ഓഹരി വിപണിയില്‍ ഇത് ഐപിഒ കാലം, മൂന്നുമാസത്തിനുള്ളില്‍ നടക്കാനിരിക്കുന്നത് 35 ഐപിഒ

രാജ്യത്തെ ഓഹരി വിപണിയിലേക്ക് കമ്പനികളുടെ കുത്തൊഴുക്ക്. ഒക്ടോബര്‍ - ഡിസംബര്‍ മാസങ്ങളിലായി 35 ഓളം കമ്പനികളാണ് പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് തയ്യാറെടുക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 80,000 കോടി രൂപ സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെ കുറഞ്ഞത് 35 കമ്പനികളെങ്കിലും ഐപിഒ നടത്തുമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

പേടിഎം, നൈക, പോളിസി ബസാര്‍, ഗോ എയര്‍ലൈന്‍സ്, അദാനി വില്‍മാര്‍ എന്നിവയുള്‍പ്പെടുന്ന കമ്പനികളാണ് ഈ കാലയളവില്‍ പ്രാരംഭ ഓഹരി വില്‍പ്പന നടത്താനൊരുങ്ങുന്നത്. ഇവയ്ക്ക് പുറമെ സ്റ്റാര്‍ ഹെല്‍ത്ത്, അലൈഡ് ഇന്‍ഷുറന്‍സ്, എംക്യുര്‍ ഫാര്‍മ തുടങ്ങിയവയും ഈ വര്‍ഷാവസാനത്തോടെ ലിസ്റ്റിംഗ് നടത്തും. 4,000 കോടി രൂപ മുതല്‍ 16,600 കോടി രൂപ വരെ സമാഹരിക്കാനാണ് ഈ കമ്പനികള്‍ ഓരോന്നും ലക്ഷ്യമിടുന്നത്. പരദീപ് ഫോസ്‌ഫേറ്റ്‌സ്, വേദാന്ത് ഫാഷന്‍സ്, സിഎംഎസ് ഇന്‍ഫോസിസ്റ്റംസ്, നോര്‍ത്തേണ്‍ ആര്‍ക്ക് തുടങ്ങിയ കമ്പനികള്‍ ഓരോന്നും ഏകദേശം 2,000 കോടി മുതല്‍ 2500 കോടി രൂപ വരെ സമാഹരിക്കാന്‍ പദ്ധതിയിടുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
നിലവില്‍, പരദീപ് ഫോസ്‌ഫേറ്റ്‌സ്, ഗോ എയര്‍ലൈന്‍സ്, രുചി സോയ ഇന്‍ഡസ്ട്രീസ്, അരോഹന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഉത്കര്‍ഷ് സ്‌മോള്‍ ഫിനാന്‍സ്, ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് തുടങ്ങിയ 14 കമ്പനികള്‍ക്ക് ഇതിനകം 22,000 കോടി രൂപ സമാഹരിക്കാന്‍ സെബി അനുമതി നല്‍കിയിട്ടുണ്ട്. ഇതിനുപുറമെ 64 കമ്പനികളാണ് ഐപിഒയ്ക്കായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇവയ്ക്ക് പുറമെ കേരളത്തില്‍നിന്നുള്ള കമ്പനികളും ഓഹരി വിപണിയിലെത്താനുള്ള തയ്യാറെടുപ്പിലാണ്. പ്രമുഖ ഓട്ടോമൊബീല്‍ ഡിലര്‍മാരായ പോപ്പുലര്‍ വെഹിക്ക്ള്‍സ് ഇതിനകം സെബിയില്‍ രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇവയുടെ ഐപിഒ ഈ പാദത്തിലുണ്ടാകുമെന്നാണ് വിവരം.
പോളിസിബസാറും നൈകയും യഥാക്രമം 6,000 കോടി രൂപയും 4,000 കോടി രൂപയും സമാഹരിക്കുന്നതിനായി ഒക്ടോബറില്‍ തന്നെ ഐപിഒ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെന്നൈ ആസ്ഥാനമായുള്ള സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സും ഈ മാസം അവസാനം 7,000 കോടി രൂപയുടെ ഐപിഒ നടത്താന്‍ പദ്ധതിയിടുന്നു. അതേസമയം, ഡിജിറ്റല്‍ പേയ്മെന്റ് കമ്പനിയായ പേടിഎം നവംബറില്‍ ഓഹരി വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഇന്ത്യയുടെ ചരിത്രത്തിലെ എക്കാലത്തെയും വലിയ ഐപിഒ ആയിരിക്കും. പുതിയ കാലത്തെ ഡിജിറ്റല്‍ സ്റ്റാര്‍ട്ടപ്പ് 16,600 കോടി രൂപയുടെ ഐപിഒയ്ക്കായാണ് ഫയല്‍ ചെയ്തിട്ടുള്ളത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it