നാലാം ദിനവും വിപണിയില്‍ ഉയര്‍ച്ച; സെന്‍സെക്‌സ് 601 പോയ്ന്റ് ഉയര്‍ന്നു, നിഫ്റ്റി 11,662 പോയ്ന്റില്‍

ഇന്ത്യന്‍ ഓഹരി വിപണി തുടര്‍ച്ചയായ നാലാം ദിവസവും ഉയര്‍ച്ച നേടി. ബ്ലൂചിപ് ഓഹരികളില്‍ മികച്ച വാങ്ങാലുണ്ടായതാണ് വിപണിയെ നേട്ടം നിലനിര്‍ത്താന്‍ സഹായിച്ചത്.
സെന്‍സെക്‌സ് ഇന്ന് 601 പോയ്ന്റ്(1.54 ശതമാനം) ഉയര്‍ന്ന് 39,575 ലെത്തി. നിഫ്റ്റി 159 പോയ്ന്റ്(1.38 ശതമാനം) ഉയര്‍ന്ന് 11,662 ആയി.

എച്ച്ഡിഎഫ്‌സി(8.35 ശതമാനം), ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്(3.44 ശതമാനം), മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര(3.42 ശതമാനം), ഏഷ്യന്‍ പെയ്ന്റ്‌സ്(3.16 ശതമാനം) തുടങ്ങിയ ഓഹരികളാണ് മുഖ്യമായും നേട്ടമുണ്ടാക്കിയത്.
ടാറ്റ സ്റ്റീലാണ് ഇന്ന് നഷ്ടമുണ്ടാക്കിയ ഓഹരികളില്‍ മുന്നില്‍. റിലയന്‍സ്, സണ്‍ഫാര്‍മ, നെസ് ലെ ഇന്ത്യ, എല്‍ &ടി, എന്‍ടിപിസി എന്നിവയും നഷ്ടത്തിലായിരുന്നു.

ബിഎസ്ഇ മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് വിഭാഗങ്ങള്‍ യഥാക്രമം 0.59 ശതമാനം, 0.55 ശതമാനം ഉയര്‍ന്നു.

ഏഷ്യന്‍ വിപണികള്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിലെ ഉയര്‍ന്ന നിലവാരത്തിലാണ്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ട്രംപ് ആശുപത്രി വിട്ടതും യുഎസ് ഉത്തേജക പാക്കേജിനെ കുറിച്ചുള്ള പ്രതീക്ഷകളുമാണ് വിപണികളില്‍ ഉണര്‍വുണ്ടാക്കിയത്.

യൂറോപ്യന്‍ വിപണികള്‍ പക്ഷേ രണ്ടാഴ്ചത്തെ ഉയര്‍ന്ന നിലവാരത്തില്‍ നിന്ന് താഴേക്ക് പോന്നു. ടെക്‌നോളജി, ഹെല്‍ത്ത് കെയര്‍ ഓഹരികളില്‍ വില്‍പ്പന നേരിട്ടതാണ് കാരണം. ഒപ്പം കോര്‍പ്പേറ്റ് മേഖലയില്‍ നിന്നുള്ള സമ്മിശ്ര വാര്‍ത്തകളും വിപണിയുടെ തിളക്കം കുറച്ചു.

കമ്മോഡിറ്റി, ഓയ്ല്‍ വിലകളും ഇന്ന് ഉയര്‍ച്ചയിലായിരുന്നു.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികളില്‍ ഇന്ന് സമ്മിശ്രപ്രകടനമായിരുന്നു. ഏഴു ശതമാനത്തിലധികം വില ഉയര്‍ന്ന കിറ്റെക്‌സാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയ ഓഹരി.
വിക്ടറി പേപ്പര്‍, കേരള ആയുര്‍വേദ തുടങ്ങിയ ഓഹരി വിലകളും ഉയര്‍ന്നു.
ബാങ്ക്- ധനകാര്യ ഓഹരികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടത്തിലായിരുന്നു. ധനലക്ഷ്മി ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി വിലകള്‍ മാത്രമാണ് താഴേക്ക് പോയത്.

അപ്പോളോ ടയേഴ്‌സ്, ആസ്റ്റര്‍ ഡിഎം, ഹാരിസണ്‍സ് മലയാളം, കിറ്റെക്‌സ്, റബ്ഫില, തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ മറ്റ് ഓഹരികള്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it