ആറാം ദിനവും ഉയര്‍ന്ന് വിപണി; ഐടി ഓഹരികള്‍ കരുത്തായി,സെന്‍സെക്‌സ് 40000 കടന്നു

ഐടി ഓഹരികള്‍ക്കൊപ്പമായിരുന്നു ഇന്ന് ഇന്ത്യന്‍ ഓഹരി വിപണിയുടെ ഉയര്‍ച്ച. സെന്‍സെക്‌സ് 300.72 പോയ്ന്റ് ഉയര്‍ന്ന് 40,182.67 ല്‍ എത്തി. ഫെബ്രുവരി 25 ന് ശേഷം ഇതാദ്യമായാണ് സെന്‍സെക്‌സ് 40000 കടക്കുന്നത്. നിഫ്റ്റി 97.75 പോയ്ന്റ് ഉയര്‍ന്ന് 11,834.60 ലുമെത്തി.
ആഗോളവിപണികളുടെ ചുവടുപിടിച്ച് ബുള്ളുകള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ പിടിമുറുക്കുകയായിരുന്നു.

ടിസിഎസിന്റെ കരുത്തില്‍ മുന്നേറി ഐടി ഓഹരികള്‍

ടിസിഎസിന്റെ മികച്ച പാദഫല റിപ്പോര്‍ട്ടുകളാണ് ഐടി ഓഹരികളെ ഉയര്‍ത്തിയത്. രണ്ടാം പാദഫലങ്ങളും ബൈ ബാക്ക് പ്രഖ്യാപനവും ഉണ്ടായതിനു പിന്നാലെ ടിസിഎസിന്റെ ഓഹരി വില ഇന്ന് മൂന്നു ശതമാനം ഉയര്‍ന്നു. വിപ്രോ ഓഹരിയാണ് നിഫ്റ്റിയിലെ ടോപ് ഗെയ്‌നര്‍. ടിസിഎസിനു പിന്നാലെ ഓഹരികള്‍ തിരിച്ചു വാങ്ങാന്‍ വിപ്രോയുടെ ബോര്‍ഡും തീരുമാനിച്ചത് കമ്പനിയുടെ ഓഹരി വില ഏഴ് ശതമാനത്തോളം വര്‍ധിപ്പിച്ചു. യുഎസ് ആസ്ഥാനമായ അനലറ്റിക്‌സ് സ്ഥാപനത്തെ 125 ദശലക്ഷം ഡോളറിന് ഏറ്റെടുത്ത വാര്‍ത്തകള്‍ വന്നതോടെ ഇന്‍ഫോസിസ് ഓഹരി വില മൂന്നു ശതമാനത്തോളം ഉയര്‍ന്നു.ഫാര്‍മ സെക്ടറും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. സിപ്ല, അള്‍ട്ര ടെക് സിമന്റ്‌സ്, എച്ച്‌സിഎല്‍ ടെക്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ രണ്ടു മുതല്‍ 5 ശതമാനം വരെ ഉയര്‍ച്ച നേടി.

നാളെ വിപണി നോക്കുന്നത് ഇക്കാര്യങ്ങള്‍

നാളെ നടക്കുന്ന എംപിസി (മോണിറ്ററി പോളിസി കമ്മിറ്റി)മീറ്റിംഗിലാണ് നിക്ഷേപകര്‍ ഇനി നോക്കുന്നത്. വളര്‍ച്ച, മോറട്ടോറിയം, ഇന്‍ഫ്‌ളേഷന്‍ എന്നിവയെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ വിപണി ശ്രദ്ധിക്കും. എന്നാല്‍ നിരക്കുകളില്‍ മാറ്റം വരുത്താനുള്ള സാധ്യതയില്ലെന്നാണ് വിദഗ്ധര്‍ നരീക്ഷിക്കുന്നത്.
സ്റ്റീല്‍ സ്ട്രിപ് വീല്‍സ്, ഇന്റഗ്രേറ്റഡ് കാപിറ്റല്‍, ഇന്ത്യന്‍ അക്രിലിക്‌സ്, രാഷ്ട്രിയ കെമിക്കല്‍സ് തുടങ്ങിയ ചില കമ്പനികളുടെ പാദഫലങ്ങളും നാളെ വരും. ആര്‍ബിഎ വായ്പാ വളര്‍ച്ച, നിക്ഷേപ വളര്‍ച്ച, ഫോറെക്‌സ് റിസര്‍വ് ഡേറ്റകളും പുറത്തുവിടുന്നുണ്ട്.

കേരള കമ്പനി ഓഹരികള്‍ മങ്ങി മങ്ങി

കേരള കമ്പനികളുടെ ഓഹരികളില്‍ വെറും എട്ടെണ്ണം മാത്രമാണ് ഇന്ന് ഗ്രീന്‍ സോണില്‍ നിലനിന്നത്. ബാങ്ക് ഓഹരികളില്‍ ഫെഡറല്‍ ബാങ്കും സൗത്ത് ഇന്ത്യന്‍ ബാങ്കും ഒരു ശതമാനത്തിനു മേല്‍ വില വര്‍ധന നേടി. ജെആര്‍ജി ഓഹരി വില നാലു ശതമാനത്തിനു മുകളില്‍ ഉയര്‍ന്നപ്പോള്‍ ജിയോജിത് ഓഹരികള്‍ നേരിയ നേട്ടത്തില്‍ നിലനിന്നു. ധനകാര്യ മേഖലയിലെ മറ്റെല്ലാം ഓഹരികളും നഷ്ടത്തിലായിരുന്നു. ഈസ്‌റ്റേണ്‍ ട്രെഡ്‌സ്, വെര്‍ട്ടെക്‌സ്, അപ്പോളോ ടയേഴ്‌സ്, ഏവിടി എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റ് കമ്പനികള്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it