സ്വര്‍ണത്തിലെ നിക്ഷേപം എല്ലാവര്‍ക്കും അനുയോജ്യമാണോ?

കോവിഡ് 19 നെ തുടര്‍ന്ന് രാജ്യമെമ്പാടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ഓഹരി വിപണി കുത്തനെ താഴേക്ക് പോവുകയും സ്വര്‍ണ വില കുതിച്ചു കയറുകയും ചെയ്തതോടെ എല്ലാവരുടേയും ശ്രദ്ധ സ്വര്‍ണ നിക്ഷേപത്തിലേക്കായി. എന്നാല്‍ ഈ ഒരു പ്രകടനം കൊണ്ടു മാത്രം മൂല്യവത്തായ നിക്ഷേപമാര്‍ഗമായി സ്വര്‍ണത്തെ പരിഗണിക്കേണ്ടതുണ്ടോ? മിക്കാവാറും നിക്ഷേപ വിദഗ്ധരെല്ലാം തന്നെ മൊത്തം നിക്ഷേപത്തിന്റെ 5-10 ശതമാനം സ്വര്‍ണത്തിലേക്ക് നീക്കി വയ്ക്കുന്നത് നല്ലതാണെന്ന് അഭിപ്രായപ്പെടാറുണ്ട്. പ്രത്യേകിച്ചും ഇടിഎഫ്, ബോണ്ട്, മ്യൂച്വല്‍ഫണ്ട് തുടങ്ങിയ പേപ്പര്‍ രൂപത്തില്‍. എന്നാല്‍ മദ്രാസ് സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ ഫിനാന്‍സ് പ്രൊഫസറായ പാര്‍ത്ഥജിത്ത് കായല്‍ പറയുന്നത് സ്വര്‍ണത്തിലെ നിക്ഷേപം ഇപ്പോഴത്തെ സാഹചര്യത്തില്‍ എല്ലാവര്‍ക്കും അനുയോജ്യമല്ലെന്നാണ്. നിക്ഷേപത്തിന്റെ കാര്യത്തില്‍ റിട്ടേണ്‍ തീരുമാനിക്കുന്നത്, സൈക്കോളജിയാണ് ഒരിക്കലും ആസ്തിയല്ല എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. ആ മനശാസ്ത്രമാണ് സ്വര്‍ണ നിക്ഷേപത്തെ വളര്‍ത്തുന്നത്.

ദീര്‍ഘകാലത്തേക്ക് സ്വര്‍ണം നല്ലതാണോ?

ദീര്‍ഘകാലത്തില്‍, സ്ഥിര നിക്ഷേപത്തിന് ലഭിക്കുന്ന റിട്ടേണിനെ അപേക്ഷിച്ച് കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ അനുയോജ്യമായ മാര്‍ഗം സ്വര്‍ണം തന്നെയായിരിക്കും. സ്വര്‍ണത്തില്‍ നിന്നുള്ള നേട്ടത്തിന് പണപ്പെരുപ്പത്തെ മറികടക്കാനാകും. അതുകൊണ്ടു തന്നെ റിസ്‌ക് എടുക്കാന്‍ താല്‍പ്പര്യമില്ലാത്ത നിക്ഷേപകര്‍ക്ക് സ്വര്‍ണത്തിലേക്ക് പോകാം. എന്നാല്‍ മികച്ച റിട്ടേണ്‍ ആഗ്രഹിക്കുന്ന 10-15 വര്‍ഷം കാത്തിരിക്കാന്‍ ക്ഷമയുള്ള നിക്ഷേപകര്‍ക്ക് സ്വര്‍ണം മികച്ച ചോയ്‌സ് ആയിരിക്കില്ല.

ചരിത്രം നോക്കിയാല്‍ 15 മുതല്‍ 20 വര്‍ഷം വരെയുള്ള കാലയളവില്‍ ഇക്വിറ്റി ബെഞ്ച് മാര്‍ക്ക് സൂചികകളെ അപേക്ഷിച്ച് സ്വര്‍ണം മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ളതായി കാണാനാകുമെങ്കിലും വിപണിയില്‍ പ്രതിസന്ധി നിലനിന്ന കാലഘട്ടങ്ങളിലായിരുന്നു വളര്‍ച്ച കൂടുതലും എന്നതാണ് ശ്രദ്ധേയം. സാധാരണ കാലഘട്ടങ്ങളില്‍ സ്വര്‍ണത്തിന്റെ നീക്കം അത്ര ആകര്‍ഷകമായിരുന്നില്ല. അതായത് പ്രതിസന്ധിയില്ലാത്ത സമയങ്ങളില്‍ സ്വര്‍ണത്തിന് മികച്ചം പ്രകടം കാഴ്ചവയ്ക്കാനാകുന്നില്ല.

പത്തു വര്‍ഷത്തിലൊരിക്കലാണ് വിപണിയില്‍ ഇത്തരത്തിലൊരു പ്രതിസന്ധിയുണ്ടാകുന്നതെങ്കില്‍ സ്വര്‍ണം നിക്ഷേപകരുടെ ക്ഷമയെ പരീക്ഷിക്കും. കാരണം അടുത്ത പത്തു വര്‍ഷത്തേക്ക് വലിയ റിട്ടേണ്‍ ഒന്നും ലഭിക്കില്ല.

അതേസമയം, അടുത്ത ഒരു പ്രതിസന്ധി വിപണിയില്‍ വരുന്നതുവരെ സ്വര്‍ണ നിക്ഷേപം ഹോള്‍ഡ് ചെയ്യേണ്ടി വരുന്നതിന്റെ ചെലവ് ഭീമമായിരിക്കും. മാത്രമല്ല ഇക്വിറ്റിയില്‍ നിക്ഷേപിച്ചിരുന്നെങ്കില്‍ ലഭിക്കുമായിരുന്ന റിട്ടേണ്‍ നഷ്ടപ്പെടുകയും ചെയ്യും.

വര്‍ഷങ്ങളോളം റിട്ടേണ്‍ ലഭിക്കാതിരിക്കുകയോ അല്ലെങ്കില്‍ നാമമാത്രമായ റിട്ടേണ്‍ മാത്രം നേടാനാകുകയോ ചെയ്താല്‍ നിക്ഷേപകരെ അത് മാനസികമായി ബുദ്ധിമുട്ടിക്കും. അപ്പോള്‍ എന്താണ് സംഭവിക്കുക. ഒന്നെങ്കില്‍ താരതമ്യേന കുറഞ്ഞ വിലയില്‍ അല്ലെങ്കില്‍ നഷ്ടത്തില്‍ വില്‍ക്കാന്‍ നിക്ഷേപകര്‍ നിര്‍ബന്ധിതരാകും. അതേ സമയം ഓഹരി നിക്ഷേപം മിക്കവാറും ഒന്നിടവിട്ട വര്‍ഷങ്ങളിലെങ്കിലും കാര്യമായ റിട്ടേണ്‍ നല്‍കാറുണ്ട്.

അപ്പോള്‍ ആര്‍ക്കാണ് സ്വര്‍ണം അനുയോജ്യം?

റിസ്‌ക് എടുക്കാന്‍ ആഗ്രഹിക്കാത്ത, ചെലവുകള്‍ക്കായി സ്വര്‍ണത്തില്‍ നിന്നുള്ള വരുമാനത്തെ ആശ്രയിക്കാത്ത, ദീര്‍ഘകാല നിക്ഷേപത്തിലൂടെ 8-10 ശതമാനം റിട്ടേണ്‍ ലഭിച്ചാലും സന്തോഷമാകുന്ന, മൂലധന സംരംക്ഷണം മാത്രം ലക്ഷ്യമിടുന്ന നിക്ഷേപകര്‍ക്കാണ് സ്വര്‍ണ നിക്ഷേപം കൂടുതല്‍ അനുയോജ്യം. അതായത് സ്വര്‍ണാഭരണവും സ്വര്‍ണ നാണയവുമൊക്കെ വാങ്ങി സൂക്ഷിക്കുന്ന അമ്മമാര്‍, അമ്മൂമ്മമാര്‍ തുടങ്ങിവരാണ് സ്വര്‍ണത്തിന്റെ ശരിയായ നിക്ഷേപകര്‍.

ഇപ്പോള്‍ ഭൗതിക രൂപത്തില്‍ സ്വര്‍ണം വാങ്ങിക്കുന്നതിന്റെ കോട്ടങ്ങള്‍ ചൂണ്ടിക്കാട്ടി ചിലരെങ്കിലും രംഗത്തു വരും അല്ലേ? അതായത് ഇടിഎഫ്, ബോണ്ട്, മ്യൂച്വല്‍ഫണ്ട് പോലുള്ളവയുടെ ഗുണങ്ങള്‍ എണ്ണി പറയുന്നവര്‍. എന്നാല്‍ അവര്‍ അംഗീകരിക്കാന്‍ മടിക്കുന്നൊരു കോട്ടമുണ്ട് ഇവയ്ക്ക്. എന്താണെന്നല്ലേ? ലിക്വിഡിറ്റി!.

അപ്പോള്‍ സ്വാഭാവികമായും സംശയം തോന്നാം, ശരിക്കും ലിക്വിഡിറ്റിയുള്ളതല്ലേ നല്ലത്? പിന്നെ എന്താ പ്രശ്‌നം. ഇവിടെയാണ് ആദ്യം പറഞ്ഞ മനശാസ്ത്രം (സൈക്കോളജി) കടന്നു വരുന്നത്. പേപ്പര്‍ രൂപത്തിലൂകുമ്പോള്‍ സ്വര്‍ണം വേഗത്തില്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യാം. അപ്പോള്‍ നിക്ഷേപകര്‍ ക്ഷമ ഇല്ലാത്തവരായി മാറും. പെട്ടെന്ന് വില്‍ക്കാനുള്ള ത്വര അവരിലുണ്ടാകും. അതേ സമയം ഭൗതിക സ്വര്‍ണമാണെങ്കില്‍ പണിക്കൂലി, നികുതി ഇവയൊക്കെ നഷ്ടമാകുമല്ലോ എന്നോര്‍ത്ത് ദീര്‍ഘകാലം അവ കൈവശം വയ്ക്കും. ആവശ്യത്തിന് ക്ഷമയും ആത്മനിയന്ത്രണവുമില്ലാത്ത നിക്ഷേപകര്‍ പേപ്പര്‍ രൂപത്തിലുള്ള സ്വര്‍ണ നിക്ഷേപത്തിലേക്ക് പോകാതിരിക്കുന്നത് തന്നെയാണ് നല്ലത്.

റിട്ടയര്‍മെന്റ് അടുത്തോ?

എന്നാല്‍ സ്വര്‍ണം ഒഴിവാക്കണ്ട!

നിങ്ങള്‍ റിട്ടയര്‍മെന്റ് പ്രായത്തോട് അടുത്തുകൊണ്ടിരിക്കുന്ന ഒരാളാണോ? നിങ്ങളുടെ റിട്ടയര്‍മെന്റ് സമ്പദ്യത്തിന്റെ നല്ലൊരു ഭാഗവും നിക്ഷേപിച്ചിരിക്കുന്നത് ഇക്വിറ്റിയിലാണോ? എങ്കില്‍ സ്വര്‍ണത്തെ ഒഴിവാക്കണ്ട. ഇപ്പോഴത്തെ ഈ കൊറോണ കാലഘട്ടത്തില്‍ നിന്നു തന്നെ അതിന്റെ കാരണം മനസാലക്കാവുന്നതേയുള്ളൂ.

2020 ല്‍ റിട്ടയര്‍ ചെയ്യുന്ന ഒരാളെ സംബന്ധിച്ച് മുഴുവന്‍ തുകയും ഇക്വിറ്റിയില്‍ ആണ് നിക്ഷേപിച്ചിരുന്നതെങ്കിലും എന്തു വലിയ ദുരന്തമായിരിക്കും അയാള്‍ നേരിടേണ്ടി വരിക. മാര്‍ക്കറ്റ് കുത്തനെ ഇടിഞ്ഞപ്പോള്‍ നിക്ഷേപം പിന്‍വലിക്കേണ്ട അവസ്ഥ! എന്നാല്‍ അയാള്‍ മറ്റ് നിക്ഷേപ മാര്‍ഗങ്ങളില്‍ പണം നിക്ഷേപിച്ചിട്ടുണ്ടെങ്കിലോ? നിലവിലെ ചെലവുകള്‍ക്കായി അതില്‍ നിന്ന് പണം കണ്ടെത്താം. എന്നിട്ട് മാര്‍ക്കറ്റ് തിരിച്ചു കയറുന്നതു വരെ ക്ഷമയോടെ കാത്തിരുന്ന് നല്ല റിട്ടേണ്‍ ലഭിക്കുമ്പോള്‍ മാത്രം പിന്‍വലിക്കാം അല്ലേ? അപ്പോള്‍ അത്തരം ആകസ്മികതകളെ നേരിടാന്‍ 15-20 ശതമാനം വരെ സ്വര്‍ണത്തില്‍ നിക്ഷേപിക്കാം. മറ്റ് നിക്ഷേപങ്ങള്‍ വളര്‍ന്നു വരുന്നതു വരെയുള്ള സമയത്തേക്ക് ഒരു ലൈഫ് ലൈന്‍ പോലെയാണ് ഇവിടെ സ്വര്‍ണ നിക്ഷേപം പ്രവര്‍ത്തിക്കുന്നത്.

അതേസമയം വളരെ ചെറുപ്പക്കാരനായ ആവശ്യത്തിന് എമര്‍ജെന്‍സി ഫണ്ട് കൈവശമുള്ള നിക്ഷേപകരെ സംബന്ധിച്ച് സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതിനെ കുറിച്ച് ചിന്തിച്ച് തല പുകയ്‌ക്കേണ്ടതില്ല.

ഏതാണ് ശരിയായ നിക്ഷേപ മാര്‍ഗം

നിക്ഷേപത്തിന്റെ കാര്യത്തില്‍ മനുഷ്യരുടെ മനശാസ്ത്രത്തെ കൈകാര്യം ചെയ്യുക അത്ര എളുപ്പമല്ല. മാത്രമല്ല അത് ഒറ്റ രാത്രികൊണ്ട് മാറ്റാനുമാകില്ല. അതിനാല്‍ ദീര്‍ഘകാല നിക്ഷേപകര്‍ പരമ്പരാഗതമായ നിക്ഷേപ രീതി തന്നെ പിന്തുടരുന്നതാണ് നല്ലത്. അതായത് ഭൗതിക രൂപത്തില്‍. കാരണം അതിന് സൈക്കോളജിക്കലായ ഒരു സംരംക്ഷണമുണ്ട്. അത്ര പെട്ടെന്ന് വിറ്റഴിക്കില്ല.

അതേ സമയം, റിട്ടേയേര്‍ഡ് ആയ അല്ലെങ്കില്‍ റിട്ടയര്‍മെന്റ് പ്രായത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നവര്‍ക്ക് പേപ്പര്‍ രൂപത്തിലുള്ള സ്വര്‍ണമാണ് അനുയോജ്യം. വലിയ റിട്ടേണ്‍ പ്രതീക്ഷിച്ചുകൊണ്ടായിരിക്കില്ല അവരുടെ നിക്ഷേപം, പകരം മോശം കാലത്തെ പ്രതിരോധിക്കാനുള്ള ഒരു മാര്‍ഗമായണതിനെ കാണുക. അത്തരക്കാര്‍ പ്രായം വര്‍ധിക്കുന്നതിനനുസരിച്ച് സ്വര്‍ണത്തിലുള്ള നിക്ഷേപത്തിന്റെ വിഹിതവും വര്‍ധിപ്പിച്ചുകൊണ്ടിരിക്കണം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it