'കാര്‍വി'ക്ക് വിപണിയില്‍ വിലക്കേര്‍പ്പെടുത്തി സെബി

ഹൈദരാബാദ് ആസ്ഥാനമായുള്ള കാര്‍വി സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനിയെ വിപണി ഇടപെടലില്‍ നിന്ന് തടഞ്ഞുകൊണ്ട് ഓഹരി വിപണി നിയന്ത്രണ അതോറിറ്റിയായ സെബി ഉത്തരവു പുറപ്പെടുവിച്ചു. ഉപഭോക്താക്കളുടെ സെക്യൂരിറ്റികള്‍ അനധികൃതമായി ഈട് നല്‍കി 600 കോടി രൂപ വായ്പയെടുത്തെന്ന കണ്ടെത്തലിലാണ് സെബി ഇടപെട്ടത്. പുതിയ ഉപഭോക്താക്കളെ ഏറ്റെടുക്കുന്നതിലും വിലക്കുണ്ട്.
കാര്‍വി 95,000 ഇടപാടുകാരുടെ പേരിലുള്ള 2,300 കോടി രൂപ മൂല്യമുള്ള സെക്യൂരിറ്റികള്‍ മൂന്ന് സ്വകാര്യ ബാങ്കുകളിലും ഒരു വലിയ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയിലും കൊളാറ്ററല്‍ ആയി നല്‍കിയെന്നു റിപ്പോര്‍ട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സെബി നടത്തിയ അന്വേഷണത്തിന്റെ ഫലം പരസ്യപ്പെടുത്തിയിട്ടില്ല.
നാഷനല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് നടത്തിയ പരിശോധനയില്‍ കാര്‍വി സ്റ്റോക്ക് ബ്രോക്കിംഗ് ലിമിറ്റഡ് 1096 കോടി രൂപ, ഗ്രൂപ്പ് കമ്പനിയായ കാര്‍വി റിയാലിറ്റിക്ക് കൈമാറിയതിലും ക്രമക്കേട് കണ്ടെത്തിയിരുന്നു. 2016 ഏപ്രില്‍ മുതല്‍ 2019വരെയുള്ള കാലയളവിലാണിത്. കെഎസ്ഇബിഎല്‍ ഉപഭോക്താക്കളുടെ ഓഹരികള്‍ പണയംവെക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് സെബിക്ക് എന്‍എസ്ഇ കൈമാറിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.
തുടര്‍ന്നും സെക്യൂരിറ്റികളില്‍ ദുരുപയോഗം നടക്കാതിരിക്കാനാണ് അടിയന്തിരമായി ഇക്കാര്യത്തില്‍ ഇടപെടേണ്ടി വന്നതെന്ന് സെബി സ്ഥിരമെമ്പര്‍ ആനന്ദ് ബറുവ അറിയിച്ചു.അതേസമയം, സെക്യൂരിറ്റികളുടെ തെറ്റായ ഉപയോഗം ഉണ്ടായിട്ടില്ലെന്ന് കാര്‍വി പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline