണ് മുന്നിലുള്ളത്. പോസ്റ്റ് ഓഫീസുകള്‍ക്ക് പകരം ബാങ്കുകളെയും മ്യൂച്വല്‍ ഫണ്ടുകളെയും ആശ്രയിക്കാം. ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകളിലും ബാങ്കുകളിലെ സ്ഥിരനിക്ഷേപ പദ്ധതികളിലും പണം നിക്ഷേപിക്കാം. എന്നാല്‍ ബാങ്ക് സ്ഥിരനിക്ഷേപത്തിനുള്ള പലിശ ലഘുസമ്പാദ്യപദ്ധതികളില്‍ ലഭിക്കുന്നതിനേക്കാള്‍ കുറവാണ്. ആദായനികുതി ആനുകൂല്യങ്ങള്‍ ഇതിന് ലഭിക്കുകയുമില്ല.
മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള ചില ഇളവുകള്‍ മാത്രമാണ് ആദായനികുതി നിയമം അനുവദിക്കുന്നത്. മൂന്നുവര്‍ഷത്തിലധികമുള്ള ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നുള്ള വരുമാനത്തിന് 20 ശതമാനം നികുതി നല്‍കുകയും വേണം. അടുത്തിടെ ബാങ്ക് സ്ഥിരനിക്ഷേപത്തിന്റെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന പുതിയ തരം മ്യൂച്വല്‍ ഫണ്ടുകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഭാരത് ബോണ്ട് ഇ ടി എഫ് ഇത്തരം മ്യൂച്വല്‍ ഫണ്ടുകളില്‍ പെട്ടതാണ്. എന്നാല്‍ നികുതിനിരക്കിന് മ്യൂച്വല്‍ ഫണ്ട് ഗ്യാരണ്ടി നല്‍കുന്നില്ല.

മാര്‍ച്ച് 31നാണ് കേന്ദ്ര ഗവണ്‍മെന്റ് ലഘുസമ്പാദ്യപദ്ധതികളുടെ പലിശ നിരക്ക് കുറച്ചത്. പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെ (പിപിഎഫ്) പലിശ 7.1 ശമതാനത്തില്‍ നിന്ന് 6.4 ശതമാനമായും അഞ്ച്ര് വര്‍ഷത്തേക്കുള്ള പോസ്റ്റല്‍ നിക്ഷേപങ്ങള്‍ക്കുള്ള പലിശ 6.7 ശതമാനത്തില്‍ നിന്ന് 5.8 ശമതാനമായും അഞ്ച് വര്‍ഷത്തേക്കുള്ള റെക്കറിംഗ് ഡെപ്പോസിറ്റിനുള്ള പലിശ 5.8 ശതമാനത്തില്‍ നിന്ന് 5.3 ശതമാനമായും മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള സമ്പാദ്യപദ്ധതിയുടെ പലിശ 7.4 ശതമാനത്തില്‍ നിന്ന് 6.5 ശതമാനമായും നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റിന്റെ പലിശ 6.8 ശതമാനത്തില്‍ നിന്ന് 5.9 ശമതാനമായും കിസാന്‍ വികാസ് പത്രയുടെ പലിശ 6.9 ശതമാനത്തില്‍ നിന്നും 6.2 ശതമാനമായും കുറച്ചുകൊണ്ടുള്ളതായിരുന്നു ധനകാര്യവകുപ്പിന്റെ ഉത്തരവ്. തെരഞ്ഞെടുപ്പ് പ്രമാണിച്ച് തീരുമാനം തല്‍ക്കാലത്തേക്ക് മാറ്റിയെങ്കിലും തിരഞ്ഞെടുപ്പു കഴിഞ്ഞാലുടന്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന.

ഇന്ത്യാ ഗവണ്‍മെന്റ് ജനങ്ങള്‍ക്കിടയില്‍ സമ്പാദ്യശീലം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയതാണ് ലഘുസമ്പാദ്യ പദ്ധതികള്‍. ലഘുസമ്പാദ്യ പദ്ധതികളിലൂടെ ജനങ്ങള്‍ നല്‍കുന്ന പണത്തിന് സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കുന്നുണ്ട്. ഇതില്‍ പല സമ്പാദ്യപദ്ധതികള്‍ക്കും നികുതി ഇളവുണ്ട്. പി പി എഫ് ടാക്‌സ് ഫ്രീയാണ്. പോസ്റ്റ് ഓഫീസ്, ദേശസാല്‍കൃത ബാങ്കുകള്‍, ചില വന്‍കിട സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ മുഖേനയാണ് ലഘുസമ്പാദ്യപദ്ധതികള്‍ പ്രവര്‍ത്തിക്കുന്നത്.
പോസ്റ്റ് ഓഫീസ് മുഖേനയുള്ള ടേം ഡെപ്പോസിറ്റ് പോസ്റ്റ് ഓഫീസില്‍ മാത്രം ലഭ്യമാകുന്ന സമ്പാദ്യപദ്ധതിയാണ്. പോസ്റ്റ് ഓഫീസ് മുഖേന നങ്ങള്‍ക്ക് ഇതില്‍ നിക്ഷേപം നടത്താനും പിന്‍വലിക്കാനും സാധിക്കും. പല ബാങ്കുകളും ലഘുസമ്പാദ്യ പദ്ധതികള്‍ക്ക് ഓണ്‍ലൈന്‍ സേവനം ലഭ്യമാക്കിയിട്ടുണ്ട്. പി പി എഫ് പോലുള്ള ലഘുസമ്പാദ്യ പദ്ധതികളില്‍ നെറ്റ് ബാങ്കിംഗ് വഴി ഇടപാട് നടത്താനാകും.

സ്ഥിരനിക്ഷേപത്തിന് നല്‍കുന്നതിനേക്കാള്‍ കൂടിയ പലിശ ലഘുസമ്പാദ്യ പദ്ധതികള്‍ക്ക് നല്‍കുന്നത് പണ്ടു മുതലേ ഉള്ള രീതിയാണ്. ലഘുസമ്പാദ്യ പദ്ധതിയില്‍ നിക്ഷേപിക്കാന്‍ പരിധിയുണ്ട്. ഉദാഹരണത്തിന് സീനിയര്‍ സ്ിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീമിലെ ഉയര്‍ന്ന പരിധി 15 ലക്ഷം രൂപയാണ്. പി പി എഫിന്റെ ഉയര്‍ന്ന പരിധി പ്രതിവര്‍ഷം 1.5 ലക്ഷം രൂപയാണ്. സമ്പന്നന്‍മാര്‍ക്കോ കോര്‍പറേറ്റുകള്‍ക്കോ ലഘുസമ്പാദ്യ പദ്ധതിയില്‍ കാര്യമില്ലെന്ന് സാരം.ലഘുസമ്പാദ്യ പദ്ധതിയുടെ നിരക്കുകള്‍ ഓരോ പാദത്തിലും പുനപരിശോധനക്ക് വിധേയമാകാറുണ്ട്.
എന്നാല്‍ മിക്കവാറും കേസുകളില്‍ ഒരു പദ്ധതിയില്‍ ചേരുമ്പോള്‍ വാഗ്ദാനം ചെയ്യപ്പെടുന്ന പലിശ പിന്നീട് നിരക്ക് കുറച്ചാലും ലഭിക്കുന്ന വിധത്തില്‍ സുരക്ഷിതമാക്കുന്നുണ്ട്. സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീമില്‍ 7.4 ശതമാനം നിരക്കില്‍ അഞ്ച് വര്‍ഷത്തേക്ക് നിക്ഷേപം നടത്തിയാല്‍ അടുത്ത അഞ്ച് വര്‍ഷക്കാലം ഒരു മാറ്റവും കൂടാതെ ഈ പലിശ തന്നെ ലഭിക്കും. അതേസമയം പി പി എഫ് പലിശ നിരക്ക് ഓരോ ഘട്ടത്തിലും പ്രഖ്യാപിക്കുന്ന പലിശ നിരക്കിനനുസരിച്ച് മാറിക്കൊണ്ടിരിക്കും.

പോസ്‌റ്റോഫീസുകളും ബാങ്കുകളുമെല്ലാം ലഘുസമ്പാദ്യപദ്ധതിയുടെ ഇടനിലക്കാര്‍ മാത്രമാണ്. പദ്ധതിയിലൂടെ ലഭിക്കുന്ന പണം മുഴുവനായും പോകുന്നത് ഗവണ്‍മെന്റിലേക്കാണ്. കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിലുള്ള ദേശീയ ലഘുസമ്പാദ്യ നിധിയിലേക്കാണ് ഈ ഫണ്ട് എത്തുക. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ധനക്കമ്മി നികത്താനായാണ് മുഖ്യമായും നിധി ഉപയോഗപ്പെടുത്തുന്നത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പുറത്തിറക്കുന്ന ദീര്‍ഘകാല കടപത്രങ്ങളില്‍ ഈ പണം നിക്ഷേപിക്കപ്പെടുന്നു. ഇതിന് ഉയര്‍ന്ന നിരക്കിലുള്ള പലിശ സര്‍ക്കാരുകള്‍ നല്‍കണം. സമ്പാദ്യപദ്ധതികള്‍ക്കുള്ള ഉയര്‍ന്ന പലിശയും വായ്പക്കുള്ള അതിലും കൂടിയ നിരക്കിലുള്ള പലിശയും തമ്മിലുള്ള അന്തരം ലഘുസമ്പാദ്യനിധിയെ നഷ്ടത്തിലാക്കുന്നുണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it