പിടിച്ചു നിന്ന് മുത്തൂറ്റ് കാപ്പിറ്റല്‍, അഞ്ച് കേരള കമ്പനികളൊഴികെ എല്ലാം താഴേയ്ക്ക്

തിങ്കളാഴ്ചയുണ്ടായ ഇടിവിനുശേഷം ഇന്ന് രാവിലെ ഓഹരി വിപണി നിലമെച്ചപ്പെടുത്തി കൊണ്ടായിരുന്നു തുടക്കം. ഫണ്ട് സമാഹരണത്തിനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കേരള കമ്പനിയായ മണപ്പുറം ഫിനാന്‍സ് ഓഹരികള്‍ രാവിലത്തെ സെഷനില്‍ നിലമെച്ചപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഉച്ചയ്ക്കു ശേഷം സ്ഥിതിഗതികള്‍ മാറി മറിഞ്ഞു.
ബാങ്ക്, മെറ്റല്‍, എഫ്എംസിജി ഓഹരികളില്‍ കനത്ത വില്‍പ്പന സമ്മര്‍ദ്ദം വന്നതോടെ ഓഹരി വില സൂചികകള്‍ ഇടിഞ്ഞു. സെന്‍സെക്‌സ് 261 പോയ്ന്റ് ഇടിഞ്ഞ് 31453.51 ല്‍ എത്തിയപ്പോള്‍ നിഫ്റ്റി 9205 ലേക്ക് ഇറങ്ങി.
പൊതുമേഖലാ ബാങ്കുകളുടെ ഓഹരികളില്‍ കനത്ത ഇടിവാണുണ്ടായത്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 52 ആഴ്ചയിലെ ഏറ്റവും കുറഞ്ഞ തലത്തിലെത്തിയ ദിവസം കൂടിയാണിന്ന്. പിന്നീട് നിലമെച്ചപ്പെടുത്തിയെങ്കിലും ഇന്നലത്തേതിനേക്കാള്‍ നാല് ശതമാനം വിലയിടിവാണ് രേഖപ്പെടുത്തിയത്.
നിഫ്റ്റിയിലെ എല്ലാ സെക്ടറല്‍ സൂചികകളും ഇടിവ് രേഖപ്പെടുത്തി.
പിടിച്ചുനിന്നത് അഞ്ച് കേരള കമ്പനികള്‍ മാത്രം
ബാങ്കിംഗ്, ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികള്‍, സാമ്പത്തിക സേവന കമ്പനികള്‍ എന്നിവയെടുത്താല്‍ ഇന്ന് കേരള കമ്പനികളില്‍ തകരാതെ നിന്നത് മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസാണ്. ഇന്നലത്തേതിനേക്കാള്‍ 2.45 ശതമാനം വില ഇന്ന് ഉയരുകയും ചെയ്തു.
അതേസമയം മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം, ജിയോജിത് എന്നിവയുടെ വിലകളെല്ലാം ഇടിവ് രേഖപ്പെടുത്തി.
മുത്തൂറ്റ് കാപ്പിറ്റലിന് പുറമേ നിറ്റ ജലാറ്റിന്‍, കിറ്റെക്‌സ്, ഫാക്ട്, ഈസ്റ്റേണ്‍ ട്രെഡ്‌സ് എന്നിവ മാത്രമാണ് ഇന്ന് വില കുറവ് രേഖപ്പെടുത്താതിരുന്നത്.
ലോക്ക്ഡൗണ്‍ സംബന്ധിച്ച അനിശ്ചിതാവസ്ഥകള്‍ തുടരുന്നത് വരും ദിവസങ്ങളില്‍ വിപണിയെ കലുഷിതമാക്കാന്‍ തന്നെയാണ് സാധ്യത.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline