എന്‍ആര്‍ഐകള്‍ക്ക് എങ്ങനെ മ്യൂച്വല്‍ഫണ്ടില്‍ നിക്ഷേപിക്കാം?

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ ആകൃഷ്ടരായി ധാരാളം വിദേശ നിക്ഷേപകര്‍ ഇന്ത്യയില്‍ നിക്ഷേപിക്കാനായി എത്തുന്നുണ്ട്. പ്രത്യേകിച്ചും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍. ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് മികച്ച നേട്ടമാണ് അവര്‍ സ്വന്തമാക്കുന്നത്. ഈ നേട്ടം വിദേശ ഇന്ത്യക്കാരെയും മ്യൂച്വല്‍ഫണ്ടില്‍ നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുന്നു.

എന്നാല്‍ എന്‍ആര്‍ഐകളില്‍ പലര്‍ക്കും ഇന്ത്യന്‍ മ്യൂച്വല്‍ഫണ്ട് പദ്ധതികളില്‍ നിക്ഷേപിക്കുന്നതെങ്ങനെയെന്ന് അറിയില്ല എന്നതാണ് വാസ്തവം. എന്‍ആര്‍ഐകള്‍ ഇന്ത്യന്‍ മ്യൂച്വല്‍ഫണ്ടില്‍ നിക്ഷേപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അതിന്റെ നടപടിക്രമങ്ങളും എന്തൊക്കെയാണെന്ന് നോക്കാം.

ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (FEMA)പ്രകാരം വിദേശ ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ മ്യൂച്വല്‍ഫണ്ടുകളില്‍ നിക്ഷേപിക്കാവുന്നതാണ്. ഓരോരുത്തരുടേയും റിസ്‌ക് എടുക്കാനുള്ള ശേഷിക്കനുസരിച്ച് ഉയര്‍ന്ന റിസ്‌കും ഉയര്‍ന്ന നേട്ടവുമുള്ള ഇക്വിറ്റി സ്‌കീമുകളോ അല്ലെങ്കില്‍ റിസ് കുറഞ്ഞ ഡെറ്റ് സ്‌കീമുകളോ തെരഞ്ഞെടുക്കാം. നിക്ഷേപ വിഹിതത്തിന്റെ 65 ശതമാനവും ഓഹരിയില്‍ നിക്ഷേപിക്കുന്ന പദ്ധതികളാണ് ഇക്വിറ്റി മ്യൂച്വല്‍ഫണ്ടുകള്‍.

നേട്ടങ്ങള്‍

ഓണ്‍ലൈന്‍ വഴി മ്യൂച്വല്‍ഫണ്ടുകളില്‍ നിക്ഷേപിക്കാമെന്നതിനാല്‍ എവിടെയിരുന്നും അത് നിരീക്ഷിക്കാനും നിയന്ത്രിക്കാനുമൊക്കെ സാധിക്കും. മറ്റു രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് യൂണിറ്റുകള്‍ വാങ്ങാനും വില്‍ക്കാനും അസറ്റ് അലേക്കേഷനില്‍ മാറ്റം വരുത്താനും സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് നടത്താനുമൊക്കെ വളരെ എളുപ്പത്തില്‍ സാധിക്കും.

അസറ്റ് മാനേജ്‌മെന്റ് കമ്പനികള്‍(എഎംസി) ഇന്‍വെസ്റ്റ്‌മെന്റ് പോര്‍ട്ട്‌ഫോളിയോ വെളിപ്പെടുത്തണമെന്നും നിക്ഷേപകര്‍ക്ക് കൃത്യമായ ഇടവേളകളില്‍ അക്കൗണ്ട് വിവരങ്ങള്‍ ലഭ്യമാക്കണമെന്നും നിഷ്‌കര്‍ഷിച്ചിട്ടുള്ളത് നിക്ഷേപകര്‍ക്ക് എല്ലായ്‌പ്പോഴും തങ്ങളുടെ നിക്ഷേപത്തെ കുറിച്ച് അറിവുള്ളവരായിരിക്കാന്‍ സഹായിക്കുന്നു.

മാത്രമല്ല മ്യൂച്വല്‍ഫണ്ട് യൂണിറ്റുകള്‍ വിറ്റഴിക്കുമ്പോള്‍ ലഭിക്കുന്ന മൂലധന നേട്ടത്തിനുപരി എന്‍ആര്‍ഐ നിക്ഷേപകര്‍ക്ക് രൂപയുടെ മൂല്യശോഷം വഴിയുള്ള സ്ഥിരമായ നേട്ടവും ലഭിക്കുന്നു.

നിക്ഷേപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

അക്കൗണ്ട്

മ്യൂച്വല്‍ഫണ്ടുകള്‍ വിദേശ കറന്‍സിയില്‍ നേരിട്ട് നിക്ഷേപം സ്വീകരിക്കാറില്ല. അതിനാല്‍ എന്‍ആര്‍ഐകള്‍ ഏതെങ്കിലും ഇന്ത്യന്‍ ബാങ്കില്‍ രൂപ അടിസ്ഥാനമായിട്ടുള്ള എന്‍ആര്‍ഒ അക്കൗണ്ട് അല്ലെങ്കില്‍ എന്‍ആര്‍ഇ അക്കൗണ്ട് തുറക്കണം.

കെവൈസി

നോ യുവര്‍ കസ്റ്റമര്‍ (കെവൈസി) പ്രോസസിന്റെ ഭാഗമായി എന്‍ആര്‍ഐകള്‍ പാസ്‌പോര്‍ട്ടിന്റെ കോപ്പി, പേര്, ജനനത്തീയതി, ഫോട്ടോ, മേല്‍വിലാസം തെളിയിക്കുന്ന രേഖകള്‍(ഇന്ത്യക്ക് പുറത്തുള്ളത്), ബാങ്ക് സ്റ്റേറ്റ്‌മെന്റ് എന്നിവ സമര്‍പ്പിക്കണം. ചില സാഹചര്യങ്ങളില്‍ ഫണ്ട് ഹൗസുകളുടെ പ്രതിനിധികള്‍ നേരിട്ട് കണ്ടും വേരിഫിക്കേഷന്‍ നടത്തും.

നിക്ഷേപ രീതി

മറ്റു രാജ്യങ്ങളിലാണ് എന്‍ആര്‍ഐകള്‍ എന്നതിനാല്‍ തന്നെ സ്വന്തമായോ അല്ലെങ്കില്‍ ഡയറക്ട് മോഡ് വഴിയോ അല്ലെങ്കില്‍ പവര്‍ ഓഫ് അറ്റോണി വഴി പരോക്ഷമായോ നിക്ഷേപിക്കാന്‍ അവസരമുണ്ട്.

ഡയറക്ട് മോഡ്

ഇതില്‍ എന്‍ആര്‍ഐ നിക്ഷേപകന് സാധാരണ ബാങ്കിംഗ് സംവിധാനത്തിലൂടെ ഇടപാട് നടത്താനാകും, നിക്ഷേപം സ്വദേശത്തേക്ക് തിരിച്ചുകൊണ്ടു വരുന്നതാണോ അല്ലയോ എന്നും വെളിപ്പെടുത്തണം. ഇതുകൂടാതെ ബാങ്കുകള്‍ വ്യക്തപരമായി വേരിഫിക്കേഷന്‍ നടത്തും. എന്‍ആര്‍ഐ വസിക്കുന്ന രാജ്യത്തെ ഇന്ത്യന്‍ എംബസി സന്ദര്‍ശിച്ചായിരിക്കും ഇതു നടത്തുക.

പവര്‍ ഓഫ് അറ്റോര്‍ണി

പവര്‍ ഓഫ് അറ്റോര്‍ണി ഹോള്‍ഡറുമായി സംസാരിച്ച ശേഷമായിരിക്കും നിക്ഷേപ തീരുമാനമെടുക്കുക. ഇതു ഉപയോഗിക്കണമെങ്കില്‍ കെവൈസി ഡോക്യുമെന്റുകള്‍ എന്‍ആര്‍ഐ നിക്ഷേപകനും പവര്‍ ഓഫ് അറ്റോര്‍ണി ഹോള്‍ഡറും അറ്റസ്റ്റ് ചെയ്യേണ്ടതുണ്ട്.

സ്രോതസ് വെളിപ്പെടുത്തണം

നിക്ഷേപിക്കുന്ന പണം എവിടെ നിന്നാണെന്നുള്ളത് എന്‍ആര്‍ഐ നിക്ഷേപകന്‍ വെളിപ്പെടുത്തേണ്ടതാണ്. ചെക്കോ ഡ്രാഫ്‌റ്റോ വഴിയാണ് പേമെന്റ് നടത്തുന്നതെങ്കില്‍ ഫോറിന്‍ ഇന്‍വേഡ് റെമിറ്റന്‍സ് സര്‍ട്ടിഫിക്കറ്റ്(FRIC) ഹാജരാക്കണം. അല്ലെങ്കില്‍ കണ്‍ഫര്‍മേഷനായി ബാങ്ക് ലെറ്റര്‍ നല്‍കിയാലും മതി. ചില ഫണ്ട് ഹൗസുകള്‍ യുഎസ്, കാനഡ തുടങ്ങി രാജ്യങ്ങളില്‍ എന്‍ആര്‍ഐകളില്‍ നിന്നുള്ള നിക്ഷേപത്തിന് അധികമായ ചില നിബന്ധനകളും വയ്ക്കാറുണ്ട്.

ഉദാഹരണത്തിന് ഫണ്ട് ഹൗസുകളായ ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍, ബിര്‍ള സണ്‍ ലൈഫ് മ്യൂച്വല്‍ ഫണ്ട്, എസ്ബിഐ മ്യൂച്വല്‍ഫണ്ട് തുടങ്ങിയവര്‍ ഓഫ്‌ലൈന്‍ ഇടപാടുകള്‍ മാത്രമേ അനുവദിക്കൂ. മാത്രമല്ല എന്‍ആര്‍ഐ നിക്ഷേപകന്റെ അറ്റസ്റ്റ് ചെയ്ത ഡിക്ലറേഷനും വേണം.

ഫണ്ട് വിറ്റുമാറുമ്പോള്‍

സാധാരണയായി ഫണ്ട് വിറ്റഴിക്കുമ്പോള്‍ എഎംസി കാപിറ്റല്‍ ഗെയ്ന്‍ ടാക്‌സ് ഈടാക്കിയ ശേഷമുള്ള തുക ട്രാന്‍സ്ഫര്‍ ചെയ്യും. ചില ബാങ്കുകള്‍ ഈ തുക എന്‍ആര്‍ഒ/എന്‍ആര്‍ഇ അക്കൗണ്ടിലേക്ക് ട്രാന്‍സ്ര്ഫര്‍ ചെയ്യാന്‍ അനുവദിക്കാറുണ്ട്. കൂടാതെ ചെക്ക് ആയും ഈ തുക നല്‍കാറുണ്ട്.

നികുതി ബാധ്യത

താമസിക്കുന്ന രാജ്യത്തെ നികുതി ആനുകൂല്യത്തിന് എന്‍ആര്‍ഐകള്‍ക്ക് അര്‍ഹതയുണ്ട്. ഇരു രാജ്യങ്ങളും തമ്മില്‍ ഇരട്ട നികുതി ഒഴിവാക്കല്‍ കരാര്‍(DTAA) ഒപ്പു വച്ചിട്ടുണ്ടെങ്കില്‍ മാത്രമേ ഈ അനുകൂല്യം ലഭിക്കൂ.

ഫണ്ടുകള്‍ കൈവശം വയ്ക്കുന്ന കാലാവധിയും അസറ്റ് അലോക്കേഷനും അനുസരിച്ച് ലോംഗ് ടേം, ഷോര്‍ട്ട് ടേം അസറ്റ് എന്ന് തരം തിരിച്ചിട്ടുണ്ട്. ഇക്വിറ്റി ഫണ്ടുകളിലും ഹൈബ്രിഡ് ഫണ്ടുകളിലും ഷോര്‍ട്ട് ടേം കാപിറ്റല്‍ ഗെയ്ന്‍സിന് 15 ശതമാനവും ലോംഗ് ടേം കാപിറ്റല്‍ ഗെയ്ന്‍സിന് ഒരു ലക്ഷം വരെ 10 ശതമാനവുമാണ് നികുതി.

ഡെറ്റ് മ്യൂച്വല്‍ഫണ്ടുകള്‍ക്ക് ഷോര്‍ട്ട് ടേം കാപിറ്റല്‍ ഗെയ്ന്‍ 30 ശതമാനവും ലോംഗ് ടേം കാപിറ്റല്‍ ഗെയ്ന്‍സിന് ഇന്‍ഡക്‌സേഷന്‍ ബെനഫിറ്റോടെ 20 ശതമാനവും ഇന്‍ഡക്‌സേഷന്‍ ബെനഫിറ്റ് ഇല്ലാതെ 10 ശതമാനവുമാണ് നികുതി.
എന്‍ആര്‍ഐകള്‍ക്ക് ഉയര്‍ന്ന നേട്ടത്തിന് പരിഗണിക്കാവുന്ന ഒരു മാര്‍ഗമാണ് ഇന്ത്യയിലെ മ്യൂച്വല്‍ഫണ്ടുകളിലുള്ള നിക്ഷേപം. എന്നാല്‍ ഓര്‍ക്കുക മ്യൂച്വല്‍ഫണ്ടുകളിലെ നിക്ഷേപം മാര്‍ക്കറ്റ് റിസ്‌കിന് വിധേയമാണ്. നിക്ഷേപിക്കും മുന്‍പ് സ്‌കീമുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദമായി വായിച്ചു മനസിലാക്കുക.

കടപ്പാട്: www.moneylife.in

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it