റിസര്‍വ് ബാങ്ക് നയം: വിപണി ഇന്ന് നേട്ടത്തില്‍

റിസര്‍വ് ബാങ്കിന്റെ പുതിയ നയങ്ങള്‍ ഓഹരി വിപണിയെ അനുകൂലമായി സ്വാധീനിച്ച ദിവസമാണിന്ന്. റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ മാറ്റം വരുത്താതെ, എംഎസ്എംഎ വായ്പാ പുനഃക്രമീകരണത്തിന് കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കിയ, സ്വര്‍ണവായ്പയുടെ എല്‍ ടി വി ഉയര്‍ത്തിയ റിസര്‍വ് ബാങ്ക് നീക്കങ്ങള്‍ വിപണിക്ക് ഇന്ന് മുന്നോട്ടുള്ള പ്രചോദനമായി.

സ്വര്‍ണത്തിന്റെ വിപണി മൂല്യത്തിന്റെ 90 ശതമാനം വരെ വായ്പ നല്‍കാമെന്ന റിസര്‍വ് ബാങ്കിന്റെ പ്രഖ്യാപനം സ്വര്‍ണപ്പണയ രംഗത്ത് സജീവമായുള്ള ബാങ്കുകള്‍ക്ക് ഗുണകരമാകും. നേരത്തെ സ്വര്‍ണവിലയുടെ 75 ശതമാനം മാത്രമായിരുന്നു സ്വര്‍ണപ്പണയ വായ്പയായി നല്‍കാന്‍ അനുമതിയുണ്ടായിരുന്നുള്ളൂ.

സെന്‍സെക്‌സ് 362 പോയ്ന്റ് ഉയര്‍ന്ന് 38,025ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 98.5 പോയ്ന്റ് ഉയര്‍ന്ന് 11,200ല്‍ ക്ലോസ് ചെയ്തു.

ഇന്‍ഫോസിസ്, എച്ച് ഡി എഫ് സി ബാങ്ക്, ടി സി എസ്, ഐസിഐസിഐ ബാങ്ക് എന്നിവരാണ് ഇന്ന് വിപണിയുടെ മുന്നേറ്റത്തിന് പിന്‍ബലം നല്‍കിയ ഓഹരികള്‍.

അമേരിക്കന്‍ ഉത്തേജക പാക്കേജിന് നിക്ഷേപകര്‍ കാത്തുനില്‍ക്കുന്നതും ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക വ്യവസ്ഥയായ അമേരിക്കന്‍ സമ്പദ് വ്യവസ്ഥയുടെ പുനരുജ്ജീവനത്തിന് കാലതാമസമെടുക്കുമെന്ന സൂചനകളും ആഗോള ഓഹരി വിപണികളില്‍ ചലനമുണ്ടാക്കുന്നുണ്ട്. എണ്ണ വില റെക്കോര്‍ഡ് തിരുത്തി മുന്നേറുകയാണ്.

കേരള കമ്പനികളുടെ പ്രകടനം

സ്വര്‍ണത്തിന്റെ വിപണി മൂല്യത്തിന്റെ 90 ശതമാനത്തോളം വായ്പയായി നല്‍കാമെന്ന റിസര്‍വ് ബാങ്ക് നയം ദക്ഷിണേന്ത്യ കേന്ദ്രമായുള്ള ബാങ്കുകള്‍ക്കും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഗുണകരമാകുമെന്ന് ഒരു വിഭാഗം വിപണി നിരീക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നുവെങ്കിലും ഇന്ന് കേരളത്തിലെ എന്‍ ബി എഫ് സികളുടെയെല്ലാം വിലകള്‍ ഇന്നലെത്തേതിനേക്കാള്‍ താഴ്ന്ന തലത്തിലാണ് ക്ലോസ് ചെയ്ത്. ബാങ്കിംഗ് ഓഹരികളില്‍ ധനലക്ഷ്മി ബാങ്ക് ഒഴികെ ബാക്കിയെല്ലാം ഗ്രീന്‍ സോണിലാണ്. സിഎസ്ബി ബാങ്ക് ഓഹരി വില അഞ്ചു ശതമാനത്തിലേറെ ഉയര്‍ന്നു. ജിയോജിത് ഓഹരി വില ഇന്നും ഉയര്‍ന്നു. വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സാണ് ഇന്ന് കാര്യമായ നേട്ടമുണ്ടാക്കിയ മറ്റൊരു ഓഹരി. റബ്ഫില ഇന്റര്‍നാഷണലിന്റെ ഓഹരി വിലയില്‍ ആറുശതമാനത്തിന്റെ ഉയര്‍ച്ചയുണ്ടായി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it