ഇന്ത്യയില്‍ തിളങ്ങിയ ഇന്‍മൊബി ഇനി അമേരിക്കന്‍ ഓഹരി വിപണിയിലേക്ക്‌

ഇന്ത്യയിലെ ആദ്യത്തെ സ്റ്റാർട്ടപ്പ് യൂണികോണായ ഇൻമൊബി അമേരിക്കൻ വിപണിയിൽ ലിസ്റ്റ് ചെയ്യാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഈ വർഷം അവസാനത്തോടെ 1600 കോടി ഡോളർ മൂല്ല്യത്തോടെ ഇൻമൊബി അമേരിക്കൻ വിപണിയിൽ സാന്നിധ്യമറിയിക്കുമെന്നും ചർച്ചകൾ പുരോഗമിക്കുന്നതായും ദി മിൻ്റ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. ഈ വർഷം ഡിസംബറോടെ നസ്ഡാക്കിൽ ഇനീഷ്യൽ പബ്ലിക് ഓഫറിങ് (ഐപിഒ) വഴി 80 കോടി മുതൽ 120 കോടി ഡോളർ വരെ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ബാംഗ്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര പരസ്യ സാങ്കേതികവിദ്യ കമ്പനിയാണ് ഇൻമൊബി.

പ്രമുഖ പരസ്യ സാങ്കേതികവിദ്യ കമ്പനിയായ പബ്മാറ്റിക് അമേരിക്കൻ പൊതുവിപണിയിൽ വിജയകരമായ അരങ്ങേറ്റം നടത്തിയതിന് പിന്നാലെയാണ് ഇൻമൊബി പുതിയ ലിസ്റ്റിംഗ് പദ്ധതിയുമായി രംഗത്ത് വന്നത്. ഇൻമൊബിയുടെ സിംഗപ്പൂർ ആസ്ഥാനമായുള്ള മൊബൈൽ പരസ്യ വിഭാഗം ഇതിനോടകംതന്നെ നിക്ഷേപക ബാങ്കർമാരുമായുള്ള പ്രാരംഭഘട്ട ചർച്ചകൾ നടത്തിയിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളിൽ ഡയറക്ടർ ബോർഡിൽ നിന്ന് അനുകൂല പ്രതികരണം ഉണ്ടാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. അനുമതി ലഭിച്ചാലുടൻ യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ്റെ (എസ്ഇസി) പരിശോധനകൾക്കു ശേഷം ലിസ്റ്റിംഗ് പ്രക്രിയ ആരംഭിക്കുന്നതിനാവശ്യമായ നടപടികളിലേക്ക് പോകാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഇൻമൊബി ഇതുവരെയും ഒരു ബാങ്കർമാരെയും നിയമിച്ചിട്ടില്ലെന്നും സാഹചര്യമനുസരിച്ച് ഒരു എസ്പിഎസി (സ്പെഷ്യൽ പർപ്പസ് അക്വിസിഷൻ കമ്പനി) വഴി തയ്യാറെടുപ്പുകൾ നടത്താൻ സാധ്യതയുണ്ടെന്നും, നിലവിൽ ഐപിഒ വഴി വഴി മുന്നോട്ട് പോകുന്നതാതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ സൂചന നൽകുന്നു.
ഇൻമൊബി യുടെ ഏറ്റവും വലിയ നിക്ഷേപകരിൽ ഒരാളായ സോഫ്റ്റ് ബാങ്ക് അടുത്ത ഓഹരി വിറ്റഴിക്കലിൽ പുറത്തുകടക്കാൻ തയ്യാറെടുക്കുന്നുണ്ട്. 2010 ഇൻമൊബി യിൽ നിക്ഷേപം നടത്തിയ സോഫ്റ്റ് ബാങ്ക് നിലവിൽ കമ്പനിയുടെ 42 ശതമാനം ഓഹരിയുടെ ഉടമയാണ്. ഇന്ത്യയിൽ പൊതുവേ പരസ്യ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട മേഖലയ്ക്ക് മൂല്ല്യ സമാഹരണം കുറവായതാണ് ഇൻമൊബി യെ അമേരിക്കൻ വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതിന് പ്രേരിപ്പിക്കുന്നതെന്നും, നിലവിലെ ഓഹരികളിൽ നിന്ന് ഒറ്റയടിക്ക് സോഫ്റ്റ് ബാങ്കിന് പുറത്തുകടക്കാൻ കഴിയില്ലെന്നും ഇതിനായി രണ്ടാംഘട്ട ഓഹരി വില്പന വേണ്ടിവരുമെന്നും വിദഗ്ധർ പറയുന്നു.
ഐഐടി കാൺപൂരിലെ പൂർവ്വ വിദ്യാർത്ഥികളായ നവീൻ തിവാരി, അഭയ് സിംഗാൾ, അമിത് ഗുപ്ത, മോഹിത് സക്സേന എന്നിവരാണ് 2007 ഇൽ ഇൻമൊബി സ്ഥാപിച്ചത്. നവീൻ തിവാരിയാണ് നിലവിൽ കമ്പനിയുടെ സിഇഒ .2008 ലും 2010 ലും ക്ലീൻ പെർക്കിൻസ്, ഷെർപലെ വെഞ്ചേഴ്സ് എന്നീ കമ്പനികളിൽനിന്നായി 1.5 കോടി ഡോളർ ധനസഹായം ലഭിച്ചു. 2010 ഓടെ സോഫ്റ്റ് ബാങ്ക് 20 കോടി ഡോളർ നിക്ഷേപം നടത്തിയതോടുകൂടിയാണ് ഇൻമൊബി രാജ്യത്തെ സ്റ്റാർട്ടപ്പുകളിൽ മുൻപന്തിയിലേക്കേതിയത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it