പുതു സാമ്പത്തിക വര്‍ഷത്തില്‍ കണ്ണുംനട്ട് 70ലേറെ കമ്പനികള്‍ ഐ.പി.ഒയ്ക്ക്

ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന പുതിയ സാമ്പത്തിക വര്‍ഷത്തില്‍ (2023-24) വലിയ പ്രതീക്ഷകളോടെ പ്രാരംഭ ഓഹരി വില്‍പനയ്ക്ക് (ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ്/ഐ.പി.ഒ) തയ്യാറെടുക്കുന്നത് 70ലേറെ കമ്പനികള്‍. 54 കമ്പനികള്‍ക്ക് ഇതിനകം സെബിയുടെ (SEBI) അനുമതി ലഭിച്ച് കഴിഞ്ഞു. ഈ കമ്പനികള്‍ സംയുക്തമായി 76,189 കോടി രൂപ സമാഹരിക്കുമെന്നാണ് പ്രതീക്ഷ.

മറ്റ് 19 കമ്പനികള്‍ സെബിയുടെ അനുമതിക്കായി കാത്തിരിക്കുന്നു. അനുമതി ലഭിച്ചാല്‍ ഇവ സംയുക്തമായി 32,940 കോടി രൂപയും സമാഹരിച്ചേക്കും. അതായത്, 73 കമ്പനികളും ചേര്‍ന്ന് സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത് 1.09 ലക്ഷം കോടി രൂപയോളം. ഫാബ് ഇന്ത്യ, പ്രമുഖ ജുവലറി ഗ്രൂപ്പായ ജോയ് ആലുക്കാസ് തുടങ്ങി പത്തോളം കമ്പനികള്‍ ഐ.പി.ഒയ്ക്കുള്ള അപേക്ഷ പിന്‍വലിച്ചിട്ടുണ്ട്. വിപണിയിലെ പ്രതികൂല സാഹചര്യങ്ങളും മറ്റുമാണ് കാരണം. ഇവയും വൈകാതെ പുതിയ അപേക്ഷ സമര്‍പ്പിച്ചേക്കും.
തിളക്കമില്ലാതെ 2022-23
2021-22ല്‍ 53 കമ്പനികളാണ് ഐ.പി.ഒ സംഘടിപ്പിച്ച് പുതുതായി ഓഹരിവിപണിയിലെത്തിയത്. ഇവ സമാഹരിച്ച തുക 1.11 ലക്ഷം കോടി രൂപയും. 2022-23ല്‍ ഐ.പി.ഒകളുടെ എണ്ണം 37 ആയും സമാഹരണം 51,482 കോടി രൂപയായും കുറഞ്ഞുവെന്ന് 'പ്രൈം ഡേറ്റാബേസിന്റെ' റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വിപണിയുടെ അസ്ഥിരതയാണ് തിരിച്ചടിയായത്. 2021-22ല്‍ ഐ.പി.ഒ നടത്തി ഓഹരിവിപണിയിലെത്തിയ പേയ്റ്റിഎം, സൊമാറ്റോ, നൈക തുടങ്ങിയവയുടെ ഓഹരിവിലയിലുണ്ടായ കുറവും പുതിയ കമ്പനികളുടെ വരവിനെ ബാധിച്ചുവെന്ന് വിലയിരുത്തപ്പെടുന്നു.
എല്‍.ഐ.സി., ഡെല്‍ഹിവെറി തുടങ്ങിയവയാണ് 2022-23ല്‍ ഐ.പി.ഒ നടത്തിയ പ്രമുഖര്‍. എല്‍.ഐ.സി സമാഹരിച്ച 20,557 കോടി രൂപ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന ഐ.പി.ഒ സമാഹരണമാണ്.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it