Top

ഐ പി ഒ പെരുമഴ; കമ്പോള പ്രവേശനത്തിന് കല്യാൺ ജ്വല്ലേഴ്‌സ് ഉൾപ്പടെ നിരവധി കമ്പനികൾ

ഓഹരിക്കമ്പോളത്തിൽ ഈ മാർച്ച് മാസം ഐ പി ഒ കളുടെ പെരുമഴക്കാലം. വരുന്ന 3 മുതൽ 5 ആഴ്ചകളിൽ, കേരളത്തിൽ നിന്നുള്ള കല്യാൺ ജ്വല്ലേഴ്‌സ് ഉൾപ്പടെ, 1200 കോടി രൂപയുടെ മൂല്യം കണക്കാക്കപ്പെടുന്ന പുത്തൻ കമ്പോള പ്രവേശനങ്ങൾക്ക് കാതോർക്കാം. ഏറെക്കാലത്തിനു ശേഷമാണ് ഇത്തരത്തിൽ നിരവധി ഐ പി ഒ കളുടെ കുത്തൊഴുക്ക് ഉണ്ടാകുന്നത്.

വരും വാരങ്ങളിൽ ആദ്യമായി കമ്പോളത്തിലെത്തുന്ന കമ്പനികളുടെ കൂട്ടത്തിൽ കല്യാണിനെ കൂടാതെ, ഈസി ട്രിപ്പ് പ്ലാനേഴ്‌സ്, ലക്ഷ്മി ഓർഗാനിക്ക്സ്, ക്രാഫ്റ്റ്‌സ്മാൻ ഓട്ടോമേഷൻ, അനുപം രസായൻ, സൂര്യോദയ്‌ സ്മാൾ ഫിനാൻസ് ബാങ്ക്, ആധാർ ഹൌ‌സിംഗ് ഫിനാൻസ് എന്നിവയാണ് നിക്ഷേപർക്ക് ഉറ്റു നോക്കാവുന്നത്.
അമിത ലിക്വിഡിറ്റി ആണ് ഐ പി ഒ കളുടെ തള്ളിക്കയറ്റത്തിന് കാരണമെന്ന് സെൻട്രം ക്യാപിറ്റലിന്റെ ഇൻവെസ്റ്റ്മെന്റ് ബാങ്കിങ് വിഭാഗം മാനേജിങ് ഡയറക്റ്റർ രാജേന്ദ്ര നായിക് ബിസിനസ്സ് സ്റ്റാൻഡേർഡ് ദിനപത്രത്തോടു സംസാരിക്കവെ സൂചിപ്പിക്കുന്നു. ഐ പി ഓ കളെല്ലാം തന്നെ അടുത്തകാലത്തായി ഓവർ സബ്സ്ക്രൈബ് ചെയ്യപ്പെടുന്നതായാണ് കണ്ടു വരുന്നതെന്ന് കൂട്ടിച്ചേർത്ത നായിക്കിന്റെ അഭിപ്രായത്തിൽ, പുത്തൻ കമ്പോള പ്രവേശങ്ങളോട് അനുകൂല പ്രതികരണമാണ് മാർക്കറ്റ് കാട്ടുന്നത്. ഒന്നിച്ചുള്ള തള്ളിക്കയറ്റം ഒ രു പ്രശ്നമായി കാണാമെങ്കിലും മാർക്കറ്റ് സെന്റിമെൻറ് ഏറെ പ്രചോദനം നൽകുന്നുണ്ട്. കൂടുതൽ നിക്ഷേപകർ ഐ പിഒ കളെ സ്വാഗതം ചെയ്യുന്നു എന്ന കാരണത്താൽ അവയുടെ എണ്ണത്തിലും ഉയർച്ച ഉണ്ടാക്കുന്നുവെന്ന് പരക്കെ അഭിപ്രായമുണ്ട്.
മാർച്ച് മാസത്തിൽ സാധാരണയായി കണ്ടു വരാറുള്ള മെല്ലെപ്പോക്ക് ഇപ്പോൾ പഴങ്കഥയായിക്കഴിഞ്ഞു എന്ന് വേണം കരുതാൻ. മുൻ കാലങ്ങളിൽ, മാർച്ച് മാസങ്ങളിൽ അഡ്വാൻസ് ടാക്സിനും, ബാലൻസ് ഷീറ്റ് മെച്ചപ്പെടുത്തുന്നതിനുമായി മൂലധനം മാറ്റിവയ്ക്കുന്ന ഏർപ്പാടുണ്ടായിരുന്നു. അതുകൊണ്ടു തന്നെ മാർച്ചിൽ ഐ പി ഒ കൾക്ക് നല്ല കാലമായിരുന്നില്ല, എന്നാൽ ഇന്നിപ്പോൾ കഥ മാറി. അമിത ലിക്വിഡിറ്റിയുടെ സാന്നിധ്യം തന്നെ കാരണമായി കരുതാം. ഒപ്പം, കേന്ദ്ര ബജറ്റിലെ വികസനോന്മുഖ പ്രഖ്യാപനങ്ങളും കമ്പോളത്തിനു അധിക ശക്തി നൽകിയിട്ടുണ്ട്.
ഈ മാസം സെക്യൂരിറ്റിസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) യ്ക്ക് സമർപ്പിക്കപ്പെട്ട ഓഫർ ഡോക്യൂമെന്റസിന്റെ എണ്ണത്തിലും വർദ്ധനവുണ്ടായിട്ടുണ്ട് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. പത്തോളം കമ്പനികൾ ഇതിനകം തന്നെ ഐ പി ഒ ഓഫർ ഡോക്യൂമെന്റുകൾ ഫയൽ ചെയ്തതായാണ് റിപ്പോർട്ടുകൾ.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it