പേപ്പർ വർക്കോ, പവർ പോയ്ന്റ് പ്രസന്റേഷനോ ഇല്ല!  വാറൻ ബഫറ്റിന്റെ നിക്ഷേപം പേടിഎം നേടിയെടുത്തതെങ്ങനെ? 

നീണ്ട പവർ പോയ്‌ന്റ് പ്രസന്റേഷനോ എന്തിന് ഒരു തുണ്ട് കടലാസോ പോലും മുന്നിൽ നിരത്താതെയാണ് ലോകപ്രശസ്ത നിക്ഷേപകനായ വാറന്‍ ബഫറ്റിന്റെ കമ്പനിയുടെ ആദ്യ ഇന്ത്യൻ നിക്ഷേപം പേടിഎം നേടിയെടുത്തത്.

ബഫറ്റിന്റെ ഓഹരി നിക്ഷേപ കമ്പനിയായ ബെര്‍ക്ക്‌ഷെയര്‍ ഹാത് വെ ഇക്കഴിഞ്ഞ ദിവസമാണ് പേടിഎമ്മിന്റെ മാതൃ സ്ഥാപനമായ വണ്‍97 കമ്യൂണിക്കേഷന്‍സിൽ നിക്ഷേപം നടത്താനുള്ള തീരുമാനം പ്രഖ്യാപിച്ചത്.

ഇന്ത്യയെക്കുറിച്ചും, സാങ്കേതിക വിദ്യകളെക്കുറിച്ചും, അതുപോലെ ഫിലോസഫിയെക്കുറിച്ചുമുള്ള ഒരു നീണ്ട സംഭാഷണമാണ് പേടിഎം സ്ഥാപകൻ വിജയ് ശേഖർ ശർമയുടെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട നിക്ഷേപത്തിലേക്ക് നയിച്ചത്. ബെര്‍ക്ക്‌ഷെയറിലെ ഇൻവെസ്റ്റ്മെന്റ് മാനേജർ ആയ ടോഡ് കോംബ്സുമായി താനും തന്റെ മറ്റൊരു നിക്ഷേപകനും നടത്തിയ നീണ്ട സംഭാഷണമാണ് ഇത്തരമൊരു തീരുമാനമെടുക്കാൻ അവരെ പ്രേരിപ്പിച്ചതെന്ന് ഒരു അഭിമുഖത്തിൽ ശർമ്മ പറയുകയുണ്ടായി.

വിജയ് ശേഖർ ശർമ്മ നയിക്കുന്ന പേടിഎം ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ പേയ്മെന്റ് സേവന ദാതാവാണ്. ഏതാണ്ട് 12 ബില്യൺ ഡോളർ മൂല്യമാണ് കമ്പനിക്ക് ബെര്‍ക്ക്‌ഷെയര്‍ ഹാത്ത് വേ കണ്ടിരിക്കുന്നത്.

നിലവിൽ ജപ്പാൻ ആസ്ഥാനമായ സോഫ്റ്റ് ബാങ്കിനും ചൈനയുടെ ആലിബാബ ഗ്രൂപ്പിനും പേടിഎമ്മിൽ നിക്ഷേപമുണ്ട്.

കഴിഞ്ഞ വർഷം നൽകിയ ഒരു അഭിമുഖത്തിൽ ഇന്ത്യ വളരെ നിക്ഷേപ സാധ്യതയുള്ള സാമ്പത്തിക ശക്തിയാണെന്നും ഇന്ത്യയിലെ മികച്ച ബിസിനസുകളിൽ നിക്ഷേപം നടത്താൻ താല്പര്യമുണ്ടെന്നും ബഫറ്റ് പറഞ്ഞിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it