വീണ്ടും ഐ പി ഒ പൂരം, ഈയാഴ്ച വരുന്നു നാല് കമ്പനികള്‍, ഏതൊക്കെയെന്നറിയാം

ഏതാനും ആഴ്ചകളായി ഓഹരി വിപണിയില്‍ പുതുതായി കമ്പനികള്‍ കടന്നെത്തിയിരുന്നില്ല. ആ ക്ഷീണം മാറാന്‍ പോകുന്നു. ഈയാഴ്ച വിപണിയില്‍ വരുന്നത് നാല് കമ്പനികളുടെ ഐപിഒകളാണ്. സോന കോംസ്റ്റാര്‍, ശ്യാം മെറ്റാലിക്‌സ്, ഡോഡ്‌ല ഡയറി, കിംസ് ഹോസ്പിറ്റല്‍സ് എന്നിവയുടെ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് ഈയാഴ്ച തുടക്കമാകും.

2021 പിറന്നിട്ട് ഇതുവരെ 19 ഐപിഒകളാണ് വന്നിരിക്കുന്നത്. ഇവയെല്ലാം ചേര്‍ന്ന് മൊത്തം 29,000 കോടി രൂപ വിപണിയില്‍ നിന്ന് സമാഹരിക്കുകയും ചെയ്തിട്ടുണ്ട്.

കമ്പനികളെ പരിചയപ്പെടാം

നാല് ഐപിഒകളുടെ മൊത്തം സമാഹരണ ലക്ഷ്യം 9,122.92 കോടി രൂപയാണ്.

1. സോന ബിഎല്‍ഡബ്‌ള്യു പ്രിസിഷന്‍ ഫോര്‍ജിംഗ്‌സ്
ബ്ലാക്ക്‌സ്‌റ്റോണ്‍ നിക്ഷേപം നടത്തിയിരിക്കുന്ന ഓട്ടോമോട്ടീവ് ടെക്‌നോളജി കമ്പനിയാണ് സോന ബിഎല്‍ഡബ്‌ള്യു പ്രിസിഷന്‍ ഫോര്‍ജിംഗ് (സോന കോംസ്റ്റാര്‍). പ്രാഥമിക ഓഹരി വില്‍പ്പന ജൂണ്‍ 14 മുതല്‍ 16 വരെ നടക്കും. 285 രൂപ മുതല്‍ 291 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ്. വിപണിയില്‍ നിന്ന് 5,550 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. കുറഞ്ഞത് 51 ഓഹരികള്‍ക്കും അതിന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം.
2. ശ്യാം മെറ്റാലിക്‌സ് ആന്‍ഡ് എനര്‍ജി
909 കോടി സമാഹരണ ലക്ഷ്യത്തോടെയാണ് ശ്യാം മെറ്റാലിക്‌സ് ആന്‍ഡ് എനര്‍ജിയുടെ ഐപിഒ എത്തുന്നത്. ജൂണ്‍ 14ന് വില്‍പ്പന ആരംഭിക്കും. പ്രൈസ് ബാന്‍ഡ് 303-306 രൂപയാണ്. കുറഞ്ഞത് 45 ഓഹരികള്‍ക്കും അതിന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. വില്‍പ്പന 16ന് അവസാനിക്കും.

രാജ്യത്തെ പ്രമുഖ ഇന്റഗ്രേറ്റഡ് മെറ്റല്‍ നിര്‍മാണ കമ്പനിയാണ് ശ്യാം മെറ്റാലിക്‌സ്. ലോംഗ് സ്റ്റീല്‍ പ്രോഡ്ക്റ്റിസിലും ഫെറോ അലോയിലും ഊന്നല്‍ നല്‍കുന്നു. സ്ഥാപിത ശേഷി പരിഗണിക്കുമ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ ഫെറോ അലോയ് നിര്‍മാതാക്കളാണ് കമ്പനി. രാജ്യത്ത് മൂന്ന് മാനുഫാക്ചറിംഗ് കേന്ദ്രങ്ങള്‍ കമ്പനിക്കുണ്ട്.
3. ഡോഡ്‌ല ഡയറി
ജൂണ്‍ 16ന് പ്രാരംഭ ഓഹരി വില്‍പ്പന ആരംഭിക്കും. 421 - 428 രൂപയാണ് പ്രൈസ് ബാന്‍ഡ്. ടിപിജി നിക്ഷേപം നടത്തിയിട്ടുള്ള ഗ്രൂപ്പാണിത്. 35 ഓഹരികളും അതിന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. ഹൈദരാബാദ് ആസ്ഥാനമായുള്ള ഈ ഡയറി കമ്പനിയുടെ വരുമാനത്തിന്റെ മുഖ്യപങ്കും വരുന്നത് പാല്‍, പാലുല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ നിന്നാണ്. ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ വിപണിയുണ്ട്. ഉഗാണ്ട, കെനിയ എന്നിവിടങ്ങളിലും കമ്പനിക്ക് സാന്നിധ്യമുണ്ട്.
4. കൃഷ്ണ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്
ജനറല്‍ അറ്റ്‌ലാന്റ്ിക് നിക്ഷേപം നടത്തിയിരിക്കുന്ന കിംസ് ഹോസ്പിറ്റല്‍സിന്റെ ഐപിഒ ജൂണ്‍ 16 ന് ആരംഭിച്ച് 18ന് അവസാനിക്കും. 815 - 825 രൂപയാണ് പ്രൈസ് ബാന്‍ഡ്. നിക്ഷേപകര്‍ക്ക് 18 ഓഹരികള്‍ക്കും അതിന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. ആന്ധ്രപ്രദേശ്, തെലങ്കാന മേഖലയിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പാണ് കിംസ്. കിംസ് ഹോസ്പിറ്റല്‍സ് ബ്രാന്‍ഡില്‍ 9 മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളുണ്ട്. മൊത്തം ബെഡ് കപ്പാസിറ്റി 3,064 ആണ്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it