വില്‍പ്പന സമ്മര്‍ദ്ദം; സെന്‍സെക്‌സ് 660 പോയ്ന്റ് നഷ്ടത്തില്‍

വ്യാപകമായ വില്‍പ്പന സമ്മര്‍ദ്ദം വിപണിയെ നഷ്ടത്തിലേക്ക് നയിച്ചു. നിക്ഷേപകര്‍ ലാഭമെടുപ്പ് തുടര്‍ന്നതോടെ സെന്‍സെക്‌സ് 660.63 പോയ്ന്റ് താഴ്ന്ന് 36033.06 ലും നിഫ്റ്റി 195.30 പോയ്ന്റ് നഷ്ടത്തില്‍ 10,607.40 ലുമാണ് ചൊവ്വാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.
കോവിഡ് കേസുകള്‍ ഇന്ന് ഒന്‍പതു ലക്ഷം കടന്നതും പുതുതായി 28,498 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതും 24 മണിക്കൂറിനിടെ 553 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതും നിക്ഷേപകരുടെ സെന്റിമെന്റ്‌സിനെ ബാധിച്ചു. ഒപ്പം ആഗോള വിപണികളിലെ നഷ്ടവും യുഎസ് ചൈന തര്‍ക്കങ്ങളും വിപണിയെ സ്വാധീനിച്ചു.
ഫാര്‍മ ഒഴികെയുള്ള എല്ലാ സെക്ടറുകളും നഷ്ടത്തിലായിരുന്നു. നിഫ്റ്റി ബാങ്ക് ഇന്‍ഡകെസ് 4 ശതകമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി. ഫിനാന്‍ഷ്യല്‍ സര്‍വീസസ്, മെറ്റല്‍ സൂചികകള്‍ മൂന്നു ശതമാനത്തിലധികം ഇടിഞ്ഞു. നിഫ്റ്റി ബാങ്ക് സൂചികകളിലെ 12 ബാങ്കിംഗ് ഓഹരികളും ഇടിവിലായിരുന്നു. ആര്‍ബിഎല്‍ ബാങ്ക്, ബന്ദന്‍ ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് തുടങ്ങിയവ നാലു മുതല്‍ എട്ട് ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പാസഞ്ചര്‍ വാഹന വിപണി 49.59 ശതമാനം ഇടിഞ്ഞുവെന്ന് ഓട്ടോ മൊബൈല്‍ മാനുഫാക്ചറേഴ്‌സ് സൊസൈറ്റി(SIAM) റിപ്പോര്‍ട്ടുകള്‍ വന്നതോടെ വാഹന ഓഹരികളിലും വില്‍പ്പന സമ്മര്‍ദ്ദം ദൃശ്യമായി.
സെന്‍സെക്‌സിലെ 30 ഓഹരികളില്‍ 27 എണ്ണവും ഇന്ന് നഷ്ടത്തിലായിരുന്നു. എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക്, ഐടിസി എന്നീ ഓഹരികളിലെ ഇടിവ് സെന്‍സെക്‌സിലും പ്രതിഫലിക്കുകയായിരുന്നു. ജിയോപ്ലാറ്റ്‌ഫോമില്‍ ഗൂഗ്ള്‍ 400 കോടി ഡോളര്‍ നിക്ഷേപിക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്കിടയിലും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ ഇന്ന് 0.981 ശതമാനം ഇടിഞ്ഞു. നാളെ റിലയന്‍സ് ഇന്‍ഡസ്ട്രീന്റെ 43-ാമത് വാര്‍ഷിക പൊതുയോഗം(എജിഎം) നടക്കാനിരിക്കെയാണ് ഈ ഇടിവ്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline