ഓഹരി വിപണി; പുതിയ വാരത്തില്‍ നഷ്ടത്തോടെ തുടക്കം

പുതിയ വ്യാപാര ആഴ്ച ഓഹരി വിപണിക്ക് നഷ്ടത്തോടെ തുടക്കം. ബാങ്കിംഗ്, ധനകാര്യ ഓഹരികളിലെ കനത്ത വില്‍പ്പനയെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി സൂചികകള്‍ തിങ്കളാഴ്ച രണ്ടു ശതമാനത്തിനടുത്ത് ഇടിവ് രേഖപ്പെടുത്തി. രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം വര്‍ധിച്ചതും ചൈനയില്‍ രണ്ടാം ഘട്ട വ്യാപനത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വന്നതുമാണ് വിപണിയെ ബാധിച്ചത്. ആഗോള വിപണികളിലും ഇടിവ് പ്രകടമായിരുന്നു. സെന്‍സെക്‌സ് 552.09 പോയ്ന്റ് ഇടിഞ്ഞ് 33.228.80 ലും നിഫ്റ്റി 159.20 പോയ്ന്റ് അഥവാ 1.60 ശതമാനം ഇടിഞ്ഞ് 9813.70 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഏഴു ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തിയ ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഓഹരികളാണ് സെന്‍സെക്‌സിലെ ടോപ് ലോസര്‍. ആക്‌സിസ് ബാങ്ക്, ബജാജ് ഫിനാന്‍സ്, എന്‍ടിപിസി, ഐസിഐസിഐ ബാങ്ക് എന്നീ ഓഹരികളും ഇന്ന് നഷ്ടത്തിലായിരുന്നു.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്‌സിഎല്‍ ടെക്, സണ്‍ഫാര്‍മ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഒഎന്‍ജിസി എന്നീ ഓഹരികളാണ് നേട്ടമുണ്ടാക്കിയവയില്‍ മുന്നില്‍.
ഫാര്‍മ, പൊതുമേഖലാ ബാങ്ക് സൂചിക ഒഴികെയുള്ള എല്ലാ സെക്ടറല്‍ സൂചികകളും നഷ്ടത്തിലായിരുന്നു. ബിഎസ്ഇ ബാങ്കെക്‌സ്, ബിഎസ്ഇ ഫിനാന്‍സ് സൂചികകള്‍ 3-4 ശതമാനം നഷ്ടമുണ്ടാക്കി. ബിഎസ്ഇ മിഡ് കാപ് സൂചികകള്‍ ഒരു ശതമാനം ഇടിഞ്ഞു.

ജിയോജിത്, ജെആര്‍ജി, കൊച്ചിന്‍ മിനറല്‍സ് മുന്നിട്ടു നിന്നു

കേരള കമ്പനികളില്‍ കൊച്ചിന്‍ ഷിപ് യാര്‍ഡും ഹാരിസണ്‍സ് മലയാളവും ഉള്‍പ്പെടെ 11 ഓഹരികള്‍ ഇന്ന് നഷ്ടത്തിലായിരുന്നു. ധനകാര്യമേഖലാ ഓഹരിയായ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസാണ് കേരള കമ്പനികളില്‍ ഇന്ന് ശതമാനക്കണക്കില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ച നേടിയത്. കമ്പനിയുടെ ഓഹരി വില 15.95 ശതമാനം വര്‍ധിച്ച് 26.90 രൂപയായി. ജെആര്‍ജിയുടെ ഓഹരി വില 7.36 ശതമാനം നേട്ടമുണ്ടാക്കി.

കേരള ബാങ്കുകളുടെ പ്രകടനം നോക്കുകയാണെങ്കില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കും സിഎസ്ബി ബാങ്കും ഇന്ന് ഗ്രീന്‍ സോണിലായിരുന്നു. സിഎസ്ബി ബാങ്കിന്റെ ഓഹരി വില 3.78 ശതമാനം വര്‍ധിച്ച് 139.95 രൂപയും സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഓഹരിവില 3.27ശതമാനം വര്‍ധിച്ച് 6.94 രൂപയുമായി. ധനലക്ഷ്മി ബാങ്ക്ഓഹരി 1.26 ശതമാനവുംഫെഡറല്‍ ബാങ്ക് ഓഹരി വില 4.71 ശതമാനവും ഇടിവ് രേഖപ്പെടുത്തി. കേരളം ആസ്ഥാനമായുള്ള എന്‍ബിഎഫ്‌സികളെല്ലാം തന്നെ നഷ്ടത്തിലായിരുന്നു.

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് ഓഹരി വില 4.09 ശതമാനം ഇടിഞ്ഞ് 383.25 രൂപയും മണപ്പുറം ഫിനാന്‍സ് ഓഹരി വില 3.26 ശതമാനം ഇടിഞ്ഞ്
141.05 രൂപയും മുത്തൂറ്റ് ഫിനാന്‍സ് ഓഹരി വില 2.59 ശതമാനം ഇടിഞ്ഞ് 954.30 രൂപയുമായി.

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ ഓഹരികള്‍ ഇന്ന് മികച്ചു നിന്നു. കമ്പനിയുടെ ഓഹരി വില 8.05 ശതമാനം വര്‍ധിച്ച് 127.50 രൂപയായി. ഈസ്റ്റേണ്‍ ട്രെഡ്സ് (4.96 ശതമാനം), പാറ്റ്സ്പിന്‍ ഇന്ത്യ(4.81 ശതമാനം)കേരള ആയുര്‍വേദ(1.52 ശതമാനം), നിറ്റ ജലാറ്റിന്‍ (1.34 ശതമാനം), വെര്‍ട്ടെക്സ് സെക്യൂരിറ്റീസ്(1.23 ശതമാനം), എവിറ്റി (0.54 ശതമാനം), അപ്പോളോ ടയേഴ്സ് (0.52ശതമാനം), കിറ്റെക്സ് (0.47 ശതമാനം), ആസ്റ്റര്‍ ഡി എം(0.40 ശതമാനം) എന്നിവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ ഓഹരികള്‍.

എഫ്എസിടി, കെഎസ്ഇ ഓഹരികളുടെ വിലയില്‍ ഇന്ന് മാറ്റമുണ്ടായില്ല.
വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്സ് (3.74 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (1.07 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്സ് (1.25 ശതമാനം) , റബ്ഫില ഇന്റര്‍നാഷണല്‍ (1.08 ശതമാനം) എന്നിവയാണ് നഷ്ടം രേഖപ്പെടുത്തിയ മറ്റ് ഓഹരികള്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it