നിങ്ങളുടെ ശമ്പളം കുറഞ്ഞോ? എങ്കില്‍ നിക്ഷേപ രീതിയും മാറ്റണം

ഓണത്തിന് കിട്ടാന്‍ പോകുന്ന ബോണസ്, അടുത്ത വേതന വര്‍ധന ഇങ്ങനെ വരാന്‍ പോകുന്ന ഓരോ കാര്യവും മുന്നില്‍ കണ്ടാണ് നമ്മളില്‍ പലരുടെയും നിക്ഷേപ തീരുമാനങ്ങളും ചെലവിടല്‍ രീതിയും. അതില്‍ നിന്ന് നേരെ വിപരീതമായി ഇപ്പോള്‍ വേതനം വെട്ടിക്കുറയ്ക്കലും ജോലി നഷ്ടവുമെല്ലാം എല്ലാവരെയും തുറിച്ചുനോക്കുന്നു. ലോക്ക്ഡൗണും കോവിഡ് ബാധയും എല്ലാ മേഖലയിലും പ്രശ്‌നങ്ങള്‍ വിതയ്ക്കുമ്പോള്‍ വ്യക്തികളുടെ സാമ്പത്തിക ആസൂത്രണത്തിലും ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്.

ഏറ്റവും മോശം സാഹചര്യത്തെ മുന്നില്‍ കാണുക

ലോക്ക്ഡൗണ്‍ കാലത്തും അതിനുമുമ്പുണ്ടായിരുന്ന വേതനം ലഭിക്കുന്നവര്‍ കണ്ടേക്കാം. എന്നാല്‍ ബഹുഭൂരിപക്ഷവും വേതനം വെട്ടിച്ചുരുക്കല്‍ നടപടിക്ക് വിധേയരായിക്കാണും. സ്വകാര്യ മേഖലയിലെ കമ്പനികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആസന്നമായ തൊഴില്‍ നഷ്ടത്തെയും ചിലപ്പോള്‍ മുന്നില്‍ കാണേണ്ടി വരും. നമുക്ക് അംഗീകരിക്കാന്‍ പ്രയാസമുള്ള കാര്യമാണെങ്കിലും ഇത്തരം സാഹചര്യങ്ങളെ കരുതിയിരിക്കുക തന്നെ വേണം.

അപ്രതീക്ഷിതമായുള്ള ഇത്തരം സന്ദര്‍ഭങ്ങളെ മറികടക്കാന്‍ എമര്‍ജന്‍സി ഫണ്ട് കൈവശമുള്ളവര്‍ക്ക് സാധിച്ചെന്നിരിക്കും. എന്നാല്‍ ഇതൊന്നുമില്ലാത്തവരാകും ഏറെ പേരും. അങ്ങനെ വരുമ്പോള്‍ കൈയിലെ ഓരോ പൈസയും പാഴാകാതെ സൂക്ഷിക്കുക എന്നതുമാത്രമാണ് വഴി. ഈ ഘട്ടത്തില്‍ നിക്ഷേപത്തേക്കാളുപരി ദൈനംദിന ജീവിതം മുന്നോട്ടുകൊണ്ടുപോകാനാണ് ശ്രമിക്കേണ്ടത്.

അടുത്ത പടിയെന്ത്?

ഈ ലോക്ക്ഡൗണ്‍ കാലത്ത് നാം പലതും പഠിച്ചു. ജീവിക്കാന്‍ എത്രമാത്രം കാര്യങ്ങള്‍ ആവശ്യമുണ്ട്. എന്തെല്ലാം അനാവശ്യമാണ് എന്നെല്ലാം തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇനി ഒരു പേപ്പറെടുത്ത്, ഒരു കാരണവശാലും വെട്ടികുറയ്ക്കാന്‍ പറ്റാത്ത കാര്യങ്ങളെഴുതുക. അതിനുള്ള ചെലവും.

വെട്ടി കുറച്ച ശേഷം നിങ്ങളുടെ കൈയില്‍ കിട്ടുന്ന വേതനവും എഴുതുക. ഇവ രണ്ടും താരതമ്യം ചെയ്യുമ്പോള്‍ കൈയില്‍ ഒന്നും ശേഷിക്കുന്നില്ലെങ്കില്‍ മാനസിക സമ്മര്‍ദ്ദത്തിലായിട്ട് കാര്യമില്ല. ഏതാനും മാസങ്ങള്‍ കൊണ്ട് കാര്യങ്ങള്‍ കുറേയേറെ മെച്ചപ്പെട്ടേക്കാം. അപ്പോള്‍ നിക്ഷേപം പുനഃരാരംഭിക്കാം. നിക്ഷേപം അവസാനിപ്പിക്കുകയല്ല, ഒരു അര്‍ദ്ധവിരാമം ഇട്ടുനിര്‍ത്താം. നിങ്ങളുടെ കൈയില്‍ അത്യാവശ്യത്തിന് കാശുണ്ടോയെന്നതാണ് പ്രധാനം. ദീര്‍ഘകാല ലക്ഷ്യത്തിനായി ഇപ്പോള്‍ നിക്ഷേപിക്കാന്‍ പോയാല്‍ കൈയില്‍ പണം കാണില്ല. അതുകൊണ്ട് അവയ്ക്ക് തല്‍ക്കാലം ഒരിടവേള നല്‍കിയാലും കുഴപ്പമില്ല.

ഗോളുകള്‍ പുനഃപരിശോധിക്കുക?

ചെലവുകള്‍ ചുരുക്കിയാല്‍ കിട്ടുന്ന വേതനത്തില്‍ നിന്നും വീണ്ടും കുറച്ച് മാറ്റിവെയ്ക്കാന്‍ സാധിച്ചെന്നിരിക്കും. ആ തുക നിക്ഷേപിക്കാന്‍ ഒരുങ്ങുമ്പോള്‍ നിങ്ങളുടെ സാമ്പത്തിക ഗോളുകള്‍ പുനഃപരിശോധനയ്ക്ക് വിധേയമാക്കുക.

വിദേശത്ത് വിനോദയാത്ര പോകണമെന്ന് നിങ്ങളുടെ ആഗ്രഹമായിരുന്നിരിക്കാം. അതൊരു ദീര്‍ഘകാല ലക്ഷ്യമാണെങ്കില്‍ അതിനേക്കാള്‍ പ്രധാന്യം ഹ്രസ്വകാല, മീഡിയം ടേം ഗോളുകള്‍ക്ക് നല്‍കുക. കാരണം ഉടനടി വരുന്ന സാമ്പത്തിക ആവശ്യങ്ങള്‍ക്ക് പണം കണ്ടെത്തുക ഇപ്പോള്‍ തലവേദനയാണ്. അതിന് പ്രാധാന്യം നല്‍കാതെ ദീര്‍ഘകാല ലക്ഷ്യത്തിന് പണം ഇപ്പോള്‍ മാറ്റിവെച്ചാല്‍ കടക്കെണിയിലാകും.

വേതനം വെട്ടിക്കുറയ്ക്കല്‍ നിങ്ങളുടെ മാത്രം ജീവിതത്തില്‍ സംഭവിക്കുന്ന കാര്യമല്ല. ഈ സാഹചര്യത്തില്‍ ലോകത്തില്‍ ഒട്ടനവധി പേരുടെ വേതനം കുറഞ്ഞിട്ടുണ്ട്്. നിങ്ങളുടെ കഴിവുകേട് കൊണ്ട് സംഭവിച്ചതുമല്ല. കമ്പനികള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ വേണ്ടി ചെയ്യുന്ന കാര്യങ്ങളുടെ ഭാഗമാണ്. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ സാധാരണ സ്ഥിതിയാവുമ്പോള്‍ വരുമാനത്തിലും വര്‍ധനയുണ്ടാകും. അതുവരെ പിടിച്ചു നില്‍ക്കാനാണ് ശ്രമിക്കേണ്ടത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it