നിക്ഷേപം പിന്‍വലിക്കല്‍ വ്യാപകം എസ്‌ഐപി ഇപ്പോള്‍ ഒഴിവാക്കേണ്ടതുണ്ടോ?

ഉയര്‍ന്ന നേട്ടം തരുന്ന ദീര്‍ഘകാല നിക്ഷേപ പദ്ധതിയെന്ന നിലയില്‍ സാധാരണക്കാര്‍ പോലും ആശ്രയിച്ചിരുന്ന ഒന്നായിരുന്നു സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകള്‍. എന്നാല്‍ കൊവിഡ് 19 ഉയര്‍ത്തിയ അനിശ്ചിതത്വം നിക്ഷേപകരെ എസ്‌ഐപി നിക്ഷേപത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നുവെന്നാണ് വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ട്. ഓഹരി വിപണി കുത്തനെ ഇടിഞ്ഞതും ആളുകളുടെ സാമ്പത്തിക സ്ഥിതി മോശമായതും ഭാവിയിലെ വരുമാനത്തെ കുറിച്ചുള്ള ആശങ്കകളുമെല്ലാം ചേര്‍ന്ന് നിക്ഷേപകരെ എസ്‌ഐപിയില്‍ നിന്ന് പിന്മാറാനോ തത്കാലത്തേക്ക് നിര്‍ത്തിവെക്കാനോ പ്രേരിപ്പിക്കുന്നു. ഓഹരി വിപണിയിലെ തകര്‍ച്ച മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നുള്ള നേട്ടത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ജനുവരിയില്‍ 42,000 വരെയെത്തിയ സെന്‍സെക്‌സ് സൂചികയില്‍ ഫെബ്രുവരിയില്‍ ആറു ശതമാനവും മാര്‍ച്ചില്‍ 23 ശതമാനവും ഇടിവാണ് ഉണ്ടായത്. മാര്‍ച്ച് 31 ന് 29468 ലാണ് സെന്‍സെക്‌സ് വ്യാപാരം അവസാനിച്ചത്.

പലരുടെയും വരുമാനത്തിലുണ്ടായ ഇടിവാണ് എസ്‌ഐപി നിക്ഷേപത്തെ ബാധിച്ചിരിക്കുന്നത്. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതി സ്വന്തമായി വീട് വാങ്ങാനുള്ള ശ്രമം നടത്തുന്നതിനിടയിലാണ് കൊവിഡ് വ്യാപകമാകുന്നത്. ഇതോടെ ശമ്പളം ലഭിക്കുമോ എന്ന കാര്യം തന്നെ സംശയത്തിലായി. അഡ്വാന്‍സും നല്‍കി രജിസ്‌ട്രേഷനിലെത്തി നില്‍ക്കുന്ന അവസ്ഥയില്‍ ഇടപാടില്‍ നിന്ന് പിന്‍വാങ്ങാനും കഴിയില്ല. അതില്‍ നിന്ന് തലയൂരാനായി അവര്‍ കണ്ട മാര്‍ഗം ദീര്‍ഘനാളായി നിക്ഷേപിച്ച എസ്‌ഐപി നിക്ഷേപം പിന്‍വലിക്കുക എന്നതായിരുന്നു. ഏഴു ലക്ഷം രൂപ നിക്ഷേപിച്ചിരുന്ന അവര്‍ക്ക് പിന്‍വലിച്ചപ്പോള്‍ കിട്ടിയത് അഞ്ചു ലക്ഷം രൂപയോളം മാത്രവും. അഞ്ചു വര്‍ഷം മുമ്പാണ് അവര്‍ മ്യൂച്വല്‍ ഫണ്ടില്‍ പണം നിക്ഷേപിച്ചത്.

പലരും തത്കാലം എസ്‌ഐപി നിക്ഷേപം നിര്‍ത്തിവെച്ച് മറ്റു അത്യാവശ്യ ചെലവുകള്‍ക്ക് പണം മാറ്റിവെക്കുകയാണ്.
നിക്ഷേപകര്‍ക്ക് എസ്‌ഐപി പിന്‍വലിക്കാനോ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കാനോ ഉള്ള സൗകര്യം ഓണ്‍ലൈനിലൂടെ ലഭ്യമാക്കണമെന്ന് രാജ്യത്തെ 44 കമ്പനികളോട് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടിട്ടുമുണ്ട്.
എന്നാല്‍ ഇപ്പോള്‍ എസ്‌ഐപിയില്‍ നിന്ന് പണം പിന്‍വലിച്ച് എക്കൗണ്ട് ക്ലോസ് ചെയ്യുന്നത് ബുദ്ധിപൂര്‍വമായ നടപടിയായിരിക്കില്ലെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്റെ ഇന്‍വെസ്റ്റമെന്റ് അഡൈ്വസറി സര്‍വീസസ് തലവന്‍ ജീവന്‍കുമാര്‍ കെ സി അഭിപ്രായപ്പെടുന്നു. 'മിക്ക ഓഹരിയധിഷ്ഠിതമായ മ്യൂച്വല്‍ ഫണ്ടുകളും 30-35 ശതമാനം വരെ നഷ്ടത്തിലായിരിക്കുന്ന സമയമാണിത്. ഈ അവസരത്തില്‍ നഷ്ടം കൂടാതെ പുറത്തു കടക്കാന്‍ സാധ്യമല്ല. എന്നാല്‍ കുറച്ചു കാലം കാത്തിരുന്നാല്‍ വിപണി കരകയറുകയും ലാഭമുണ്ടാക്കാനാവുകയും ചെയ്യുമെന്നാണ് മുന്‍കാല അനുഭവം', അദ്ദേഹം പറയുന്നു.

രാജ്യത്തിന് വലിയ ഭീഷണിയായി കൊവിഡ് 19 മാറില്ലെന്നാണ് പൊതുവേയുള്ള അഭിപ്രായം. എന്നാല്‍ അമേരിക്കയില്‍ സ്ഥിതി കൈവിട്ട് പോയതിനാല്‍ കുറച്ചു കാലം വിപണിയില്‍ അത് പ്രതിഫലിച്ചേക്കാം. അതേസമയം രോഗത്തിനെതിരെ വാക്‌സിന്‍ കണ്ടുപിടിക്കുകയാണെങ്കില്‍ കാര്യങ്ങളില്‍ പെട്ടെന്ന് പുരോഗതി ഉണ്ടാവുകയും ചെയ്യും.

ഇന്നത്തെ പ്രതിസന്ധിയില്‍ പിടിച്ചു നില്‍ക്കുകയും ദീര്‍ഘകാല എസ്‌ഐപിയില്‍ തുടരുകയും ചെയ്യുന്നത് നിക്ഷേപകന് ഗുണകരമാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
നിലവിലെ അനിശ്ചിതാവസ്ഥയില്‍ സിസ്റ്റമാറ്റിക് ട്രാന്‍സ്ഫര്‍ പ്ലാന്‍ (STP) തെരഞ്ഞെടുക്കുന്നതാവും ഉചിതമെന്നാണ് ജീവന്‍കുമാറിന്റെ അഭിപ്രായം. 'നിശ്ചിത തുക ഡെബ്റ്റ് ഫണ്ടിലോ ലിക്വിഡ് ഫണ്ടിലോ നിക്ഷേപിക്കുകയും ഓരോ മാസവും നിശ്ചിത തുക അതില്‍ നിന്ന് ഇക്വിറ്റി ഫണ്ടുകളിലേക്ക് മാറ്റുകയും ചെയ്യുന്നതാണ് ഈ രീതി. ഇങ്ങനെ മൊത്തമായി ഇക്വിറ്റി ഫണ്ടുകളില്‍ നിക്ഷേപിച്ച് പണം നഷ്ടപ്പെടുമോ എന്ന ആധി ഒഴിവാക്കാം.', അദ്ദേഹം പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it