മാര്‍ച്ച് പാദത്തില്‍ ഐപിഒയ്ക്ക് ഒരുങ്ങുന്നത് 23 കമ്പനികള്‍

2021ല്‍ തുടങ്ങിയ ഐപിഒ തരംഗം ഈ വര്‍ഷവും തുടരും എന്ന സൂചനയാണ് വിപണി നല്‍കുന്നത്. 2021ല്‍ 63 കമ്പനികള്‍ 1.2 ലക്ഷം കോടിയോളം രൂപയാണ് ഐപിഒയിലൂടെ സമാഹരിച്ചത്. ഈ കമ്പനികളെ കൂടാതെ പവര്‍ഗ്രിഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വസ്റ്റ്‌മെന്റ് ട്രസ്റ്റ് 7,795 കോടി രൂപയും റിയല്‍ എസ്റ്റേറ്റ് ഇന്‍വസ്റ്റ്‌മെന്റ് ട്രസ്റ്റിലൂടെ ബ്രൂക്ക്ഫീല്‍ഡ് ഇന്ത്യ് 38,000 കോടിയും സമാഹരിച്ചിരുന്നു. റീട്ടെയില്‍ നിക്ഷേപകരുടെ പങ്കാളിത്തം വര്‍ധിച്ചതും ഉയര്‍ന്ന പണലഭ്യതയും ഐപിഒ വിപണിക്ക് ഉണര്‍വേകി.

നടപ്പ് സാമ്പത്തിക വര്‍ഷം അവസാന പാദത്തില്‍ (ജനുവരി-മാര്‍ച്ച്) 23 കമ്പനികളാണ് ഐപിഒയ്ക്ക് ഒരുങ്ങുന്നത്. 44,000 കോടി രൂപയോളം സമാഹരിക്കാനാണ് കമ്പനികള്‍ ലക്ഷ്യമിടുന്നത്. ഹോട്ടല്‍ അഗ്രഗേറ്റര്‍ ഒയോ 8,430 കോടിയും സപ്ലൈചെയിന്‍ കമ്പനിയായ ഡെലിവറി 7,460 കോടിയുമാണ് ഐപിഒയിലൂടെ സമാഹരിക്കുക. അദാനി വില്‍മാര്‍ 4,500 കോടിരൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. എംക്യൂര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്( 4000 cr) , വേദാന്ത് ഫാഷന്‍സ് (2,500 cr), പരദീപ് ഫോസ്‌ഫേറ്റ്‌സ് (2,200 cr) മേദാന്ത (2000 cr), ഇക്‌സിഗോ(18,00 cr) തുടങ്ങിയവരും മാര്‍ച്ച് പാദത്തില്‍ ഐപിഒയ്ക്ക് എത്തും.
ഗോ എയര്‍ലൈന്‍സ് ഇന്ത്യ ലിമിറ്റഡ്, മൊബിക്വിക്, രുചി സോയ, സെവന്‍ ഐലന്‍ഡ് ഷിപ്പിങ് ലിമിറ്റഡ്, ഫിന്‍കെയര്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് ലിമിറ്റഡ്, ആരോഹന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ്, ആധാര്‍ ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡ്, എല്‍.ഐ.സി, സ്‌കാന്റേ ടെക്‌നോളജീസ്, ഹെല്‍ത്തിയം മെഡ്‌ടെക്, സഹജാനന്ദ് മെഡിക്കല്‍ ടെക്‌നോളജീസ് തുടങ്ങിയവരും നടപ്പ് പാദത്തില്‍ ഐപിഒയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാധ്യതകള്‍ തീര്‍ക്കുക, ബിസിനസിന്റെ വ്യാപ്തി വര്‍ധിപ്പിക്കുക തുടങ്ങിയവയാണ് ഐപിഒയ്ക്ക് ഒരുങ്ങുന്ന കമ്പനികളുടെ പ്രധാന ലക്ഷ്യം.
ആഗോളതലത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ് ടെക്ക് കമ്പനികളുടെ ലക്ഷ്യമിടുന്നതെ്ന്ന് LearnApp.com സ്ഥാപകനും സിഇഒയുമായ പ്രതീക് സിംഗ് പറയുന്നത്. അതിനാവശ്യമായ മൂലധനം ഐപിഒ വഴി കണ്ടെത്തുകയാണ് കമ്പനികളുടെ പദ്ധതിയെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. അതേ സമയം ഐപിഒയ്ക്ക് ഒരുങ്ങുന്ന കമ്പനികള്‍ക്കായി നിയമങ്ങള്‍ സെബി ശക്തിപ്പെടുത്തിയിട്ടുണ്ട്. ലിസ്റ്റിംഗിന് ഇറങ്ങുന്ന കമ്പനി അതിന്റെ ഓഫര്‍ ഡോക്യുമെന്റില്‍ ഫണ്ട് സമാഹരണത്തിനുള്ള ടാര്‍ഗറ്റ്, ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്നിവ കൃത്യമായി വ്യക്തമാക്കിയിട്ടില്ലെങ്കില്‍, കമ്പനിക്ക് ഉപയോഗിക്കാവുന്ന പുതിയ ഇഷ്യൂകളില്‍ നിന്നുള്ള വരുമാനത്തിന്റെ അളവില്‍ ഇനി പരിധി നിര്‍ണയിക്കപ്പെടും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it