ജുവലറി മേഖലയിലെ ഏറ്റവും വലിയ ഐ.പി.ഒ ലക്ഷ്യമിട്ട് കല്യാണ്‍; മൂല്യം 1750 കോടി

രാജ്യത്തെ മുന്‍നിര ജുവല്ലറിയായ കല്യാണ്‍ ജുവല്ലേഴ്സ് 1,750 കോടി രൂപയുടെ പ്രാരംഭ പബ്ലിക് ഓഫറിംഗിനായി (ഐപിഒ) സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയില്‍ ഓഫര്‍ രേഖ സമര്‍പ്പിച്ചു. ഓഹരി വിപണിയില്‍ കല്യാണ്‍ ജുവല്ലേഴ്‌സ് ഉടന്‍ ലിസ്റ്റ് ചെയ്യും.

എട്ടു വര്‍ഷത്തിനു ശേഷമാണ് ഒരു ജുവലറി ഇന്ത്യയില്‍ ഐ.പി.ഒ.യുമായി രംഗത്തെത്തുന്നത്. രാജ്യത്തു നടത്തുന്ന ഏറ്റവും വലിയ ജ്വല്ലറി റീട്ടെയില്‍ ബ്രാന്‍ഡ് ഐപിഒ ആയിരിക്കും കല്യാണിന്റേത്. പ്രമോട്ടര്‍ ടി എസ് കല്യാണരാമനും വിദേശത്തു നിന്നുള്ള സ്വകാര്യ ഇക്വിറ്റി കമ്പനിയായ വാര്‍ബര്‍ഗ് പിന്‍കസും ചേര്‍ന്ന് 1,000 കോടി രൂപയുടെ പുതിയ ധനസമാഹരണം ഉദ്ദേശിക്കുന്നു; കൂടാതെ 750 കോടി രൂപയുടെ ദ്വിതീയ ഓഹരി വില്‍പ്പനയും ലക്ഷ്യമിടുന്നു.

വാര്‍ബര്‍ഗ് പിങ്കസ് രണ്ടു തവണയായി 1,700 കോടി രൂപയാണ് കല്യാണില്‍ നിക്ഷേപിച്ചിട്ടുള്ളത്.കല്യാണരാമന് കമ്പനിയില്‍ 27.41 ശതമാനം ഓഹരിയാണുള്ളത്.മക്കളായ ടി കെ സീതാറാം, ടി കെ രമേശ് എന്നിവര്‍ക്ക് 22.17 ശതമാനം വീതവും.പിസി ജ്വല്ലേഴ്സ് 2012 ഡിസംബറില്‍ ഐപിഒയിലൂടെ 600 കോടി രൂപ സമാഹരിച്ചിരുന്നു.2017 മാര്‍ച്ചില്‍ ഡി-മാര്‍ട്ടിന്റെ 1870 കോടി രൂപയുടെ ഐപിഒ ആണ് ഇതിനു മുമ്പത്തെ ഏറ്റവും വലിയ റീട്ടെയില്‍ ഷെയര്‍ ഓഫര്‍.

ജുവല്ലറി റീട്ടെയില്‍ മേഖലയില്‍ 45 വര്‍ഷത്തിലേറെ പ്രവര്‍ത്തനപാര്യമ്പര്യമുള്ള ടി.എസ് കല്യാണരാമനാണ് കല്യാണ്‍ ജുവല്ലേഴ്സിന്റെ സ്ഥാപകന്‍. തൃശ്ശൂരില്‍ 1993ല്‍ ഷോറൂം ആരംഭിച്ചു തുടക്കമിട്ട സ്ഥാപനത്തിന് നിലവില്‍ 21 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 107 ഷോറൂമുകളുള്ളതിനു പുറമേ പശ്ചിമേഷ്യയിലുള്‍പ്പെടെ അഞ്ച് രാജ്യങ്ങളിലായി 30 ഷോറൂമുകളുമുണ്ട്. 2020 സാമ്പത്തികവര്‍ഷത്തില്‍ 10,100.92 കോടി രൂപയാണ് കല്യാണ്‍ ജുവല്ലേഴ്സ് കമ്പനിയുടെ വരുമാനം. 78.19 ശതമാനം വരുമാനം ഇന്ത്യയില്‍ നിന്നും 21.81 ശതമാനം വിദേശത്തു നിന്നുമാണ്.സ്റ്റോറുകള്‍ പ്രവര്‍ത്തിപ്പിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നത് കമ്പനിയാണ്.

പ്രവര്‍ത്തന മൂലധനത്തിനും മറ്റ് കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കുമായി 1,000 കോടി രൂപയാണ് ഐപിഒ വരുമാനത്തില്‍ നിന്ന് കല്യാണ്‍ ജ്വല്ലേഴ്സ് ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നത്. ആക്‌സിസ് ക്യാപിറ്റല്‍, സിറ്റി, ഐസിഐസിഐ സെക്യൂരിറ്റീസ്, എസ്ബിഐ ക്യാപിറ്റല്‍ തുടങ്ങിയ നിക്ഷേപ ബാങ്കര്‍മാര്‍്ക്കാണ്് ഐപിഒ നടപടിക്രമങ്ങളുടെ ചുമതല.കോവിഡിനെതുടര്‍ന്ന് ദീര്‍ഘകാലം പ്രതിസന്ധിയിലായിരുന്ന സ്വര്‍ണാഭരണ വിപണി വീണ്ടും സജീവമായിട്ടുണ്ട്. പവന്‍ വില കുറഞ്ഞതോടെ ഡിമാന്‍ഡ് ഏറിവരുന്നതായി വിപണിവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. വിവാഹ-ഉത്സവ സീസണായതിനാല്‍ സ്വര്‍ണത്തിന് ആവശ്യക്കാര്‍ വര്‍ദ്ധിക്കുന്നുമുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it