മ്യൂച്വല്‍ഫണ്ട് പോര്‍ട്ട്‌ഫോളിയോ എങ്ങനെ തയാറാക്കാം?

മ്യൂച്വല്‍ഫണ്ടില്‍ എങ്ങനെയാണ് നല്ലൊരു പോര്‍ട്ട്‌ഫോളിയോ ഉണ്ടാക്കിയെടുക്കുക. റീറ്റെയ്ല്‍ നിക്ഷേപകരുടെ എല്ലാം സംശയമാണിത്. സാമ്പത്തിക ആവശ്യങ്ങളെ കുറിച്ച് കൃത്യമായ ധാരണയുണ്ടാക്കുകയാണ് ഇതിന് ആദ്യം വേണ്ടതെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. എപ്പോഴാണ് പണം ആവശ്യമായി വരിക, എത്ര കാലം നിക്ഷേപം നടത്താനാകും എന്നൊക്കെ അറിഞ്ഞാല്‍ എളുപ്പത്തില്‍ മ്യൂച്വല്‍ഫണ്ട് പോര്‍ട്ട്‌ഫോളിയോയ്ക്ക് രൂപം കൊടുക്കാം.

60 ശതമാനം ഇക്വിറ്റിയും 40 ശതമാനം ഡെറ്റുമാണ് നല്ലൊരു പോര്‍ട്ട്‌ഫോളിയോയായി വിലയിരുത്തുന്നത്. ഓരോരുത്തരുടേയും റിസ്‌ക് എടുക്കാനുള്ള ശേഷിക്കനുസരിച്ച് ഈ അനുപാതത്തില്‍ മാറ്റം വരുത്താം.

ഓരോ ലക്ഷ്യത്തിനും പ്രത്യേകം പോര്‍ട്ട്‌ഫോളിയോ

സാധാരണക്കാരെ സംബന്ധിച്ച് നിക്ഷേപങ്ങള്‍ മാനേജ് ചെയ്യാനുള്ള ഏറ്റവും നല്ല മാര്‍ഗം ഓരോ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കും പ്രത്യേകമായി പോര്‍ട്ട്ഫോളിയോ രൂപപ്പെടുത്തുക എന്നതാണ്. ഉദാഹരണത്തിന് റിട്ടയര്‍മെിന് ഒരു പോര്‍ട്ട്‌ഫോളിയോ, കുട്ടികളുടെ വിദ്യാഭ്യാസത്തിനൊരു പോര്‍ട്ട്‌ഫോളിയോ എന്നിങ്ങനെ.

ലക്ഷ്യങ്ങള്‍ തീരുമാനിക്കുമ്പോള്‍ തന്നെ ചില ചെറിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ കൂടി കണ്ടെത്തുക. അതായത് നിങ്ങളുടെ ലക്ഷ്യം നിറവേറ്റാന്‍ വേണ്ട തുക എത്ര? എപ്പോഴാണ് ആ തുക ആവശ്യമായി വരിക? നിക്ഷേപത്തിന് എത്ര റിട്ടേണ്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു? എന്നിങ്ങനെ...

ഉദാഹരണത്തിന് കുട്ടിയുടെ വിദ്യാഭ്യാസത്തിന് 10 വര്‍ഷത്തിനുള്ളില്‍ 30 ലക്ഷം രൂപ വേണം. അല്ലെങ്കില്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ വീടു വാങ്ങാന്‍ ഡൗണ്‍പേമെന്റ് നല്‍കാന്‍ 15 ലക്ഷം രൂപ വേണം എന്ന് വ്യക്തമായി പറയാനാകുകയാണെങ്കില്‍ ഏതു നിക്ഷേപമാണ് നിങ്ങള്‍ക്ക് അനുയോജ്യമെന്ന് എളുപ്പത്തില്‍ കണ്ടെത്താനാകും.

നമുക്ക് മേല്‍ പറഞ്ഞ രണ്ടു ലക്ഷ്യങ്ങള്‍ തന്നെയെടുക്കാം. അതിനു പറ്റിയ മ്യൂച്വല്‍ഫണ്ട് പോര്‍ട്ട്‌ഫോളിയോ എങ്ങനെ രൂപപ്പെടുത്താമെന്ന് നോക്കാം.

ലക്ഷ്യം 1 : 20 വര്‍ഷത്തിനുള്ളില്‍ റിട്ടയര്‍മെന്റ് (ദീര്‍ഘകാല ലക്ഷ്യം)

ലക്ഷ്യം 2 : എട്ടു വര്‍ഷത്തിനുള്ളില്‍ മകളുടെ വിദ്യാഭ്യാസം (മധ്യകാല ലക്ഷ്യം)

എത്ര ഫണ്ടുകള്‍, എത്രവീതം?

റിട്ടയര്‍മെന്റ് (70:30)

ഡെറ്റില്‍ നിക്ഷേപിക്കാന്‍ മുന്നിലുള്ള ചോയ്‌സുകള്‍ ഇപിഎഫും പിപിഎഫും മാത്രമാണ്. ഇക്വിറ്റിയില്‍ നിക്ഷേപിക്കുന്നത് ഇങ്ങനെയാവാം.

ലാര്‍ജ് കാപ്: 30 50 % (ഒന്നോ രണ്ടോ ഫണ്ടുകള്‍)

മള്‍ട്ടികാപ്: 40-60 % (ഒന്നോ രണ്ടോ ഫണ്ടുകള്‍)

മിഡ് & സ്മാള്‍ കാപ്- 10-20 % (ഒറ്റ ഫണ്ടു മതി)

ഒരാള്‍ മാസം 10000 രൂപ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഓരോ കാറ്റഗറിയിലും ഒരു ഫണ്ട് ധാരാളം. അതേസമയം നിക്ഷേപ തുക 50000 ത്തിനു മുകളിലാണെങ്കില്‍ ലാര്‍ജ് കാപ്, മള്‍ട്ടി കാപ് ഫണ്ടുകള്‍ രണ്ടെണ്ണം വീതവും ഒരു മിഡ് & സ്മാള്‍ കാപും പരിഗണിക്കാം.

ഇനി നികുതി ലാഭം കൂടി ലക്ഷ്യമിടുന്നുണ്ടെങ്കില്‍ ലാര്‍ജ് കാപ്, മള്‍ട്ടി കാപ്

ഫണ്ടുകളില്‍ ഏതെങ്കിലും ഒഴിവാക്കി ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്‌സ് സ്‌കീം (ഇഎല്‍എസ്എസ്) ഉള്‍പ്പെടുത്താം.

മകളുടെ വിദ്യാഭ്യാസം (50:50)

മധ്യകാല ലക്ഷ്യങ്ങള്‍ക്ക് പിപിഎഫ് പോലെ ലോക്ക് ഇന്‍ പിരീയഡ് ഉള്ള നിക്ഷേപങ്ങള്‍ അനുയോജ്യമല്ല. അതേസമയം ഡെറ്റ് ഫണ്ടുകള്‍ പ്രയോജനപ്പെടുത്താം. ഇത്തരം സാഹചര്യത്തിന് അനുയോജ്യമായൊരു പോര്‍ട്ട്‌ഫോളിയോ ആണ് താഴെ.

ലാര്‍ജ് കാപ്/മള്‍ട്ടി കാപ്- 50% (ഒന്നോ രണ്ടോ ഫണ്ടുകള്‍)

അള്‍ട്രാ ഷോര്‍ട്ട്/ഷോര്‍ട്ട് ടേം- 50% (ഒറ്റ ഫണ്ട്)

ലക്ഷ്യത്തോടടുക്കുന്തോറും നിക്ഷേപ സമീപനത്തില്‍ മാറ്റം വരുത്തണം. അതായത് മധ്യകാലയളവെന്നത് ഹ്രസ്വ കാലയളവായി മാറും. അതിനനുസരിച്ച് ഇക്വിറ്റി വിഹിതം കുറച്ച് സിസ്റ്റമാറ്റിക്കായി ഡെറ്റ് മാര്‍ഗങ്ങളിലേക്ക് മാറണം.

നിക്ഷേപം എങ്ങനെ?

ദീര്‍ഘകാല ലക്ഷ്യം നിറവേറ്റാന്‍ എപ്പോഴും കൂടുതല്‍ നിക്ഷേപം

ഇക്വിറ്റിയില്‍ നടത്തണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ. പണപ്പെരുപ്പത്തെ മറികടക്കാനുള്ള മാര്‍ഗമാണിത്. എന്നാല്‍ ഹ്രസ്വകാലയളവുകളില്‍ ഇക്വിറ്റിയില്‍ വന്‍ വ്യതിയാനങ്ങള്‍ക്ക് സാധ്യത കൂടുതലാണ്. അതിനാല്‍ ഹ്രസ്വകാല ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ ഡെറ്റ് നിക്ഷേപങ്ങളെ കൂടുതലായി ആശ്രയിക്കാം.

മധ്യകാല ലക്ഷ്യങ്ങളാണെങ്കില്‍ ഇക്വിറ്റിയുടേയും ഡെറ്റിന്റേയും കോംപിനേഷനുകള്‍ ആയിരിക്കും അനുയോജ്യം.

നിക്ഷേപം വിന്യസിക്കുന്നതില്‍ പല ഘടകങ്ങളുണ്ട്. എന്നാല്‍ ആത്യന്തികമായി നിക്ഷേപകന്റെ നഷ്ടം സഹിക്കാനുള്ള ശേഷിക്കനുസരിച്ചാണ് ഇക്വിറ്റിയിലും ഡെറ്റിലും എത്ര ശതമാനം നീക്കിവയ്ക്കണമെന്ന് തീരുമാനിക്കുന്നത്.

അത്യാവശ്യം റിസ്‌ക് എടുക്കാന്‍ തയ്യാറുള്ള നിക്ഷേപകനാണെങ്കില്‍ ഇപ്രകാരം നിക്ഷേപിക്കാം.

റിട്ടയര്‍മെന്റ്:

ഇക്വിറ്റി: 70%, ഡെറ്റ്: 30%

മകളുടെ വിദ്യാഭ്യാസം:

ഇക്വിറ്റി: 50%, ഡെറ്റ്: 50%

ഇനി ഫണ്ടു കണ്ടെത്താം

ഫണ്ട് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. നല്ല പ്രകടനം കാഴ്ചവച്ചിട്ടുള്ള, വിശ്വാസ്യ യോഗ്യമായ ഫണ്ടു ഹൗസുകളില്‍ നിന്നുള്ള ഫണ്ടുകളായിരിക്കണം തെരഞ്ഞെടുത്തേണ്ടത്. ബെഞ്ച് മാര്‍ക്കുമായും മറ്റു സമാനഫണ്ടുകളുമായും താരതമ്യം ചെയ്യുമ്പോള്‍ മികച്ചു നില്‍ക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും വേണം. ഒരിക്കലും മുന്‍കാല പ്രകടനം മാത്രം കണക്കിലെടുത്തുകൊണ്ടാകരുത് ഫണ്ട് തരഞ്ഞെടുപ്പ്.

എന്നാല്‍ നിലവിലെ വിപണി സാഹചര്യങ്ങളില്‍ ഒറ്റത്തവണ മ്യൂച്വല്‍ഫണ്ട് നിക്ഷേപം ബുദ്ധിയല്ല എന്ന് ബജാജ് കാപിറ്റല്‍ കൊച്ചി ബ്രാഞ്ച് ഹെഡ് പ്രദീപ് പി പറയുന്നു. ''വിപണിയില്‍ അനിശ്ചിതത്വം നിലനില്‍ക്കുമ്പോള്‍ എപ്പോഴും ലാര്‍ജ് കാപ് ഫണ്ടുകളാണ് അനുയോജ്യം. എന്നാല്‍ ഒറ്റത്തവണ നിക്ഷേപം ഈ സമയത്ത് ഉചിതമല്ല. മൂന്നോ നാലോ തവണയായി ആറു മാസത്തിനുള്ളില്‍ നിക്ഷേപം നടത്തുന്നതാണ് നല്ലത്. നേരത്തെയാണ് നിക്ഷേപം തുടങ്ങുന്നതെങ്കില്‍ ലക്ഷ്യത്തിലേക്കെത്താന്‍ എസ്‌ഐപിയിലൂടെ നിക്ഷേപിക്കാ

നാകും.'' വ്യത്യസ്തമായ മാര്‍ക്കറ്റ് സൈക്കിളുകളിലും സ്ഥിരമായ റിട്ടേണ്‍ നല്‍കാന്‍ സാധിച്ചിട്ടുള്ള ഫണ്ടുകളായിരിക്കും എപ്പോഴും നല്ലത്.

മാന്യമായ, വൈവിധ്യമാര്‍ന്നൊരു പോര്‍ട്ട്‌ഫോളിയോ രൂപപ്പെടുത്താനാണ് ആഗ്രഹിക്കുന്നതെങ്കില്‍ സ്റ്റാര്‍ റേറ്റിംഗിന്റെ പിന്നാലെ പോകണ്ട. തുടക്കമിടാന്‍ നല്ലതാണെങ്കിലും ഫണ്ടു തീരുമാനിക്കും മുമ്പ് ഫണ്ടിനെ ആഴത്തില്‍ വിശകലനം ചെയ്യണം. എപ്പോഴും നല്ലൊരു ഫിനാന്‍ഷ്യല്‍ അഡൈ്വസറുടെ സഹായം തേടുന്നതാണ് പോര്‍ട്ട്‌ഫോളിയോ രൂപപ്പെടുത്താന്‍ ഏറ്റവും നല്ലത്.

മിക്ക നിക്ഷേപകരും ധാരാളം ഫണ്ടുകള്‍ കൈവശം വയ്ക്കുന്നതിന്റെ ഒരു കാരണം കൃത്യമായ ഫിനാന്‍ഷ്യല്‍ പ്ലാന്‍ ഇല്ലാത്തതുകൊണ്ടാണ്.

ഓര്‍മിക്കുക. വൈവിധ്യവല്‍ക്കരണം ആവശ്യമാണ്. എന്നാല്‍ ആവശ്യത്തില്‍ അധികമാകുന്നത് നല്ലതല്ല. പരമാവധി അഞ്ചോ ആറോ ഫണ്ടുകള്‍ കൊണ്ടു തന്നെ വൈവിധ്യവല്‍ക്കരണം സാധ്യമാകും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it